അയർലൻഡിലെ LGBTQ+ വിദ്യാർത്ഥികളിൽ 76 ശതമാനം പേരും സ്കൂളുകളിൽ സുരക്ഷിതരല്ലെന്ന് സർവ്വേഫലം

അയര്‍ലന്‍ഡിലെ കൗമാരപ്രായക്കാരായ LGBTQ+ വിദ്യാര്‍ഥികളില്‍ 76 ശതമാനം പേര്‍ക്കും സ്കൂളുകളില്‍ സുരക്ഷിതത്വമില്ലെന്ന് സര്‍വ്വേഫലം. കൊളംബിയ യൂണിവേഴ്സിറ്റിയും, അയര്‍ലന്‍ഡിലെ LGBTQ+ അനൂകൂല സംഘടനകളും സംയുക്തമായി ആയിരത്തി ഇരുനൂറോളം LGBTQ+ സെക്കന്റ് ലെവല്‍ സ്കൂള്‍ വിദ്യാര്‍ഥികളില്‍ നടത്തിയ സര്‍വ്വേയിലാണ് ഈ കണ്ടെത്തല്‍. ഈ വിദ്യാര്‍ഥികളില്‍ ഭൂരിഭാഗം പേരും മറ്റുള്ളവരില്‍ നിന്നുള്ള മോശം സമീപനം മൂലം ക്ലാസുകള്‍ ഒഴിവാക്കുന്നതായും സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓണ്‍ലൈനായി നടത്തിയ സര്‍വ്വേയില്‍ പങ്കെുടുത്ത ഭൂരിഭാഗം പേരും സ്കൂളുകളില്‍ വച്ച് ബുള്ളിയിങ്, ശാരീരിക-ലൈംഗിക അതിക്രമങ്ങള്‍ എന്നിവ നേരിടുന്നതായും, മറ്റുള്ളവരില്‍ നിന്നും അകന്ന് നില്‍ക്കാനും, ഒറ്റപ്പെടാനും താത്പര്യപ്പെടുന്നതായും അഭിപ്രായപ്പെട്ടു. ഈ വിദ്യാര്‍ഥികള്‍ അതിക്രമങ്ങള്‍ ഭയന്ന് സ്കൂള്‍ ബാത്ത്റൂം ഏരിയ, PE ക്ലാസുകള്‍, സ്പോര്‍ട്സ് ഫെസിലിറ്റികള്‍, ലോക്കര്‍ റൂമുകള്‍ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം ഒഴിവാക്കുന്നതായും പ്രതികരിച്ചു.

ഏകദേശം 60 ശതമാനത്തോളം വിദ്യാര്‍ഥികള്‍ സ്കൂള്‍ ജീവനക്കാരുടെ ഭാഗത്തുനിന്നും ഹോമോഫോബിക് പ്രതികരണങ്ങള്‍ നേരിട്ടിട്ടുള്ളവരാണ്, അതേസമയം സ്കൂള്‍ ജീവനക്കാരില്‍ ഒരാളെങ്കിലും തങ്ങളെ പിന്തുണച്ചിരുന്നതായും വിദ്യാര്‍ഥികള്‍ സര്‍വ്വേയിലൂടെ പ്രതികരണം രേഖപ്പെടുത്തി.

ആശങ്കപ്പെടുത്തുന്ന കണക്കുകളാണ് സര്‍വ്വേയിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് അയര്‍ലന്‍ഡിലെ LGBTQ+ യൂത്ത് സംഘടനയായ Belong To പ്രതികരിച്ചു. അദ്ധ്യാപകര്‍, രക്ഷിതാക്കള്‍, സ്കൂള്‍ അധികൃതര്‍, രാഷ്ട്രീയക്കാര്‍ എന്നിവര്‍ LGBTQ+ വിദ്യാര്‍ഥികളുടെ ആശങ്കകള്‍ കേള്‍ക്കേണ്ടത് അനിവാര്യമാണെന്ന് Belong To ചാരിറ്റി CEO Moninne Griffith ആവശ്യപ്പെട്ടു. അദ്ധ്യാപക പരിശീലന കോഴ്സുകളില്‍ LGBTQ+ ഇന്‍ക്ലൂഷന്‍, അവബോധം എന്നിവ ഉള്‍പ്പെടുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: