ആവശ്യമായ രേഖകളില്ലാതെ ഡബ്ലിൻ എയർപോർട്ടിലെത്തുന്ന ആളുകളുടെ എണ്ണത്തിൽ 50 ശതമാനം കുറവ്

ആവശ്യമായ രേഖകളില്ലാതെ ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെത്തുന്ന യാത്രക്കാരുടെ എണ്ണം 2022 ഡിസംബറിന് ശേഷ‍ം 50 ശതമാനം കുറഞ്ഞതായി ജസ്റ്റിസ് മിനിസ്റ്റര്‍ സൈമണ്‍ ഹാരിസ്. ഡിസംബറില്‍ 451 പേരായിരുന്നു ഇത്തരത്തില്‍ എത്തിച്ചേര്‍ന്നത്. ജനുവരിയോടെ ഇത് 325 ആയി കുറഞ്ഞതായും, ഫെബ്രുവരിയില്‍ ഇത് 223 ആയതായും മിനിസ്റ്റര്‍ പറഞ്ഞു.

ലോകത്തിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ ഗാര്‍ഡ ഉദ്യോഗസ്ഥരെ നിയമിച്ചതിനാലാണ് ഇത്തരത്തില്‍ കുറവുണ്ടായതെന്നാണ് മിനസ്റ്റര്‍ വിലയിരുത്തിയത്. അതേസമയം ഏതൊക്കെ എയര്‍പോര്‍ട്ടുകളിലാണ് ഗാര്‍ഡയുടെ സാന്നിദ്ധ്യം ഉള്ളതെന്നു സംബന്ധിച്ച് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. RTE യുടെ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രേഖകളില്ലാതെ ആളുകള്‍ കൂടുതലായി എത്തുന്ന റൂട്ടുകളിലാണ് ഗാര്‍ഡയുടെ നിരീക്ഷണമുണ്ടാവുക, ഇവര്‍ റൂട്ടുകള്‍ മാറ്റുന്ന സമയങ്ങളില്‍ ഗാര്‍ഡയും ഉചിതമായ ഇടപെ‌ടലുകള്‍ നടത്തും, പീഢനങ്ങളും മറ്റും ഭയന്ന് ഇവിടേക്കെത്തുന്ന ആളുകളെക്കുറിച്ചല്ല, മറിച്ച് ആളുകളെ ചൂഷണം ചെയ്തുകൊണ്ട് പണം തട്ടിയെടുക്കുന്ന ക്രിമിനല്‍ സംഘങ്ങളെക്കുറിച്ചാണ് താന്‍ പറഞ്ഞുവരുന്നതെന്നും മന്ത്രി പറഞ്ഞു.

അയര്‍ലന്‍ഡിലേക്കെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൂടുതല്‍ സാധുതയുള്ളതും, നിയമപരവുമായ മാര്‍ഗ്ഗങ്ങളൊരുക്കുക എന്നതാണ് തങ്ങള്‍ ലക്ഷ്യമിടുന്നത്, ആളുകള്‍ ഇവിടേക്കെത്തുകയും, തങ്ങളുടെ സമ്പദ്‍വ്യവസ്ഥയുടെ ഭാഗമാവണമെന്നുമാണ് തങ്ങളുടെ ആഗ്രഹമെന്നും മന്ത്രി പറഞ്ഞു.

പ്രതിവര്‍ഷം 40000 ത്തോളം വര്‍ക്ക് പെര്‍മിറ്റുകള്‍ അയര്‍ലന്‍ഡ് നല്‍കിവരുന്നുണ്ട്, അയര്‍ലന്‍ഡിന്റെ ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ സ്കീമുകളും വളരെ മികച്ചതാണ്. എന്നാല്‍ പ്രൊസസിങ് സമയം വേഗത്തിലാക്കുക എന്നതാണ് ഇവര്‍ക്കായി അയര്‍ലന്‍ഡിന് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യം, ഇതിനായി ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ ഓഫീസുകളിലെ ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ പദ്ധതിയുണ്ടെന്നും മിനിസ്റ്റര്‍ സൈമണ്‍ ഹാരിസ് പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: