കൊടും തണുപ്പ് തുടരുമെന്ന് Met Éireann; സ്കൂളുകൾ അടയ്ക്കുന്നത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശവുമായി വിദ്യാഭ്യാസ വകുപ്പ്

അയര്‍ലന്‍ഡില്‍ ശക്തമായ മഞ്ഞുവീഴ്ചയും, താപനിലയിലെ കുറവും വരും ദിവസങ്ങളിലും തുടരുമെന്ന മുന്നറിയിപ്പുമായി Met Éireann. രാജ്യത്തുടനീളം Met Éireann യെല്ലോ freezing fog അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനുപുറമെ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച യെല്ലോ അലര്‍ട്ട് തുടരുമെന്നും, രണ്ട് അലര്‍ട്ടുകളും ഇന്ന് ഉച്ചയ്ക്ക് 12 വരെ നിലനില്‍ക്കുമെെന്നും Met Éireann അറിയിച്ചു. ഈ സാഹചര്യത്തില്‍ Met Éireann പുറപ്പെടുവിച്ച winter weather advisory ബുധനാഴ്ച വരെ നീട്ടുകയും ചെയ്തിട്ടുണ്ട്.

തണുത്തുറഞ്ഞ‍ കാലാവസ്ഥയും , മഞ്ഞുവീഴ്ചയും മൂലം റോഡുകളിലെ സാഹചര്യങ്ങള്‍ മോശമായതിനാല്‍ വാഹനമോടിക്കുന്നവര്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് റോഡ് സേഫ്റ്റി അതോറിറ്റി നിര്‍ദ്ദേശം പുറപ്പെടുവിച്ചു. മോശം കാലവസ്ഥ മൂലം കഴിഞ്ഞ ദിവസം അയര്‍ലന്‍ഡിലെ വിവിധയിടങ്ങളില്‍ പൊതുഗതാഗത സര്‍വ്വീസുകളിലടക്കം തടസ്സം നേരിട്ടിരുന്നു. Howth ബ്രാഞ്ചിലേക്കുള്ള ട്രെയിന്‍ സര്‍വ്വീസുകള്‍ പൂര്‍ണ്ണമായി തടസ്സപ്പെടുകയും, Luas സര്‍വ്വീസുകള്‍ വൈകുകയും ചെയ്തു. പിന്നീട് റെയില്‍ ഗതാഗതം സാധാരണ നിലയിലേക്കെത്തുകയായിരുന്നു.

അതേസമയം മോശം കാലാവസ്ഥയെത്തുടര്‍ന്ന് സ്കൂളുകള്‍ അടക്കുന്നത് സംബന്ധിച്ച് സ്കൂള്‍ മാനേജ്മെന്റ് അധികൃതര്‍ക്ക് തീരുമാനമെടുക്കാവുന്നതാണെന്ന് സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ Be Winter Ready ക്യാംപെയിനിന്റെ ഭാഗമായാണ് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. സ്കൂളുകള്‍ അടക്കുന്നതിനായി മാനേജ്മെന്റ് അധികൃതര്‍ പരിഗണിക്കേണ്ട മാനദണ്ഢങ്ങള്‍ സംബന്ധിച്ചും വിദ്യഭ്യാസ വകുപ്പ് വ്യക്തത വരുത്തി.

സ്കൂളുകളിലെ നിലവിലെ സാഹചര്യം, സ്കൂളില്‍ പഠിക്കുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താനുളള സ്കൂളുകളുടെ ശേഷി, കുട്ടികള്‍ക്ക് സ്കൂളുകളില്‍ എത്താനുള്ള യാത്രാ സൌകര്യം, സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ എന്നിവയാണ് സ്കൂള്‍ അധികൃതര്‍ പരിഗണിക്കേണ്ടത്. സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന എല്ലാ കാലാവസ്ഥാ മുന്നറിയിപ്പുകളും സ്കൂളുകള്‍ കൃത്യമായി ശ്രദ്ധിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: