അയർലൻഡിൽ സ്വദേശികൾക്കും വിദേശികൾക്കും ലഭിക്കുന്ന വേതനത്തിൽ അന്തരമെന്ന് സർവ്വേഫലം

അയര്‍ലന്‍ഡില്‍ സ്വദേശി തൊഴിലാളികള്‍ക്കും, വിദേശി തൊഴിലാളികള്‍ക്കും ലഭിക്കുന്ന വേതനത്തില്‍ വലിയ അന്തരമെന്ന് സര്‍വ്വേഫലം. Economic and Social Research Institute (ESRI) നടത്തിയ സര്‍വ്വേ പ്രകാരം 2011 നും 2018 നും ഇടയിലുള്ള കാലഘട്ടത്തില്‍ കിഴക്കന്‍ യൂറോപ്പില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് ഇതേ ജോലി ചെയ്യുന്ന അയര്‍ലന്‍ഡുകാരേക്കാള്‍ മണിക്കൂറില്‍ ലഭിക്കുന്ന വരുമാനത്തില്‍ 40 ശതമാനത്തിന്റെ കുറവാണുള്ളത്. അയര്‍ലന്‍ഡിലെ ആകെ വിദേശ തൊഴിലാളികളും, സ്വദേശി തൊഴിലാളികളും തമ്മിലുള്ള ഈ അന്തരം മണിക്കൂറില്‍ 22 ശതമാനം കുറവ് വരുമാനം എന്ന രീതിയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം അയര്‍ലന്‍ഡില്‍ ജോലി ചെയ്യുന്ന വിദേശി സ്ത്രീകള്‍ക്ക് രണ്ട് രീതിയിലാണ് വേതന വിവേചനം നേരിടേണ്ടി വരുന്നത്. വിദേശ പുരുഷന്‍മാരേക്കാള്‍ മണിക്കൂറില്‍ 11 ശതമാനം കുറവ് വരുമാനമാണ് ഇവര്‍ക്ക് ലഭിക്കുന്നത്. അയര്‍ലന്‍ഡുകാരായ പുരുഷന്‍മാരുമായി താരതമ്യം ചെയ്യുമ്പോള്‍ സമാനജോലിക്ക് 30 ശതമാനം കുറവ് വരുമാനമാണ് വിദേശി സ്ത്രീകള്‍ക്ക് അയര്‍ലന്‍ഡില്‍ ലഭിക്കുന്നത്.

സൂപ്പര്‍വൈസറി റോളുകളില്‍ അയര്‍ലന്‍ഡുകാരേക്കാള്‍ പരിഗണന കുറവാണ് വിദേശികള്‍ക്ക് ലഭിക്കുന്നതെന്നും, സ്വദേശി ജീവനക്കാരേക്കാള്‍ കൂടുതല്‍ ഷിഫ്റ്റ് വര്‍ക്കുകള്‍ ചെയ്യുന്നത് വിദേശികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ഏഷ്യ, പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങള്‍, വടക്കേ അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ നിന്നും അയര്‍ലന്‍ഡിലെത്തിയവര്‍ക്ക് അവരുടെ സമാന ജോലി ചെയ്യുന്ന ആളുകളുമായുള്ള വേതന വിടവ് 3 ശതമാനം മുതല്‍ 7 ശതമാനം വരെയാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: