അയർലൻഡിൽ വാഹനമോഷ്ടാക്കൾ വിലസുന്നു; ചില ദിവസങ്ങളിൽ മോഷ്ടിക്കപ്പെടുന്നത് 20 കാറുകൾ വരെ

അയര്‍ലന്‍ഡില്‍ ഗാര്‍ഡയെ വലച്ച് വാഹനമോഷ്ടാക്കള്‍. രാജ്യത്താകമാനം ചില ദിവസങ്ങളില്‍ ഇരുപത് കാറുകള്‍ വരെ മോഷ്ടിക്കപ്പെടുന്നതായും, ജനുവരിയില്‍ മാത്രം കളവുപോയ വാഹനങ്ങളുടെ ആകെ മൂല്യം രണ്ട് മില്യണ്‍ യൂറോയോളം വരുമെന്നാണ് ഗാര്‍ഡയുടെ കണക്കുകൂട്ടല്‍. മോഷ്ടിക്കപ്പെടുന്ന കാറുകള്‍ പൊളിച്ചുകളഞ്ഞ ശേഷം പാര്‍ട്സുകളാക്കി മാറ്റുകയും, പിന്നീട് ക്രിമിനല്‍ സംഘങ്ങള്‍ വഴി വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുകയുമാണ് ചെയ്യുന്നത്.

കഴിഞ്ഞ മാസം കളവുപോയ നൂറിലധികം ജപ്പാനീസ് നിര്‍മ്മിത കാറുകളുടെ കണക്കുകള്‍ ഉള്‍പ്പെടുത്താതെയുള്ള കണക്കുകളാണ് ഗാര്‍ഡ പുറത്തുവിട്ടത്. Immobiliser അടക്കമുള്ള സുരക്ഷാസംവിധാനങ്ങള്‍ ഇല്ലാത്ത ഇത്തരം വാഹനങ്ങള്‍ joyriders എന്ന് വിളിക്കപ്പെടുന്ന സംഘങ്ങളാണ് മോഷ്ടിക്കാറുള്ളത്. Toyota Vitz, Toyota Aqua എന്നീ മോഡലുകളാണ് joyriders പ്രധാനമായും ലക്ഷ്യമിടാറുള്ളത്. ഇത്തരം മോഡലുകള്‍ക്ക് സ്റ്റീയറിങ് വീല്‍ ലോക്ക്, robust chain അടക്കമുള്ള അധിക സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍‍പ്പെടുത്തുന്നത് ഉചിതമാണെന്ന് ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Balbriggan, Blanchardstown, Ballyfermot, Tallaght , Cork city എന്നിവിടങ്ങളിലായിരുന്നു കൂടുതലായും കാര്‍ മോഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുവന്നിരുന്നത്. എന്നാല്‍ ഈയടുത്തായി ലിമറിക്. ഡബ്ലിന്‍, മീത്ത് മേഖലകളിലും വാഹനമോഷണം വര്‍ദ്ധിച്ചുവരികയാണ്.

അതേസമയം മോഷ്ടിക്കപ്പെടുന്ന ആഡംബര കാറുകളുടെ പാര്‍ട്സുകള്‍ റഷ്യയിലേക്ക് കയറ്റി അയയ്ക്കുന്നതായുള്ള വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ തന്നെ പാര്‍ട്സുകള്‍ക്ക് ക്ഷാമം നേരിടുന്നുണ്ടെങ്കിലും ഉക്രൈന്‍ യുദ്ധവും, റഷ്യക്കെതിരായ ഉപരോധവും മൂലം റഷ്യയില്‍ വാഹനപാര്‍ട്സുകളുടെ ലഭ്യത വളരെ കുറവാണ്. ലിത്വാനിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ക്രിമിനല്‍ സംഘം റഷ്യയിലേക്ക് വാഹനപാര്‍ട്സുകള്‍ കയറ്റി അയയ്ക്കാന്‍ മുന്‍കൈ എടുക്കുന്നതായുള്ള വിവരവും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഈ സംഘത്തിന്റെ പ്രവര്‍ത്തനം അയര്‍ലന്‍ഡിലും സജീവമാണ്.

കഴിഞ്ഞ മാസം മോഷ്ടിക്കപ്പെട്ട Audis, BMW, Porsche അടക്കമുള്ള 41 ഓളം ആഡംബര കാറുകള്‍ ഇതവരെ കണ്ടെത്തിയിട്ടില്ല എന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. ഇവയില്‍ പതിനെട്ടോളം കാറുകളുടെയും താക്കോള്‍ മോഷ്ടിച്ച ശേഷമാണ് കാര്‍ മോഷ്ടിച്ചത്. കീ ഫോബ് ക്ലോണിങ് അടക്കമുള്ള സാങ്കേതിക വിദ്യകളും മോഷ്ടാക്കള്‍ ഉപയോഗിക്കാറുണ്ട്.

Share this news

Leave a Reply

%d bloggers like this: