അയർലൻഡിലെ പൊതുമേഖല ജീവനക്കാരുടെ ശമ്പള വർദ്ധന; ചർച്ചയിൽ പുതുക്കിയ ഓഫർ മുന്നോട്ട് വച്ച് സർക്കാർ

അയർലൻഡിലെ പൊതുമേഖല ജീവനക്കാരുടെ ശമ്പള വർദ്ധനയിൽ തീരുമാനമെടുക്കാൻ ഇന്ന് നടന്ന ചർച്ചയിൽ പുതുക്കിയ ഓഫർ മുന്നോട്ട് വച്ച് സർക്കാർ. രണ്ടുവർഷത്തിനുള്ളിൽ 6.5 % ശമ്പള വർദ്ധനവെന്ന പരിഷ്കരിച്ച വാഗ്ദാനമാണ് സർക്കാർ യൂണിയനുകൾക്ക് മുന്നിൽ വച്ചിരിക്കുന്നത്.

രണ്ടുവർഷത്തിനുള്ളിൽ 5% ശമ്പള വർദ്ധനവെന്ന സർക്കാർ വാഗ്ദാനം ജൂണിൽ നടന്ന ചർച്ചയിൽ യൂണിയനുകൾ നിരസിച്ചിരുന്നു. നിലവിലെ ജീവിത ചെലവ് വർധനവിന്റെ പശ്ചാത്തലത്തിൽ 5% ശമ്പള വർദ്ധനവ് വളരെ കുറവാണെന്നും പറഞ്ഞാണ് യൂണിയനുകളും സ്റ്റാഫ് അസോസിയേഷനുകളും ഈ വാഗ്ദാനം നിരസിച്ചത് ഇതോടെ ജൂണിലെ ചർച്ചകൾ സമവായമാകാതെ പിരിയുകയായിരുന്നു.

രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ചർച്ചകൾ പുനരാരംഭിക്കുമ്പോഴും മെച്ചപ്പെട്ട ശമ്പള വർദ്ധനവ് ആവശ്യമാണെന്ന നിലപാട് യൂണിയനുകൾ ആവർത്തിക്കുകയായിരുന്നു.ഗവൺമെന്റിൽ നിന്ന് സ്വീകാര്യമായ ശമ്പള വർധന ഉണ്ടായില്ലെങ്കിൽ പണിമുടക്ക് അടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കുമെന്ന് Irish Nurses and Midwives Organisation (INMO) പോലെയുള്ള സംഘടനകൾ മുന്നറിയിപ്പ് നൽകിയതോടെ സർക്കാർ ചർച്ചയ്ക്ക് വീണ്ടും തയ്യാറായതിന്റെ ഭാഗമായാണ് ചർച്ച പുനരാരംഭിച്ചത്.

ശമ്പള വർധനയുടെ പുതുക്കിയ ഓഫർ പ്രകാരം മുൻകാല പ്രാബല്യത്തോടെ (2022 ഫെബ്രുവരി 2 മുതൽ) 3% വർധനവും , 2023 മാർച്ച് 1 മുതൽ 2% വും, 2023 ഒക്ടോബർ 1 മുതൽ 1.5% മോ അല്ലെങ്കിൽ €750 (ഏതാണ് വലുത് അത്) എന്നിങ്ങനെയുള്ള ശമ്പള വർദ്ധനവ് ഉണ്ടായിരിക്കും.

സർക്കാരിന്റെ പരിഷ്കരിച്ച വാഗ്ദാനം സ്വീകരിക്കണോ വേണ്ടയോ എന്നതിനെക്കുറിച്ച് യൂണിയനുകൾ കൂടിയാലോചിച്ച് ഒരു കൂട്ടായ തീരുമാനം എടുക്കുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം പുതിയ ഓഫർ ന്യായമായ ശമ്പള വർദ്ധനവ് വരുത്തുമെന്നും അതിനാൽ ഇത് അംഗീകരിക്കണമെന്നും യൂണിയൻ അംഗങ്ങളോട് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ അഭ്യർത്ഥിച്ചു.

“ഉക്രെയ്നിലെ യുദ്ധം കാരണം സാമ്പത്തികമായി വളരെ പ്രയാസകരമായ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത് ഇന്ധന വില വർധിക്കുന്നത് കാരണം ജീവിതച്ചിലവ് വളരെ ഉയർന്നു,ഈ സന്ദർഭത്തിൽ പുതിയ ശമ്പള വർധന അംഗീകരിക്കപ്പെടുമെന്നു തന്നെയാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share this news

Leave a Reply

%d bloggers like this: