നഴ്സിംഗ് മേഖലയിലെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടണം: നാഷണൽ കോൺഫെറൻസിൽ ഉയർന്ന ആവശ്യങ്ങൾ നടപ്പിലാക്കാൻ മൈഗ്രന്റ് നഴ്സസ് അയർലണ്ട്

കഴിഞ്ഞ ജനുവരി 21-ന് നടന്ന മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ (MNI) ദേശീയ സമ്മേളനം പങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും വൻവിജയമാകുകയും അയർലണ്ടിലെ നഴ്സിംഗ് മേഖലയിലെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള നിരവധി മാർഗ്ഗനിർദ്ദേശങ്ങൾ സമ്മേളനത്തിൽ ഉയർന്നു വരികയും ചെയ്തു. സമ്മേളത്തിൽ ചിൽഡ്രൻ, ഇക്വാലിറ്റി, ഡൈവേഴ്സിറ്റി, ഇൻക്ലൂഷൻ മന്ത്രി റോഡറിക്ക് ഓഗോർമാൻ, ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈഫറി ജനറൽ സെക്രട്ടറി ഫിൽ നിഹെ, നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി ബോർഡ് ഓഫ് അയർലണ്ട് ഡയറക്ടർ ഓഫ് റെജിസ്ട്രേഷൻസ് റേ ഹീലി, ഫിലിപ്പീൻസ് കോൺസുലാർ ജനറൽ ക്രിസ്റ്റഫർ റെയ്മണ്ട്, ഐറിഷ് ഹ്യൂമൻ റൈറ്സ് ആൻഡ് ഇക്വാലിറ്റി കമ്മിഷൻ, നഴ്സിംഗ് ഹോം അയർലണ്ട് എന്നീ സംഘടനകളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുക്കുകയും ഇന്ത്യൻ അംബാസ്സറുടെ സന്ദേശം സമ്മേളനത്തിൽ വായിക്കുകയും ചെയ്തു.

സമ്മേളനത്തിൽ ഉയർന്ന ആവശ്യങ്ങൾ മന്ത്രിയടക്കമുള്ള അതിഥികളുടെ മുൻപാകെ വയ്ക്കുകയും അവ നടപ്പിലാക്കാൻ അവർ പിന്തുണക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.


സമ്മേളനത്തിൽ ഉയർന്ന ഏറ്റവും പ്രധാനപ്പെട്ട ഒരാവശ്യം നഴ്സുമാരുടെ ക്രിട്ടിക്കൽ സ്കിൽ പെർമിറ്റുമായി ബന്ധപ്പെട്ടതായിരുന്നു. നിലവിൽ അയർലണ്ടിൽ ജോലിക്കെത്തുന്ന ഒരു നഴ്സിന് ജോലി സാഹചര്യങ്ങളിൽ തൃപ്തിയില്ലെങ്കിലോ വളരെ മോശമായ അനുഭവങ്ങൾ ഉണ്ടായാലോ ആദ്യത്തെ രണ്ടു വർഷങ്ങൾക്കുള്ളിൽ പ്രത്യേകിച്ച് ആദ്യത്തെ ഒരു  വർഷത്തിനുള്ളിൽ പുതിയ ഒരു ജോലിക്കായി ക്രിറ്റിക്കൽ സ്കിൽ പെർമിറ്റിന് അപേക്ഷിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. എന്നാൽ തൊഴിൽ ഉടമക്ക് എപ്പോൾ വേണമെങ്കിലും നഴ്സിനെ പുറത്താക്കാനും സാധിക്കും. ഇത് പലപ്പോഴും തൊഴിൽ ചൂഷണത്തിന് കാരണമാകുകയും നഴ്സുമാർ മെച്ചമല്ലാത്ത തൊഴിൽ സാഹചര്യങ്ങളിൽ തുടരാൻ നിർബന്ധിതമാകുകയും ചെയ്യുന്നു. ക്രിട്ടിക്കൽ സ്കിൽ പെർമിറ്റ് സംബന്ധമായ ഈ ചട്ടം മാറ്റണമെന്നും ഒരു നഴ്സിന് തൃപ്തമല്ലാത്ത ജോലി സാഹചര്യങ്ങൾ ഉണ്ടായാൽ എപ്പോൾ വേണമെങ്കിലും പുതിയ ഒരു ജോലിയിലേക്ക് മാറാനും ഉള്ള സാഹചര്യം ഉണ്ടാവണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.


ജോലി സ്ഥലത്തെ വംശീയ അധിക്ഷേപമടക്കമുള്ള മോശം പ്രവർണതകളിൽ സമ്മേളനം ആശങ്ക പ്രകടിപ്പിക്കുകയും ഇവയെ നേരിടാൻ ഡിഗ്നിറ്റി അറ്റ് വർക്ക് പോളിസി കർശനമായി നടപ്പാക്കണമെന്നും ഇക്വാലിറ്റി,ഡൈവേഴ്സിറ്റി, ഇൻക്ലൂഷൻ നയങ്ങൾ കാലോചിതമായി പരിഷ്കരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ആരോഗ്യമേഖലയിലെ എല്ലാ ജീവനക്കാർക്കും പ്രത്യേകിച്ച് മാനേജർമാർക്കും നയരൂപീകരണത്തിൽ പങ്കെടുക്കുന്നവർക്കും നിർബന്ധിതമായി ഇക്വാലിറ്റി,ഡൈവേഴ്സിറ്റി, ഇൻക്ലൂഷൻ സംബന്ധിച്ച പരിശീലനം നൽകണമെന്ന ആവശ്യവും സമ്മേളനത്തിൽ ഉയർന്നു.

കൂടാതെ അയർലണ്ടിലെ നിലവിലെ ഭവനങ്ങളുടെ അപര്യാപ്തതയും ഉയർന്ന വാടകയും നഴ്സുമാർക്ക് താങ്ങാനാവാത്ത സാഹചര്യത്തിൽ ഗവണ്മെന്റ് ഉടനെ ഇക്കാര്യത്തിൽ ഇടപെടണമെന്നും സമ്മേളനത്തിൽ ആവശ്യമുയർന്നു. ഇക്കാരണങ്ങളാൽ നിലവിൽ അയർലണ്ടിലേക്ക് ജോലിക്കു വരാൻ നഴ്സുമാർ മടിക്കുകയും അവർ മറ്റു പാശ്ചാത്യ രാജ്യങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്യുന്ന സ്ഥിതിയും സമ്മേളനത്തിൽ പ്രതിനിധികൾ ചൂണ്ടിക്കാണിച്ചു. സമ്മേളനത്തിൽ ഉയർന്ന ഒരു പ്രധാന ആവശ്യം നഴ്സുമാർക്ക് സഹായകരമായ രീതിയിൽ ഉള്ള ആപ്റ്റിട്യൂട്/അഡാപ്റ്റേഷൻ പ്രോഗ്രാമുകളുടെ സമ്പൂർണ്ണ പരിഷ്കരണമാണ്. ഇക്കാര്യത്തിൽ തുടർന്നും NMBI യുമായി സഹകരിച്ചു പ്രവർത്തിക്കാനും അങ്ങനെ ഈ ആവശ്യങ്ങൾ പരിഹരിക്കപ്പെടുന്നതുവരെ മുന്നോട്ടു പോകാനും സമ്മേളനം തീരുമാനിച്ചു.


സമ്മേളന ആവശ്യങ്ങൾ ഇതിനോടകം തന്നെ INMO വഴി ബന്ധപ്പെട്ട വകുപ്പുമാരുടെ മന്ത്രിമാരോട് ഉന്നയിക്കുകയും പ്രശ്നപരിഹാരത്തിനുള്ള നടപടികൾ തുടങ്ങുകയും ചെയ്തിട്ടുണ്ട്. ഇത് കൂടാതെ മൈഗ്രന്റ് നഴ്സസ് അയർലണ്ട് ഭാരവാഹികൾ അയർലണ്ടിലെ ഷിൻ ഫൈൻ, സോഷ്യൽ ഡെമോക്രറ്റ്സ്, പീപ്പിൾ ബിഫോർ പ്രോഫിറ്റ് തുടങ്ങിയ രാഷ്ട്രീയ പാർട്ടികളുടെ പാർലമെന്റ് അംഗങ്ങളുടെ ശ്രദ്ധയിൽപെടുത്തുകയും ചെയ്തിട്ടുണ്ട്. എച്ച് എസ് ഇയുടെ SLAINTECARE പദ്ധതിയുടെ ചെയർപേഴ്സൺ ആയിരുന്ന പാർലമെന്റ് അംഗം റോഷീൻ ഷോർട്ടാളും പീപ്പിൾ ബിഫോർ പ്രോഫിറ്റ് പാർട്ടിയുടെ പാർലമെന്റ് അംഗം മൈക്ക് ബാറിയും ഈ വിഷയങ്ങൾ പാർലമെൻറിൽ അവതരിപ്പിക്കാമെന്നും ഉറപ്പു നൽകി.

അതോടൊപ്പം തന്നെ ഹെൽത്ത് കെയർ അസിസ്റ്റന്റുമാരുടെ പ്രശ്നങ്ങളും മൈഗ്രന്റ് നഴ്സസ് അയർലണ്ട് ഭാരവാഹികൾ ജനപ്രതിനിധികളുടെ ശ്രദ്ധയിൽ പെടുത്തുകയും പ്രശ്‌നപരിഹാരത്തിന് മുന്നിട്ടിറങ്ങുമെന്നു തീരുമാനിക്കുകയും ചെയ്തു

Share this news

Leave a Reply

%d bloggers like this: