‘ലോകം കരയുന്നു – തുർക്കിയെയും സിറിയയെയും ഓർത്ത്’ ; മരണസംഖ്യ 4300 കടന്നു

തുര്‍ക്കി-സിറിയ അതിര്‍ത്തി മേഖലയിലുണ്ടായ ഭൂകമ്പത്തില്‍‍ മരണപ്പെട്ടവരുടെ എണ്ണം 4300 കടന്നു. തുര്‍ക്കിയില്‍ 2921 പേര്‍ മരണപ്പെട്ടതായാണ് നിലവില്‍ തുര്‍ക്കിഷ് ദുരന്തനിവാരണ അതോറിറ്റിയുടെ(AFAD) സ്ഥിരീകരണമുള്ളത്. സിറിയയിലെ മരണസംഖ്യ 1444 കടന്നതായി സിറിയന്‍ സര്‍ക്കാരും സ്ഥിരീകരിച്ചിട്ടുണ്ട്. ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് മരണസംഖ്യ എട്ട് മടങ്ങ് വരെ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടന ഏറ്റവും ഒടുവിലായി നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. നിരവധിയാളുകള്‍ ഇപ്പോഴും തകര്‍ന്നുവീണ കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം തുടര്‍ന്നിരുന്നു.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ തുര്‍ക്കിഷ് സമയം 4.17 ഓടെയായിരുന്നു വന്‍ ദുരന്തം വിതച്ച ആദ്യ ഭൂകമ്പമുണ്ടായത്. തുടര്‍ന്ന് നിരവധി തുടര്‍ചലനങ്ങളും മേഖലയുണ്ടായി. ആദ്യ ഭുകമ്പം റിക്ടര്‍ 7.8 തീവ്രതയായിരുന്നു രേഖപ്പെടുത്തിയത്. രണ്ടാമതുണ്ടായ ചലനം 7.7 തീവ്രതയും രേഖപ്പെടുത്തി. നൂറുകണക്കിന് തുടര്‍ചലനങ്ങള്‍ മേഖലയിലുണ്ടായതായാണ് ഭൌമശാസ്ത്രവിദഗ്ധര്‍ വിലയിരുത്തുന്നത്.

ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ദുരന്തമേഖലയിലേക്ക് സഹായവാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ രണ്ട് സംഘങ്ങളെ ഇന്ത്യ ദുരന്തബാധിത പ്രദേശങ്ങളിലേക്ക് നിയോഗിച്ചു. ഇതിനകം 45 രാഷ്ട്രങ്ങള്‍ പിന്തുണയറിയിച്ച് മുന്നോട്ട് വന്നതായാണ് തുര്‍ക്കി പ്രസിഡന്റ് പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: