അഭയാർത്ഥികൾക്ക് ഐക്യദാർഢ്യവുമായി ഡബ്ലിനിൽ ഇരുന്നൂറിലധികം ആളുകൾ പങ്കെടുത്ത റാലി

അയര്‍ലന്‍ഡിലെ അഭയാർത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഡബ്ലിനില്‍ നടന്ന റാലിയില്‍ പങ്കെടുത്തത് ഇരുന്നൂറിലധികം ആളുകള്‍. ഡബ്ലിന്‍ നോര്‍ത്തിലെ Fairview നടപ്പാലത്തിലായിരുന്നു പ്രതിഷേധ റാലി അരങ്ങേറിയത്. Northside For All എന്ന പേരിലുള്ള കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു റാലി. അഭയാർത്ഥികളെ താമസിപ്പിച്ചിരിക്കുന്ന കേന്ദ്രങ്ങളില്‍ തുടര്‍ച്ചയായി പ്രതിഷേധങ്ങള്‍ ഉയരുന്ന സാഹചര്യത്തിലായിരുന്നു റാലി സംഘടിപ്പിക്കപ്പെട്ടത്. മേഖലയിലെ താമസക്കാര്‍, രാഷ്‌ട്രീയ കക്ഷി പ്രതിനിധികള്‍, അഭയാർത്ഥികള്‍ എന്നിവര്‍ റാലിയില്‍ പങ്കെടുത്തു.

അഭയാർത്ഥികളെ സ്വീകരിക്കുന്നതില്‍ തങ്ങള്‍ അഭിമാനം കൊള്ളുന്നതായി Northside For All റാലിയുടെ ഭാഗമായി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പുതുതായി എത്തുന്ന ആളുകളുമായി ഡബ്ലിന്‍ നോര്‍ത്തിലെ ജനത എളുപ്പം സുഹൃത്തുക്കളാവാറുണ്ടെന്നും, നോര്‍ത്ത് ഡബ്ലിന്‍ സമൂഹം ഈ കാര്യത്തില്‍ ഒറ്റക്കെട്ടാണെന്നും, എന്നാല്‍ നിറത്തിന്റെ പേരിലും , ജനിച്ച സ്ഥലത്തിന്റെ പേരിലും തങ്ങളെ വിഘടിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും ഈ പ്രസ്താവനയില്‍ പറയുന്നു.

അഭയാർത്ഥികള്‍ക്കുള്ള താമസസ്ഥലങ്ങള്‍ കുറഞ്ഞത് ഇവിടെയെത്തുന്ന ആളുകളുടെ തെറ്റല്ലയെന്ന് റാലിയില്‍ സംസാരിച്ചുകൊണ്ട് സംഘാടകരിലൊരാളായ Kate Mooney പറഞ്ഞു. രാജ്യത്തെ ഭവനപ്രതിസന്ധി രൂക്ഷമാണ്, എന്നാല്‍ ഇതിന്റെ ദേഷ്യം അവര്‍ സര്‍ക്കാരിനോടാണ് കാണിക്കേണ്ടതെന്നും, മറിച്ച് അഭയം തേടിയെത്തുന്ന ആളുകളോടല്ല എന്നും അവര്‍ പറഞ്ഞു.

അതേസമയം അഭയാർത്ഥികള്‍ക്കെതിരായ വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെയുള്ള തന്റെ ഉറച്ച നിലപാട് തുടരുമെന്ന് People Before Profit പാര്‍ലിമെന്റ് അംഗം Gino Kenny പറഞ്ഞു. അഭയാർത്ഥികള്‍ക്ക് പിന്തുണയുമായി Clondalkin ല്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്തതിന് പിന്നാലെ ഇദ്ദേഹത്തിന്റെ കുടുംബത്തിന് തീവ്രവലതുപക്ഷ വിഭാഗക്കാരുടെ ഭീഷണിയുണ്ടായിരുന്നു.

Share this news

Leave a Reply

%d bloggers like this: