വംശീയതയ്‌ക്കെതിരെ ഒറ്റക്കെട്ടായി അയർലൻഡ് ; ‘Ireland for All’ റാലിയിൽ അണിനിരന്നത് പതിനായിരങ്ങൾ

അയര്‍ലന്‍‍ഡിലെ വംശീയതയ്ക്കും, അഭയാര്‍ത്ഥി വിരുദ്ധതയ്ക്കും എതിരായി നടന്ന അയര്‍ലന്‍ഡ് ഫോര്‍ ഓള്‍ മാര്‍ച്ചില്‍ അണിനിരന്നത് പതിനായിരങ്ങള്‍. നൂറിലധികം കമ്മ്യൂണിറ്റി ഗ്രൂപ്പുകളില്‍ നിന്നുള്ള 50000 ത്തോളം ആളുകള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തതായാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. ഡബ്ലിനിലെ പാര്‍നല്‍ സ്ക്വയറില്‍ നിന്നും ഉച്ചയ്ക്ക് 1.30 ന് ആരംഭിച്ച പ്രതിഷേധ റാലി നഗരത്തിലൂടെ നീങ്ങിയ ശേഷം കസ്റ്റം ഹൗസിന് സമീപത്തായാണ് അവസാനിച്ചത്.

United Against Racism, MASI, National Women’s Council of Ireland, TENI എന്നീ പ്രമുഖ സംഘടനകളും, അയര്‍ലന്‍ഡിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധ റാലിയുടെ ഭാഗമായിരുന്നു. അയര്‍ലന്‍‍ഡിലെ ഇന്ത്യന്‍ ഇടതുപക്ഷ അനുകൂല കൂട്ടായ്മയായ ക്രാന്തിയും പ്രതിഷേധത്തില്‍ പങ്കെടുത്തു.

ഡബ്ലിന്‍, കോര്‍ക്ക്, കില്‍ഡേര്‍ എന്നിവിടങ്ങളില്‍ അഭയാര്‍ത്ഥി താമസകേന്ദ്രങ്ങളുടെ മുന്നില്‍ നടന്നുവന്ന അഭയാര്‍ത്ഥി വിരുദ്ധ പ്രതിഷേധങ്ങള്‍ക്ക് മറുപടിയായാണ് ഇത്തരത്തിലൊരു റാലി സംഘടിക്കപ്പെട്ടത്. ആരോഗ്യമേഖല, പൊതുജനസേവനം, ജീവിതച്ചിലവ് വര്‍ദ്ധനവ് എന്നീ വിഷയങ്ങളും പ്രതിഷേധത്തിന്റെ ഭാഗമായി ഉയര്‍ന്നുവന്നു.

സര്‍ക്കാരിനുള്ള വലിയൊരു സന്ദേശമാണ് പരിപാടിയിലെ വന്‍ ജനപങ്കാളിത്തമെന്ന് ആക്ടിവിസ്റ്റായ Ailbhe Smyth പറഞ്ഞു. 32 കൗണ്ടികളില്‍ നിന്നുള്ള വിവിധ സംഘടനകള്‍ ഇവിടെ എത്തിച്ചേര്‍ന്നു, അയര്‍ലന്‍ഡില്‍ ഇന്നുള്ള വൈവിധ്യങ്ങളുടെ ഒരു ആഘോഷമായി ഈ പ്രതിഷേധം മാറുകയാണെന്നും, തീവ്ര വലതുപക്ഷക്കാര്‍ പ്രചരിപ്പിക്കുന്ന വിദ്വേഷത്തിനും, തെറ്റായ സന്ദേഷങ്ങള്‍ക്കുമുള്ള മറുപടിയാണ് ഇതെന്നും അവര്‍ പറഞ്ഞു.

ആളുകളില്‍ ഭയം സൃഷ്ടിച്ചുകൊണ്ട് ഇത് അഭയാര്‍ത്ഥികള്‍ക്കെതിരായ ആയുധമാക്കി മാറ്റുകയാണ് രാജ്യത്തെ തീവ്ര വലതുവിഭാഗങ്ങള്‍ ചെയ്യുന്നതെന്ന് Black and Irish organisation പ്രതിനിധി Leon Diop പറഞ്ഞു. ജനങ്ങളിലെ ഈ ഭയത്തെ സഹാനുഭൂതിയിലൂടെ മാറ്റിക്കൊണ്ടുവരാന്‍ നമുക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ പാര്‍പ്പിട പ്രതിസന്ധി കാലങ്ങളായി നിലനില്‍ക്കുന്നതാണ്, ഇതിന്റെ കാരണം അഭയാര്‍ത്ഥികളല്ല, മറിച്ച് സര്‍ക്കാര്‍ തന്നെയാണ്, ഇത് പരിഹരിക്കപ്പെടാന്‍ പാര്‍ലിമെന്റിലേക്കാണ് പ്രതിഷേധം നടത്തേണ്ടത്, മറിച്ച് അഭയാര്‍ത്ഥി കേന്ദ്രങ്ങളിലേക്കല്ല എന്ന് Akidwa സ്ഥാപകയായ ഡോക്ടര്‍ Salome Mbugua പറഞ്ഞു. ഹൌസിങ്- ജീവിതച്ചിലവ് പ്രതിസന്ധികളില്‍ കുടിയേറ്റക്കാരെയോ, അഭയാര്‍ത്ഥികളെയല്ല കുറ്റപ്പെടുത്തേണ്ടത്, മറിച്ച് സര്‍ക്കാരിനെയാണെന്ന് യുണൈറ്റഡ് United Against Racism അദ്ധ്യക്ഷ Memet Uludag പറഞ്ഞു.

അഭയാര്‍ത്ഥി കേന്ദ്രങ്ങളില്‍ നടക്കുന്ന ഇത്തരം പ്രതിഷേധങ്ങളുടെ പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്, ഇത് അവിടങ്ങളിലെ കുട്ടികളിലടക്കം ഭയം ജനിപ്പിക്കുകയാണെന്ന് Movement of Asylum Seekers in Ireland സ്ഥാപക Lucky Khambule പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: