“വൈവിധ്യത ഇന്ത്യയുടെ ശക്തി ; ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്” – പ്രധാനമന്ത്രി

ഭാരതം ജനാധിപത്യത്തിന്റെ മാതാവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ചെങ്കോട്ടയില്‍ പതാകയുയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 75 വര്‍ഷത്തെ യാത്രയില്‍ ധാരാളം വെല്ലുവിളികളെ രാജ്യം നേരിട്ടതായും, ഇന്ത്യയുടെ സവിശേഷമായ കഴിവുകള്‍ തെളിയിക്കാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ശക്തി അതിന്റെ വൈവിധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.

കൂട്ടായ മനോഭവത്തിലൂടെ മാറ്റങ്ങള്‍ കൊണ്ടുവരുന്ന-അഭിലാഷമുള്ളവരുടെ സമൂഹമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശുഭകരമായ മാറ്റങ്ങള്‍ രാജ്യത്ത് കൊണ്ടുവരാനും, അതിലേക്ക് സംഭാവന ചെയ്യാനും ആഗ്രഹിക്കുന്ന സമൂഹമാണ് ഇന്ത്യയിലേത്- അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ അതിനായി പോരാടിയവരുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കണം, കൊളോണിയസത്തിന്റെ എല്ലാ അടയാളങ്ങളെയും ഒഴിവാക്കിക്കൊണ്ട് ഒരു വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കെത്തണമെന്നും അദ്ദേഹം പറഞ്ഞു. വരുന്ന 25 വര്‍ഷക്കാലം ഇന്ത്യ പാലിക്കേണ്ട അഞ്ച് പ്രതി‍ജ്ഞകളെ ‘പഞ്ച പ്രാണ്‍’ എന്ന പേരിലാണ് അദ്ദേഹം അവതരിപ്പിച്ചത്. വികസിത ഭാരതം, അടിമത്ത മനോഭാവം അവസാനിപ്പിക്കുക, ഇന്ത്യയുടെ പൈതൃകത്തില്‍ അഭിമാനം കെള്ളുക, ഏകത, പൌരധര്‍മ്മം എന്നിവയാണ് അവ.

ലിംഗസമത്വത്തിന്റെ പ്രാധാന്യം സംബന്ധിച്ചും പ്രധാനമന്ത്രി അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ആണ്‍മക്കളെയും പെണ്‍മക്കളെയും ഒരു പോലെ കാണാന്‍ കഴിയുന്നില്ലെങ്കില്‍ അത് സമത്വമാവില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. സ്ത്രീകള്‍ക്കെതിരായ അനാദരവ് ഒഴിവാക്കുമെന്ന് എല്ലാ ഇന്ത്യക്കാരും പ്രതിജ്ഞ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയിലൂടെ രാജ്യത്ത് സ്റ്റാര്‍ട് അപ്പുകള്‍ വര്‍ദ്ധിക്കുന്നു, എല്ലാ നഗരങ്ങളില്‍ നിന്നും കഴിവുള്ള ധാരാളം ആളുകള്‍ ഉയര്‍ന്നുവരികയാണ്, എല്ലാവരും സ്വന്തം കഴിവുകളില്‍ വിശ്വാസമര്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. പൂര്‍വ്വികരായി നമുക്ക് സമ്മാനിച്ച ഇന്ത്യയിലെ എല്ലാ ഭാഷകളെയും ഒരുപോലെ ബഹുമാനിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: