ജീവിതച്ചിലവ് വർദ്ധനവ് ; കോർക്കിൽ പ്രതിഷേധവുമായി തെരുവിലിറങ്ങിയത് ആയിരങ്ങൾ

വിലക്കയറ്റവും, ജീവിതച്ചിലവ് വര്‍ദ്ധനവും മൂലം വലഞ്ഞ ജനങ്ങള്‍ക്ക് കൂടുതല്‍ സര്‍ക്കാര്‍ സഹായങ്ങള്‍ നല്‍കണമെന്ന ആവശ്യവുമായി കോര്‍ക്ക് നഗരത്തില്‍ വന്‍ പ്രതിഷേധം. മൂവായിരത്തോളം ആളുകളാണ് ഇന്നലെ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.

“The cost of living is rising, so are we” എന്ന മുദ്രാവാക്യമായിരുന്നു പ്രതിഷേധ റാലിയിലുടനീളം മുഴങ്ങിക്കേട്ടത്. നിരവധി ആവശ്യങ്ങളുന്നയിച്ചുകൊണ്ടുള്ള പ്ലക്കാര്‍ഡുകളും പ്രതിഷേധക്കാര്‍ ഉയര്‍ത്തി. കോര്‍ക്ക് സിറ്റി കൌണ്‍സില്‍ ഓഫീസിന് മുന്‍പില്‍ ഒത്തുകൂടിയ പ്രതിഷേധക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് നിരവധി ആക്ടിവിസ്റ്റുകള്‍ സംസാരിക്കുകയും ചെയ്തു.

വര്‍ദ്ധിച്ചുവരുന്ന ഊര്‍ജ്ജ ബില്ലുകള്‍, രോഗാവസ്ഥയിലുള്ള കുട്ടികളെ പരിപാലിക്കുന്നതിനായുള്ള ചിലവുകള്‍, വിന്ററിലെ ഹീറ്റിങ് ചിലവുകള്‍, തുടങ്ങിയ ആശങ്കകള്‍ പ്രതിഷേധക്കാര്‍ പങ്കുവച്ചു. ESB അടക്കമുള്ള എനര്‍ജി കമ്പനികള്‍ വന്‍തോതില്‍ ലാഭമുണ്ടാക്കുമ്പോള്‍ ഊര്‍ജ്ജ ബില്ലുകള്‍ അടയ്ക്കാനായി ജനങ്ങള്‍ പാടുപെടുന്ന അവസ്ഥയുണ്ടാവുന്നതായി പ്രതിഷേധത്തില്‍ സംസാരിക്കവേ സോഷ്യലിസ്റ്റ് പാര്‍ട്ടി TD Mick Barry പറഞ്ഞു.

ഈ മാസം 27 ന് അയര്‍ലന്‍ഡിലെ ബജറ്റ് പ്രഖ്യാപിക്കാനിരിക്കെയാണ് ഇത്തരത്തിലുള്ള പ്രതിഷേധങ്ങളും ഉയര്‍ന്നുവരുന്നത്. സെപ്തംബര്‍ 24 ശനിയാഴ്ച ഡബ്ലിനിലും സമാന പ്രതിഷേധങ്ങള്‍ക്ക് നിലവില്‍ ആഹ്വാനം നല്‍കിയിട്ടുണ്ട്. ബജറ്റില്‍ ജീവിതച്ചിലവ് വര്‍ദ്ധനവ് മറികടക്കുന്നതിനായുള്ള സുപ്രധാന തീരുമാനങ്ങള്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. ക്രിസ്തുമസിന് മുന്‍പായി പ്രത്യേക ഇലക്ട്രിസിറ്റി ഗ്രാന്റുകളടക്കമുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടായേക്കും.

Share this news

Leave a Reply

%d bloggers like this: