അയർലൻഡിലെ റോഡപകട മരണങ്ങളിൽ പത്ത് ശതമാനം വർദ്ധനവെന്ന് ഗാർഡ

ഈ വര്‍ഷം ഇതുവരെയുള്ള കണക്കുകള്‍ അനുസരിച്ച് അയര്‍ലന്‍ഡിലെ റോഡപകടങ്ങള്‍ മൂലമുണ്ടായ മരണങ്ങളില്‍ 10 ശതമാനം വര്‍ദ്ധനവെന്ന് ഗാര്‍ഡ. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് 14 വരെയുള്ള കണക്കുകള്‍ പ്രകാരം 36 പേരുടെ ജീവനായിരുന്നു അയര്‍ലന്‍ഡിലെ റോഡില്‍ പൊലി‍ഞ്ഞത്. എന്നാല്‍ ഈ വര്‍ഷം ഇതേ കാലയളവില്‍ ഇത് 40 ആയി ഉയര്‍ന്നു. 2019 ലെ ഇതേ കാലയളവില്‍ സംഭവിച്ച മരണങ്ങളേക്കാള്‍ 18 ശതമാനം കൂടുതലാണ് ഇത്.

2023 ല്‍ സംഭവിച്ച മരണങ്ങളില്‍ 50 ശതമാനവും 35 വയസ്സില്‍ താഴെ പ്രായമുള്ളവരാണ് എന്നാണ് റോഡ് സേഫ്റ്റി അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് സാം വേഡ് പറയുന്നത്. കഴിഞ്ഞ വര്‍ഷം ആകെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ റോഡപകടങ്ങളില്‍ മരണപ്പെട്ടവരില്‍ 32 ശതമാനവും ഈ പ്രായ പരിധിയിലുള്ളവരായിരുന്നു.

സെന്റ് പാട്രിക്സ് ദിനാഘോഷങ്ങളുടെ ഭാഗമായി അയര്‍ലന്‍ഡിലെ റോഡുകളില്‍ തിരക്ക് വര്‍ദ്ധിക്കാനിടയുള്ള സാഹചര്യത്തിലാണ് ഗാര്‍ഡ ഈ കണക്കുകള്‍ പുറത്തുവിടുന്നത്. ലഹരിയുപയോഗിച്ച് വാഹനമോടിച്ച 1500 ലധികം പേരെ ഈ വര്‍ഷം ഇതുവരെ പിടികൂടിയതായുള്ള കണക്കുകളും ഗാര്‍ഡ പുറത്തുവിടുന്നു. ഇവരില്‍ 937 പേര്‍ മദ്യപിച്ചതിന്റെ പേരിലും, 584 പേര്‍ മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ചതിന്റെ പേരിലുമാണ് പിടിക്കപ്പെട്ടത്.

കഴിഞ്ഞ വര്‍ഷത്തെ സെന്റ് പാട്രിക്സ് ദിനാഘോഷങ്ങളുടെ വേളയില്‍ മദ്യപിച്ച് വാഹനമോടിച്ച 72 പേരെയായിരുന്നു ഗാര്‍ഡ പിടികൂടിയത്. 33 പേരെ മയക്കുമരുന്നപയോഗിച്ചതിന്റെ പേരിലും അറസ്റ്റ് ചെയ്തിരുന്നു. രാവിലെ 6 നും ഉച്ചയ്ക്ക് 12 നും ഇടയിലുള്ള സമയത്തായിരുന്നു കൂടുതല്‍ അറസ്റ്റുകളും നടന്നത്.

ഈ വര്‍ഷത്തെ സെന്റ് പാട്രിക്സ് ദിന ആഘോഷങ്ങളുടെ ഭാഗമായി ഗാര്‍ഡ വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ലഹരിയുപയോഗിച്ച് വാഹനമോടിക്കരുത് എന്ന ശക്തമമായ സന്ദേശമാണ് ഗാര്‍ഡയ്ക്ക് നല്‍കാനുള്ളതെന്ന് ഗാര്‍ഡ അസിസ്റ്റന്റ് കമ്മീഷണര്‍ Paula Hilman പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: