ഭവന പ്രതിസന്ധി ; അയർലൻഡ് ഹൗസിങ് മിനിസ്റ്റർ Darragh O’Brienനെതിരെ അവിശ്വാസ പ്രമേയം

അയര്‍ലന്‍ഡ് ഹൗസിങ് മിനിസ്റ്റര്‍ Darragh O’Brien നെതിരെ Dáil ല്‍ അവിശ്വാസ പ്രമേയം. People Before Profit-Solidarity ആണ് മിനിസ്റ്റര്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നിരിക്കുന്നത്. പ്രമേയത്തിന്‍മേലുള്ള ചര്‍ച്ച അടുത്തയാഴ്ച Dáil ല്‍ ന‌ടക്കും.

മിനിസ്റ്ററുടെ ഭവനനയങ്ങള്‍ വലിയ പരാജയമാണെന്നും, ഐറിഷ് സമൂഹത്തിന്റെ സാമൂഹിക ഘടനയെ കീറിമുറിക്കുന്നതുമാണെന്നും ഇക്കാരണത്താല്‍ മന്ത്രിയെ തല്‍സ്ഥാനത്തുനിന്നും നീക്കം ചെയ്യണമെന്നുമാണ് പ്രമേയത്തില്‍ പറയുന്നത്. രാജ്യത്ത് അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന ഭവനപ്രതിസന്ധി പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ വലിയ പരാജയമാവുകയാണെന്നും. ഇതുവഴി ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ അപേക്ഷകരും, അഭയാര്‍ഥികളും ബലിയാടാവുകയാണെന്നും പ്രമേയത്തില്‍ ആരോപിക്കുന്നു.

രാജ്യത്തെ ഭവനരഹിതരുടെ എണ്ണം കഴിഞ്ഞ മാസം 11397 ആയി ഉയര്‍ന്നതായുള്ള കണക്കുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ കൂടെയാണ് ഹൗസിങ് മിനിസ്റ്റര്‍ക്കെതിരായ പ്രമേയമെന്നതും ശ്രദ്ധേയമാണ്. രാജ്യത്തെ ഭവനപ്രതിസന്ധിക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ഡബ്ലിനില്‍ 20000 ലധികം ആളുകളെ പങ്കെടുപ്പിച്ച് Raise the Roof റാലിയും ഈയിടെ സംഘടിപ്പിക്കപ്പെട്ടിരുന്നു.

വ്യക്തിഗത വിഷയങ്ങളല്ല തങ്ങളെ ഇത്തരമൊരു പ്രമേയത്തിലേക്ക് നയിച്ചതെന്നും, മറിച്ച് ഭവനപ്രതിസന്ധി അനുദിനം വഷളാവുകയാണെന്ന വാസ്തവം പരിഗണിച്ചാണെന്നും TD Bríd Smith പറഞ്ഞു.

പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് Sinn Féin ഭവനവക്താവ് Eoin Ó Broin കഴിഞ്ഞ ദിവസം പറഞ്ഞു. അയര്‍ലന്‍ഡ് കണ്ട ഏറ്റവും മോശം ഹൗസിങ് മിനിസ്റ്റര്‍ എന്നാണ് Darragh O’Brien നെ Eoin Ó Broin വിശേഷിപ്പിച്ചത്.

ഡിസംബര്‍ 17 ന് നിലവിലെ പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിനില്‍ നിന്നും ലിയോ വരദ്കര്‍ അധികാരമേറ്റെടുക്കുകയും, തുടര്‍ന്ന് മന്ത്രിസഭാ പുനസംഘടനയടക്കം നടക്കാനുള്ള സാഹചര്യത്തിലാണ് മന്ത്രിക്കെതിരായ നീക്കമെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ പുനസംഘടനയ്ക്ക് ശേഷവും ഹൗസിങ് മിനിസ്റ്റര്‍ സ്ഥാനത്ത് Darragh O’Brien തുടരുമെന്നായിരുന്നു മീഹോള്‍ മാര്‍ട്ടിന്‍ പ്രഖ്യാപിച്ചത്.

Share this news

Leave a Reply

%d bloggers like this: