അയർലൻഡ് നിരത്തുകളിൽ NCT സർട്ടിഫിക്കറ്റില്ലതെ ഓടുന്നത് 375000 വാഹനങ്ങൾ

അയര്‍ലന്‍ഡില്‍ 375000 വാഹനങ്ങള്‍ നിരത്തിലൂടെ ഓടുന്നത് National Car Test (NCT) സര്‍ട്ടിഫിക്കറ്റില്ലാതെ. ടെസ്റ്റിന്റെ ചുമതലയുള്ള Applus Automotive കമ്പനിയാണ് ഇക്കാര്യം അറിയിച്ചത്. ഇതുസംബന്ധിച്ച് കമ്പനി അധികൃതര്‍ Oireachtas ട്രാന്‍സ്‍പോര്‍ട്ട് കമ്മിറ്റിക്ക് മുന്‍പില്‍ ഇന്ന് വിശദീകരണം നല്‍കും.

വാഹന ഉടമകള്‍ ടെസ്റ്റില്‍ പങ്കെടുക്കാന്‍ വിമുഖത കാണിക്കുന്നതും, കമ്പനിയിലെ ജീവനക്കാരുടെ കുറവുമാണ് ഇത്രയധികം വാഹങ്ങള്‍ക്ക് NCT സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ കാരണമായി Applus Automotive ചൂണ്ടിക്കാട്ടുന്നത്. വാഹനപരിശോധനകള്‍ക്കായി പ്രതിവാരം അപ്പോയിന്‍മെന്റ് എടുക്കുന്നവരില്‍ 3500 പേര്‍ പരിശോധനകളില്‍‍ പങ്കെടുക്കാറില്ലെന്ന് കമ്പനി ഇന്ന് കമ്മിറ്റിയെ അറിയിക്കും. ഇവരില്‍ ആയിരത്തോളം ആളുകള്‍ പരിശോധന ദിവസത്തിന് തൊട്ടുമുന്‍പ് മാത്രമാണ് അപ്പോയിന്‍മെന്റ് ക്യാന്‍സല്‍ ചെയ്യുന്നതെന്നും, ഇക്കാരണത്താല്‍ പകരം വാഹനങ്ങള്‍ പരിശോധനയ്ക്കായി വിളിക്കാന്‍ കഴിയാറില്ലെന്നും കമ്പനി വക്താക്കള്‍ കമ്മിറ്റിയില്‍ പറയും. ഇത്തരത്തില്‍ കൂടുതല്‍ ആളുകള്‍ ടെസ്റ്റ് അപ്പോയിന്‍മെന്റ് ക്യാന്‍സല്‍ ചെയ്യുന്നതാണ് വെയിറ്റിങ് ലിസ്റ്റ് വര്‍ദ്ധിക്കുന്നതിന്റെ കാരണായി കമ്പനി ചൂണ്ടിക്കാട്ടുന്നത്.

കൂടാതെ വാഹനങ്ങള്‍ കൃത്യമായി സര്‍വ്വീസ് ചെയ്യാതെ പരിശോധനകള്‍ക്കായി ഹാജരാക്കുന്നതായും കമ്പനിക്ക് പരാതിയുണ്ട്. NCT പരിശോധനകള്‍ക്കായി വാഹനത്തെ കൃത്യമായി സജ്ജമാക്കി വേണം പരിശോധനയ്ക്ക് എത്താനെന്നും, ഇതുവഴി എളുപ്പം ടെസ്റ്റ് പാസാവാന്‍ കഴിയുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.

കോവിഡ് കാലത്ത് ആളുകള്‍ കൂട്ടത്തോടെ ജോലി വിട്ട‌ കാരണത്താല്‍ കമ്പനിയില്‍ ജീവനക്കാരുടെ ക്ഷാമം നേരിടുന്നു എന്ന വിഷയവും Applus Automotive മുന്‍പോട്ട് വയ്ക്കും. 113 ഓളം വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ ഈക്കാലയളവില്‍ ജോലി വിട്ടതായാണ് കമ്പനി അധികൃതര്‍ നല്‍കുന്ന വിവരം.

Share this news

Leave a Reply

%d bloggers like this: