വെക്സ്ഫോർഡ് ആശുപത്രിയിലെ മറ്റേണിറ്റി സേവനങ്ങൾ ഇന്നുമുതൽ പുനരാരംഭിക്കും ; പ്രധാനമന്ത്രി ഇന്ന് ആശുപത്രി സന്ദർശിക്കും

തീപിടുത്തമുണ്ടായ വെക്സ്ഫോഡ് ജനറല്‍ ആശുപത്രിയിലെ മറ്റേണിറ്റി വിഭാഗം സേവനങ്ങള്‍ ഇന്നു(03-03-23) രാവിലെ 9 മണിമുതല്‍ പുനരാരംഭിക്കും. ഹോസ്പിറ്റല്‍ മാനേജര്‍ Linda O’Leary ആണ് ഇക്കാര്യമറിയിച്ചത്. അതേസമയം ആശുപത്രിയിലെ ഒ.പി അപ്പോയിന്‍മെന്റുകള്‍ തിങ്കളാഴ്ച മുതല്‍ മാത്രമേ ആരംഭിക്കുകയുള്ളൂ. ആശുപത്രി പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനസജ്ജമാവാന്‍ കാലതാമസമുണ്ടാവുമെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി Stephen Donnelly പറഞ്ഞിരുന്നു.

തീപിടുത്തം മൂലവും, തുടര്‍ന്നുണ്ടായ പുക മൂലവും ആശുപത്രിക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചതായി O’Leary പറഞ്ഞു. ഘട്ടം ഘട്ടമായി എത്രയും പെട്ടെന്ന് മറ്റു സര്‍വ്വീസുകളും ആശുപത്രിയില്‍ പുനരാരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും അവര്‍ പങ്കുവച്ചു. തീപിടുത്തത്തിന്റെ കാരണം കണ്ടെത്തുന്നതിനായുള്ള വിശദമായ പരിശോധനകള്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ ആശുപത്രിയില്‍ തുടരുകയാണ്.

“കത്തിയമര്‍ന്ന ചാരത്തില്‍ നിന്നും പൂര്‍വ്വാധികം ശക്തിയോടെ വെക്സോഫോഡ് ആശുപത്രിയെ തിരികെ കൊണ്ടുവരുമെന്ന് ” ഉപപ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ കഴിഞ്ഞ ദിവസം പറഞ്ഞു. ആശുപത്രിയുടെ പുനര്‍നിര്‍മ്മാണത്തിന് സര്‍ക്കാരിന്റെ എല്ലാ പിന്തുണയും ഉണ്ടാവുമെന്ന് ആരോഗ്യമന്ത്രിയും ഉറപ്പ് നല്‍കി.

അതേസമയം പ്രധാനമന്ത്രി ലിയോ വരദ്കര്‍ ഇന്ന് ആശുപത്രി സന്ദര്‍ശിക്കും. നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനോടൊപ്പം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത ആശുപത്രി ജീവനക്കാരെയും അദ്ദേഹം നേരില്‍ കാണും.

Share this news

Leave a Reply

%d bloggers like this: