കൊടുംചൂടിൽ നിങ്ങളുടെ അരുമമൃഗങ്ങളെ മറക്കരുതേ.. അതീവ ശ്രദ്ധ പുലർത്തണമെന്ന് നിർദ്ദേശം

കടുത്ത ചൂടില്‍ നിന്നും,ഉഷ്ണതരംഗത്തില്‍ നിന്നും സുരക്ഷിതരാവാന്‍ നാം പല മാര്‍ഗ്ഗങ്ങളും സ്വീകരിക്കാറുണ്ട്. എന്നാല്‍ ഇതേ ശ്രദ്ധ നാം വീടുകളില്‍ വളര്‍ത്തുന്ന നമ്മുടെ അരുമമൃഗങ്ങളെക്കുറിച്ചും ഉണ്ടാവണമെന്നാണ് മൃഗപരിപാലന രംഗത്തെ വിദഗ്ദര്‍ നിര്‍ദ്ദേശിക്കുന്നത്.

മൃഗങ്ങളില്‍ താപാഘാതം ഏല്‍ക്കുന്നുണ്ടോ എന്നത് സംബന്ധിച്ച് കൃത്യമായി നിരീക്ഷിക്കണമെന്ന് വെറ്റിനറി സര്‍ജ്ജനായ Dr Fern Holden കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചു. പഗ്, ഇംഗ്ലീഷ് ബുള്‍ഡോഗ്, ബോക്സര്‍, ഫ്രഞ്ച് ബുള്‍ഡോഗ്, പോമറേനിയന്‍ തുടങ്ങിയ ബ്രീഡുകളിലുള്ള വളര്‍ത്തുനായകള്‍ക്കും, അതുപോലെ തന്നെ വളരെ പ്രായമായതും ചെറുപ്പമായതുമായ നായകള്‍, അമിതഭാരമുള്ള നായകള്‍, നീളമുള്ള രോമമുള്ളതോ, ഭാരമുള്ളതോ ആയ ഇനങ്ങള്‍ എന്നിവയ്ക് താപാഘാതം ഏല്‍ക്കാന്‍ സാധ്യത കൂടുതലാണെന്നും Fern Holden പറഞ്ഞു.. താപാഘാതം ചിലപ്പോള്‍ അവയുടെ മരണത്തിന് വരെ കാരണമായേക്കാമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

വളര്‍ത്തുമ‍ൃഗങ്ങള്‍ നല്ല തണലിലാണ് നില്‍ക്കുന്നതെന്നും, ആവശ്യത്തിന് വെള്ളം കുടിക്കുന്നുവെന്നും ഉടമസ്ഥര്‍ ഉറപ്പുവരുത്തണം. ചൂട് കുറഞ്ഞ സമയങ്ങളില്‍ മാത്രം അവയെ നടത്താനായി പുറത്തിറക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും അവര്‍ നല്‍കിയിട്ടുണ്ട്.

നായകള്‍ക്ക് അവയുടെ ശരീരതാപനില നിയന്ത്രിക്കാനുള്ള കഴിവില്ലെന്നും, അതുകൊണ്ടുതന്നെ താപാഘാതം അവയെ വലിയ അപകടത്തിലേക്ക് തള്ളിവിടുമെന്നുമാണ് വളര്‍ത്തുനായകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ Dogs Trust നല്‍കുന്ന മുന്നറിയിപ്പ്. കാറുകളില്‍ വളര്‍ത്തുമൃഗങ്ങളെ തനിച്ചാക്കി പോവരുതെന്നും സംഘടന നിര്‍ദ്ദേശിച്ചു. 22 ഡിഗ്രീ സെല്‍ഷ്യസ് അന്തരീക്ഷ താപനിലയുള്ളപ്പോള്‍ പോലും കാറുകള്‍ക്കുള്ളില്‍ 10 മിനിറ്റ് കൊണ്ട് 11 ഡിഗ്രീ വരെ താപനില വര്‍ദ്ധിക്കാം എന്നാണ് സംഘടനയുടെ മുന്നറിയിപ്പ്. കാറിന്റെ വിന്‍ഡോ തുറന്നിടുന്നതിലൂടെയും, തണലുള്ള സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യുന്നതിലൂടെയും ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാമെന്നും Dogs Trust നിര്‍ദ്ദേശിച്ചു.

വളര്‍ത്തുമൃഗങ്ങളെ നടത്തുന്ന പ്രതലം ചൂട് കൂടിയവയാണോ എന്നറിയാന്‍ ഉടമസ്ഥര്‍ക്ക് തന്നെ കൈവച്ച് പരിശോധിക്കാവുന്നതാണെന്നും Dogs Trust അധികൃതര്‍ പറഞ്ഞു. അഞ്ച് സെക്കന്റ് നേരം ഈ പ്രതലത്തില്‍ കൈവയ്ക്കുമ്പോള്‍ കൈയ്യില്‍ വലിയ ചൂട് അനുഭവപ്പെടുകയാണെങ്കില്‍ ഈ പ്രതലത്തിലൂടെ അവയെ നടത്താന്‍ പാടില്ല എന്നാണ് Dogs Trust ന്റെ നിര്‍ദ്ദേശം.

കനത്ത ചൂടിനെത്തുടര്‍ന്ന് വളര്‍ത്തുമൃഗങ്ങള്‍ എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥത പ്രകടമാക്കുകയാണെങ്കില്‍ അവയെ ഉടന്‍ തന്നെ തണലിലേക്ക് മാറ്റുകയും, ഇളം തണുപ്പ് വെള്ളം അവയുടെ ദേഹത്തേക്ക് സ്പ്രേ ചെയ്യുകയും ചെയ്ത ശേഷം കുടിക്കാന്‍ അല്‍പം വെള്ളവും നല്‍കണമെന്ന് The Irish Society for the Prevention of Cruelty to Animals (ISPCA) നിര്‍ദ്ദേശിച്ചു. ഇതിന് ശേഷം നിങ്ങളുടെ വെറ്റിനറി ഡോക്ടറെ വിവരമറിയിക്കുകയും വേണം. അമിതമായ കിതപ്പ്, ആലസ്യം, ഹൃദയമിടിപ്പ് കൂടല്‍ എന്നിവയാണ് ചൂടു കൂടുമ്പോള്‍ വളര്‍ത്തുമൃഗങ്ങള്‍ പ്രകടമാക്കുന്ന ലക്ഷണങ്ങള്‍.

Share this news

Leave a Reply

%d bloggers like this: