വെക്സ്ഫോർഡ് ആശുപത്രിയിൽ വൻ തീപിടുത്തം ;രോഗികളെയെല്ലാം ഒഴിപ്പിച്ചു ; ഉണർന്ന് പ്രവർത്തിച്ച മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് അഭിനന്ദനം

വെക്സ്ഫോർഡ് ജനറൽ ആശുപത്രിയിൽ വൻ തീപിടുത്തം ഉണ്ടായതിനെ തുടർന്ന് രോഗികളെ  സമീപ ആശുപത്രികളിലേക്ക് ഒഴിപ്പിച്ചു. ഇന്നലെ വൈകിട്ട് നാലുമണിയോടുകൂടിയാണ് ആശുപത്രിയിൽ വൻ തീപിടുത്തം ഉണ്ടായത്. നിരവധി ഫയർ ബ്രിഗേഡുകളുടെ കഠിന പ്രവർത്തനത്തിന് ശേഷം വൈകിട്ട് 7 മണിയോടെ മാത്രമാണ് തീപിടുത്തം നിയന്ത്രിക്കാൻ ആയത്. ആർക്കും ഗുരുതരമായ പരിക്കുകൾ ഇല്ല എന്നാണ് റിപ്പോർട്ട് ചെയ്യുന്നത്.
തീപിടുത്തത്തിലും തുടർന്നുണ്ടായ രക്ഷാപ്രവർത്തനത്തിനും ഉണ്ടായ നാശനഷ്ടങ്ങൾ മൂലം ആശുപത്രി പ്രവർത്തിപ്പിക്കാൻ കഴിയാത്ത അവസ്ഥയിലാണ് നിലവിലുള്ളത്.

200 ഓളം രോഗികളെയാണ് ഹോസ്പിറ്റലിൽ നിന്ന് ഒഴിപ്പിച്ചത്. എച്ച് എ സി യുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഒഴിപ്പിക്കലാണ് നടന്നത്. രോഗികളെ വാട്ടർഫോർഡ് യൂണിവേഴ്സിറ്റി ആശുപത്രിയിലേക്കും കിൽകെന്നി സെന്റ് ലൂക്ക് ആശുപത്രിയിലേക്കും ഡബ്ലിലിനിലുള്ള വിവിധ ആശുപത്രികളിലേക്കും ആണ് ഒഴിപ്പിച്ചത്. രാത്രി മുഴുവൻ നീണ്ട നൂറുകണക്കിന് ആംബുലൻസുകളുടെ സഹായത്തോടെ ആണ് ഒഴിപ്പിക്കൽ പൂർത്തീകരിക്കാൻ സാധിച്ചത്. ഐസിയുവിൽ അഡ്മിറ്റ് ആയിരുന്ന രോഗികളെയാണ് ആദ്യഘട്ടത്തിൽ ഒഴിപ്പിച്ചത്.എമർജൻസി ഡിപ്പാർട്ട്മെന്റിൽ പ്രവേശിപ്പിച്ചിരുന്ന അത്യാസന നിലയിലുള്ള രോഗികളെ വരെ ഒഴിപ്പിക്കേണ്ട അവസ്ഥയാണ് ഉണ്ടായത്. കഴിഞ്ഞദിവസം മാത്രം പ്രസവിച്ച ഒരു മാതാവ് നവജാതശിശുവിനൊപ്പം പുക നിറഞ്ഞ റൂമിൽ മണിക്കൂറുകൾ കഴിയേണ്ട അവസ്ഥയും ഉണ്ടായി.

അപകടത്തിന്റെ കാഠിന്യം മനസ്സിലാക്കി ഉണർന്ന് പ്രവർത്തിച്ച ഫയർ ഫൈറ്റർമാരെയും നേഴ്സുമാർ ഉൾപ്പെടെയുള്ള ആശുപത്രി ജീവനക്കാരെയും എച്ച് സി അധികൃതർ അനുമോദിച്ചു. നിരവധി മലയാളികൾ ജോലിചെയ്യുന്ന ആശുപത്രി കൂടിയാണ് ജനറൽ ആശുപത്രി. തീപിടുത്തം ഉണ്ടായ സമയത്തും നിരവധി മലയാളികൾ ആശുപത്രിയിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. തീപിടുത്തം ഉണ്ടായ സമയത്ത് രോഗികളെ സംരക്ഷിക്കുന്നതിനും അവർക്ക് മാനസിക ധൈര്യം കൊടുക്കുന്നതിനും മലയാളി ജീവനക്കാർ മുന്നിട്ടിറങ്ങിയിരുന്നു.

Share this news

Leave a Reply

%d bloggers like this: