ലെബനോനിൽ കൊല്ലപ്പെട്ട ഐറിഷ് സൈനികന്റെ ഭൗതികശരീരം നാട്ടിലെത്തിച്ചു; സംസ്കാരം വ്യാഴാഴ്ച പൂർണ്ണ സൈനിക ബഹുമതികളോടെ

ലെബനോനില്‍ സൈനികവാഹന വ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഐറിഷ് സൈനികന്‍ Private Seán Rooney യുടെ ഭൗതികശരീരം നാട്ടിലെത്തിച്ചു.വ്യാഴാഴ്ച സമ്പൂര്‍ണ്ണ സൈനിക ബഹുമതികളോടെ അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകള്‍ Donegal ലെ All Saints Catholic Church ല്‍ നടക്കുമെന്ന് ഐറിഷ് മിലിട്ടറി അറിയിച്ചു. അന്നേ ദിവസം രാവിലെ ഒമ്പതുമണിക്കുള്ള കുര്‍ബ്ബാനയ്ക്കായി ഭൗതികശരീരം Dundalk ലെ ഹോളി ഫാമിലി ചര്‍ച്ചിലേക്ക് കൊണ്ടുപോവുമെന്നും സേന അറിയിച്ചിട്ടുണ്ട്.

ഇന്നലെ രാവിലെ 8.30 ഓടെയാണ് അദ്ദേഹത്തിന്റെ ഭൗതികശരീരം വിമാനമാര്‍ഗ്ഗം അയര്‍ലന്‍‍ഡിലെത്തിച്ചത്. ഞായറാഴ്ച ഉച്ചതിരിഞ്ഞായിരുന്നു Beirut വിമാനത്താവളത്തില്‍ നിന്നും മൃതദേഹവും വഹിച്ചുള്ള വിമാനം അയര്‍ലന്‍ഡിലേക്ക് തിരിച്ചത്. ഇതിനുമുന്‍പായി Seán Rooney ക്ക് ആദരവര്‍പ്പിച്ചുകൊണ്ടുള്ള യു.എന്നിന്റെ പ്രത്യേക ചടങ്ങും വിമാനത്താവളത്തില്‍ നടന്നിരുന്നു. .യു.എന്നിന്റെ peacekeeping മെ‍ഡലും, സൈനികന് ആദരവര്‍പ്പിച്ചുകൊണ്ടുള്ള ലെബനീസ് ആര്‍മിയുടെ മെഡലും Seán Rooney ക്ക് സമര്‍പ്പിച്ചിരുന്നു.

ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിമാനത്തില്‍ Seán Rooney യോടൊപ്പം 121 Infantry ബറ്റാലിയനിലുണ്ടായിരുന്ന സൈനികരുമുണ്ടായിരുന്നു. പ്രധാനമന്ത്രി, വിദേശകാര്യമന്ത്രി അടക്കമുള്ളവര്‍ സൈനികന്റെ മൃതദേഹം സ്വീകരിക്കുന്നതിനായി Casement Aerodrome ല്‍ എത്തിയിരുന്നു. ഇവിടെ വച്ച് ഭൗതികശരീരം അദ്ദേഹത്തിന്റെ കുടുംബത്തിന് കൈമാറുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭൗതികശരീരം ഗാര്‍ഡയുടെ അകമ്പ‍ടിയോടെയാണ് പുറത്തേക്ക് കൊണ്ടുപോയത്.

കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് ബെയ്റൂട്ടിന് 30 കിലോമീറ്റര്‍ തെക്ക് സ്ഥിതി ചെയ്യുന്ന Sidon ല്‍ United Nations Interim Force in Lebanon (Unifil) ന്റെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിലാണ് Seán Rooney കൊല്ലപ്പെടുകയും മറ്റ് മൂന്ന് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. ഗുരുതരമായി പരിക്കേറ്റ Private Shane Kearney ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. വിഷയത്തില്‍ ഐറിഷ് പ്രതിരോധവിഭാഗം, യു,എന്‍, ലെബനീസ് പ്രതിരോധവിഭാഗം എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണങ്ങളും പുരോഗമിക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: