ആറ് മാസം പ്രായമുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്സിൻ തിങ്കളാഴ്ച മുതൽ

അയര്‍ലന്‍ഡിലെ ആറ് മാസം മുതല്‍ നാല് വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന്‍ തിങ്കളാഴ്ച മുതല്‍ നല്‍കിത്തുടങ്ങുമെന്ന് HSE അറിയിച്ചു. National Immunisation Advisory Committee (NIAC) യുടെ നിര്‍ദ്ദേശപ്രകാരമാണ് വാക്സിന്‍ നല്‍കിത്തുടങ്ങുന്നതെന്ന് HSE കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

ഫൈസറിന്റെ Comirnaty (Pfizer/BioNTech) വാക്സിനാണ് കുട്ടികള്‍ക്കായി നല്‍കുക. 5 മുതല്‍ 11 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് നല്‍കുന്നതിനേക്കാള്‍ കുറഞ്ഞ ഡോസിലുള്ള വാക്സിനാണ് നാല് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് നല്‍കുകയെന്നും HSE അറിയിച്ചിട്ടുണ്ട്.

വാക്സിന്‍ ലഭിക്കുന്നതിനായുള്ള അപ്പോയിന്‍മെന്റുകള്‍ ഇന്നലെ മുതല്‍ തന്നെ HSE വെബ്സൈറ്റുകള്‍ വഴി ആരംഭിച്ചിട്ടുണ്ട്. വാക്സിന്‍ എടുക്കാന്‍ വരുമ്പോള്‍ കുട്ടികളോടൊപ്പം രക്ഷിതാക്കളോ, ലീഗല്‍ ഗാര്‍ഡിയനോ കൂടെ വരേണ്ടതാണെന്നും, വാക്സിന്‍ സ്വീകരിക്കുന്നതിനായുള്ള സമ്മതപത്രം നല്‍കണമെന്നും HSE അറിയിച്ചിട്ടുണ്ട്.

കുട്ടികള്‍ക്കുള്ള കോവിഡ് 19 വാക്സിന്‍ സംബന്ധിച്ച് HSE വെബ്സൈറ്റില്‍ വിശദമായ വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും, ഇവ വായിക്കുന്നതിലൂടെ വാക്സിന്‍ സംബന്ധിച്ച് രക്ഷിതാക്കള്‍ക്കുള്ള ആശങ്ക അകറ്റാവുന്നതാണെന്നും HSE National Immunisation Office (NIO) ലെ പബ്ലിക് ഹെല്‍ത്ത് മെഡിസിന്‍ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍ അപര്‍ണ കീഗന്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: