അഡ്മിഷൻ ഓഫർ ലെറ്ററുകൾ വ്യാജമെന്ന് കണ്ടെത്തിയ 700 ഇന്ത്യൻ വിദ്യാർത്ഥികളെ കാനഡ തിരിച്ചയക്കുന്നു

കാനഡയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള അഡ്മിഷന്‍ ഓഫര്‍ ലെറ്റര്‍ വ്യാജമാണെന്ന് കണ്ടെത്തിയ 700 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഡീപോര്‍ട്ടേഷന്‍ നോട്ടീസ് അയച്ച് കനേഡിയന്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഏജന്‍സി(CBSA). ജലന്ധര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എജ്യൂക്കേഷന്‍ മൈഗ്രേഷന്‍ സര്‍വ്വീസസ് എന്ന സ്ഥാപനത്തിന്റെ തട്ടിപ്പിന് ഇരയായ വിദ്യാര്‍ത്ഥികളെയാണ് നിലവില്‍ തിരിച്ചയക്കാനായി CBSA നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. കാനഡയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ‍ശേ‍ഷം ഈ വിദ്യാര്‍ത്ഥികള്‍ PR നായി അപേക്ഷ സമര്‍പ്പിച്ചപ്പോഴാണ് ഇത്തരമൊരു തട്ടിപ്പ് CBSA കണ്ടെത്തുന്നതും, നടപടിയെടുക്കാന്‍ തീരുമാനിക്കുന്നതും. ഈ വിദ്യാര്‍ത്ഥികളില്‍ പലര്‍ക്കും കാനഡയില്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുകയും ചെയ്തിരുന്നു.

2019-22 കാലയളവില്‍ എജ്യൂക്കേഷന്‍ മൈഗ്രേഷന്‍ സര്‍വ്വീസസ് സ്ഥാപനത്തിലൂടെ കാനഡ വിസ നേടിയവരാണ് നിലവില്‍ പ്രതിസന്ധി നേരിടുന്നത്. ബ്രിജേഷ് മിസ്ര എന്നയാളാണ് ഈ സ്ഥാപനം നടത്തുന്നത്. കാനഡയിലെ പ്രീമിയര്‍ കോളേജായ Humber college ന്റെ പേരിലുള്ള വ്യാജ ഓഫര്‍ ലെറ്റര്‍ നല്‍കിയാണ് ഇയാള്‍ വിദ്യാര്‍ത്ഥികളെ കാനഡയിലേക്കയച്ചത്. ഓരോ വിദ്യാര്‍ത്ഥിയില്‍ നിന്നും 16 ലക്ഷം മുതല്‍ 20 ലക്ഷം വരെ ഇയാള്‍ ഫീസ് ഇനത്തില്‍ ഈടാക്കുകയും ചെയ്തു.

കാനഡയില്‍ എത്തിയ ശേഷമാണ് ഈ വിദ്യാര്‍ത്ഥികള്‍ക്ക് ബ്രിജേഷിന്റെ സ്ഥാപനത്തില്‍ നിന്നും ഒരു ഫോണ്‍ കോള്‍ വരുന്നത്. Humber college ലെ നിലവിലെ സീറ്റുകള്‍ കഴിഞ്ഞതായും, ഇതിനാല്‍ അടുത്ത സെമസ്റ്റര്‍ വരെ കാത്തിരിക്കുകയോ, മറ്റു കോളേജുകളില്‍ അഡ്മിഷന്‍ നേടുകയോ വേണമെന്ന് ഇവര്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു. Humber college ലെ ഫീസ് ഇയാള്‍ തിരിച്ചു നല്‍കുകുയും ചെയ്തതോടെ ഈ വിദ്യാര്‍ത്ഥികള്‍ ബ്രിജേഷ് മിശ്രയുടെ തട്ടിപ്പില്‍ വീഴുകയായിരുന്നു.

തട്ടിപ്പ് മനസ്സിലാകാത്ത വിദ്യാര്‍ത്ഥികള്‍ ബ്രിജേഷിന്റെ നിര്‍ദ്ദേശ പ്രകാരം മറ്റൊരു സാധാരണ കോളേജില്‍ രണ്ട് വര്‍ഷ ഡിപ്ലോമ കോഴ്സുകളില്‍ ജോയിന്‍ ചെയ്തു. ക്ലാസുകള്‍ പൂര്‍ത്തിയായ ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുകയും തുടര്‍ന്ന് ഇവര്‍ PR നായി അപേക്ഷ നല്‍കുകയും ചെയ്തു.

ഈ ഘട്ടത്തില്‍ CBSA നടത്തിയ സൂക്ഷമപരിശോധനയിലാണ് വിസ നടപടികള്‍ക്കായി സമര്‍പ്പിച്ച ഓഫര്‍ ലെറ്റര്‍ വ്യാജമാണെന്ന് കണ്ടെത്തിയത്. ഒരു ഹിയറിങ്ങിനുള്ള അവസരം നല്‍കിയ ശേഷം ഈ വിദ്യാര്‍ത്ഥികള്‍ക്ക് CBSA ഡീപോര്‍ട്ടേഷന്‍ നോട്ടീസുകള്‍ അയക്കുകയും ചെയ്തു.

വിസ അപ്ലിക്കേഷനില്‍ ഒരിടത്തു പോലും ഏജന്റ് ഒപ്പുവച്ചിട്ടില്ല എന്നും, തന്ത്രപരമായി തങ്ങളെക്കൊണ്ടു തന്നെ ഒപ്പു വയ്പ്പിച്ച ശേഷം സെല്‍ഫ് അപ്ലിക്കന്റ് എന്ന രീതിയിലാണ് അപേക്ഷകള്‍ സമര്‍പ്പിച്ചതെന്നും ഡീപോര്‍ട്ടേഷന്‍ നോട്ടീസ് ലഭിച്ച ഒരു വിദ്യാര്‍ത്ഥി പറഞ്ഞു. ഏജന്റായ ബ്രിജേഷ് മിശ്രയുടെ പങ്ക് തെളിയിക്കാനുള്ള അവസരവും ഇതോടെ വിദ്യാര്‍ത്ഥികള്‍ക്ക് ഇല്ലാതാവുകയാണ്.

വിസ അനുവദിക്കുകയും, ഈ വിദ്യാര്‍ത്ഥികള്‍ക്ക് കാനഡയിലേക്കുള്ള എന്‍ട്രി അനുവദിക്കുകയും ചെയ്ത കനേഡിയന്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വന്ന പിഴവുകളും നിലവില്‍ CBSA പരിഗണിക്കുന്നില്ല. നിരപരാധിത്വം തെളിയിക്കുന്നതിനായി ഈ വിദ്യാര്‍ത്ഥികള്‍ കോടതിയില്‍ പോവുകയാണെങ്കില്‍ അത് വളരെയേറെ ചിലവേറിയതും, നാല് വര്‍ഷം വരെ കാലാതാമസവുണ്ടാവുന്ന നടപടികളാണ്. ബ്രിജേഷ് മിശ്രയുടെ ഓഫീസുമായി ബന്ധപ്പെടാന്‍ ഈ വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കള്‍ ശ്രമിച്ചെങ്കിലും ഓഫീസ് അടച്ചിട്ട നിലയിലാണ്.

Share this news

Leave a Reply

%d bloggers like this: