ഡബ്ലിൻ വിമാനത്താവളത്തിൽ വീണ്ടും ഡ്രോൺ സാന്നിദ്ധ്യം ; മൂന്ന് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു ; വലഞ്ഞ് മലയാളി യാത്രക്കാരും

ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ നിയന്ത്രിതമേഖലയില്‍ വീണ്ടും ഡ്രോണ്‍ സാന്നിദ്ധ്യം. വ്യാഴാഴ്ച വൈകുന്നേരമാണ് വീണ്ടും ഡ്രോണ്‍ കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് മൂന്ന് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. അരമണിക്കൂറോളം വിമാനത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും തടസ്സപ്പെടുകയും ചെയ്തു. വൈകുന്നേരും 6.27 നും 5.59 നും ഇടയിലുള്ള അരമണിക്കൂര്‍ നേരമാണ് വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

Stansted ല്‍ നിന്നും ഡബ്ലിനിലേക്കുള്ള Ryanair വിമാനം Shannon ലേക്ക് വഴിതിരിച്ചുവിട്ടെങ്കിലും ഇത് പിന്നീട് ഡബ്ലിനിലേക്ക് തന്നെ തിരികെവന്നു. ദുബായില്‍ നിന്നും ഡബ്ലിനിലേക്കുള്ള എമിറേറ്റ്സ് വിമാനം Shannon ലേക്കും, Budapest ല്‍ നിന്നും ഡബ്ലിനിലേക്കുള്ള Ryanair വിമാനം Belfast ലേക്കുമാണ് വഴിതിരിച്ചുവിട്ടത്. ദുബായില്‍ നിന്നുള്ള എമിറേറ്റ്സ് വിമാനത്തില്‍ നിരവധി മലയാളി യാത്രക്കാരും ഉണ്ടായിരുന്നു.

ജനുവരി മുതല്‍ ഇത് ആറാം തവണയാണ് ഡ്രോണ്‍ സാന്നിദ്ധ്യം മൂലം ഡബ്ലിന്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുന്നത്. തുടര്‍ച്ചയായി ഡ്രോണുകള്‍ കാണപ്പെടുന്ന സാഹചര്യത്തില്‍ എവിയേഷന്‍ അധികൃതര്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്ന് വിവിധ എയര്‍ലൈനുകള്‍ ആവശ്യപ്പെട്ടു.

തുടര്‍ച്ചയായി സര്‍വ്വീസുകള്‍ തടസ്സപ്പെടുകയും, യാത്രക്കാര്‍ ദുരിതത്തിലാവുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് Ryanair മേധാവി Michael O’Leary പറഞ്ഞു. ഉചിതമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ ട്രാന്‍സ്പോര്‍ട്ട് മിനിസ്റ്റര്‍ Eamon Ryan പരാജയപ്പെടുന്നതായും, പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ലെങ്കില്‍ മിനിസ്റ്റര്‍ രാജിവയ്ക്കണമെന്നും Ryanair ആവശ്യപ്പെട്ടു.അതേസമയം ഇതുസംബന്ധിച്ച കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിറ്റി, ഐറിഷ് ഏവിയേഷന്‍ അതോറിറ്റി‍, മറ്റ് സ്റ്റേറ്റ് ഏജന്‍സികള്‍ എന്നിവരുമായി മിനിസ്റ്റര്‍ ഇന്ന് കൂടിക്കാഴ്ച നടത്തും.

Share this news

Leave a Reply

%d bloggers like this: