“അയർലൻഡിന് ചീത്തപ്പേരുണ്ടാക്കാൻ ചില വീട്ടുടമസ്ഥർ” ; താലയിൽ വാടകക്കാരിയോട് ഉടമസ്ഥൻ ആവശ്യപ്പെട്ടത് നഗ്നഫോട്ടോ

അയര്‍ലന്‍ഡില്‍ വിദ്യാര്‍ഥികള്‍ക്ക് താമസസൗകര്യം ലഭിക്കാത്തതുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ മുന്‍പെങ്ങുമില്ലാത്ത വിധം രൂക്ഷമായി വരികയാണ്. വര്‍ദ്ധിച്ചുവരുന്ന വാടകയും, റൂം ലഭ്യമല്ലാത്താതും, കടുത്ത നിബന്ധനകളും വിദ്യാര്‍ഥികളെ വല്ലാതെ വലയ്ക്കുകയാണ്. ഇതിനിടയിലാണ് വീട്ടുടമസ്ഥരില്‍ നിന്നും വാടകക്കാര്‍ക്ക് നേരെയുള്ള മോശം പെരുമാറ്റവും.
പഠനത്തിനായി അയര്‍ലന്‍ഡിലെത്തിയ ഒരു മെക്സിക്കന്‍ സ്വദേശിനിക്കാണ് ഇത്തരത്തില്‍ ഏറ്റവുമൊടുവിലായി ഉടമസ്ഥനില്‍ നിന്നും മോശം പെരുമാറ്റം നേരിടേണ്ടി വന്നത്. റൂമില്‍ താമസിക്കുന്നതിനായി ഇയാള്‍ ആവശ്യപ്പെട്ടത് ഇവരുടെ നഗ്നഫോട്ടോയായിരുന്നു.

സംഭരകത്വത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കാനായി താലയിലെത്തിയതായിരുന്നു മെക്സിക്കന്‍ സിറ്റി സ്വദേശിനിയായ Alma Yasbeth Pacheco Correa. താലയിലെ ഒരു വീട്ടില്‍ 480 യൂറോ ഡെപ്പോസിറ്റ് നല്‍കിക്കൊണ്ടായിരുന്നു ഇവര്‍ റൂം വാടകയ്ക്കെടുത്തത്, മറ്റു വാടകക്കാരും, വീട്ടുടമസ്ഥരും ഇവിടെത്തന്നെയായിരുന്നു താമസം. ജൂലൈ മാസത്തിലായിരുന്നു നഗ്നഫോട്ടോ ആവശ്യപ്പെട്ടുകൊണ്ടുള്ള മെസേജ് വീട്ടുടമസ്ഥന്റെ ഫോണില്‍ നിന്നും ഇവര്‍ക്ക് ലഭിച്ചത്. എന്നാല്‍ ഈ മെസേജിനോട് ഇവര്‍ പ്രതികരിച്ചില്ല.

കൃത്യം ഒരു മാസത്തിന് ശേഷം ഈ വിദ്യാര്‍ഥിയോട് വീടൊഴിയണമെന്ന് വീട്ടുടമസ്ഥന്‍ ആവശ്യപ്പെട്ടു. തന്റെ അസുഖബാധിതയായ സഹോദരി താമസിക്കാന്‍ വരുന്നു എന്ന കാരണം പറഞ്ഞായിരുന്നു ഇത്. ഡെപ്പോസിറ്റ് തുക തിരികെ നല്‍കാമെന്നും ഇയാള്‍ ഉറപ്പ് നല്‍കി. ഈ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ വീടൊഴിയാന്‍ Pacheco Correa തയ്യാറായി. എന്നാല്‍ വീട്ടുടമസ്ഥനില്‍ നിന്നും ഡെപ്പോസിറ്റ് തുക തിരികെ വാങ്ങിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. പണം ആവശ്യപ്പെട്ട് വിളിക്കുമ്പോള്‍ ഇയാള്‍ പ്രതികരിച്ചിരുന്നില്ല.

പകരം താമസസ്ഥലത്തിനായുള്ള അന്വേഷണത്തിനിടയിലും മറ്റൊരു വീട്ടുടമസ്ഥനില്‍ നിന്നും ഇവര്‍ക്ക് ദുരനുഭവങ്ങളുണ്ടായിട്ടുണ്ട്. താനുമായി ‘ബെഡ് ഷെയര്‍ ചെയ്യേണ്ടി വരും’ എന്നാണ് മറ്റൊരു വീട്ടുടമസ്ഥന്‍ ഇവരോട് പറഞ്ഞത്. ഇതിന് ശേഷം മറ്റൊരു വീട്ടില്‍ carer ആയി ജോലി ചെയ്ത് അവിടെ താമസിക്കുകയാണ് ഇവരിപ്പോള്‍.

“ഏതൊരു സ്ത്രീയെ സംബന്ധിച്ചിടത്തോളവും ഇത്തരം അനുഭവങ്ങള്‍ അസഹനീയമാണ്” എന്നാണ് Pacheco Correa പറഞ്ഞത്. സ്വപ്നങ്ങളുടെ നാട് എന്നാണ് തങ്ങള്‍ ലാറ്റിന്‍ അമേരിക്കയില്‍ യൂറോപ്പിനെക്കുറിച്ച് പറയാറുള്ളതെന്നും, എന്നാല്‍ ഇവിടെ ആ സങ്കല്‍പങ്ങള്‍ തെറ്റുകയാണെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി അയര്‍ലന്‍ഡിലെ സ്റ്റുഡന്റ് അക്കമഡേഷന്‍ വലിയ പ്രതിസന്ധിയിലാണെന്നും, ഈ ബുദ്ധിമുട്ട് കാരണം വിദേശവിദ്യാര്‍ഥികള്‍ പലതരം റിസ്കുകള്‍ എടുക്കാന്‍ തയ്യാറാവുന്നതായും, പലരും അപകടത്തില്‍ ചെന്ന് ചാടുന്നതായും Irish Council for International Students എക്സിക്യൂട്ടീവ് ഡയറക്ടര് ‍Laura Harmon പറഞ്ഞു,

ഇന്ത്യയില്‍ നിന്നടക്കം ധാരാളം വിദേശ രാജ്യങ്ങളില്‍ നിന്നും അനവധി പേരാണ് വര്‍ഷാവര്‍ഷം അയര്‍ലന്‍ഡിലേക്ക് പഠനത്തിനായെത്തുന്നത്. അവരില്‍ നിരവധി പേര്‍ നേരിടുന്ന ഇത്തരം ദുരനുഭവങ്ങളില്‍ ചിലത് മാത്രമാണ് പുറത്തുവരുന്നത്. ഭക്ഷണത്തിന്റെ പേരിലടക്കം ഇന്ത്യക്കാരായ വിദ്യാര്‍ഥികള്‍ നേരിടുന്ന വിവേചനം സംബന്ധിച്ച വാര്‍ത്തകള്‍ ഈയിടെ പുറത്തുവന്നിരുന്നു.

അതേസമയം ഇത്തരം വിഷയങ്ങളില്‍ ശക്തമായ ഇടപെടലുകള്‍ക്ക് ഒരുങ്ങുകയാണ് അയര്‍ലന്‍ഡ് സര്‍ക്കാര്‍. ‘Ban on Sex for Rent Bill 2022’ ഇതിനകം തന്നെ Dail ല്‍ അവതരിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. ഇത് നടപ്പായാല്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് ഏഴ് വര്‍ഷം വരെ തടവും, 50000 യൂറോ വരെ പിഴയും ലഭിക്കും.

Share this news

Leave a Reply

%d bloggers like this: