അയർലൻഡിൽ ആശുപത്രികളിലെ മാസ്ക് നിബന്ധന ഏപ്രിൽ 19 വരെ മാത്രം

അയര്‍ലന്‍ഡിലെ ആശുപത്രികളില്‍ മാസ്ക് നിബന്ധനയ്ക്ക് ഏപ്രില്‍ 19 മുതല്‍ ഇളവ്. The Health Protection Surveillance Centre (HSPC) പുറത്തിറക്കിയ ഏറ്റവും പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തിലാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശമുള്ളത്. ഏപ്രില്‍ 19 മുതല്‍ താത്പര്യമുള്ളവര്‍ മാത്രം മാസ്ക് ധരിച്ചാല്‍ മതിയാവും എന്നാണ് മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നത്.

അതേസമയം കോവിഡ് ബാധിതരായതോ, കോവിഡ് ബാധ സംശയിക്കുന്നതോ ആയ രോഗികളുമായി ഇടപഴകുന്ന ജീവനക്കാരും, സന്ദര്‍ശകരും നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന് മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.

കൂടാതെ ഇന്‍ഫെക്ഷന്‍ പ്രിവന്‍ഷന്‍ ആന്റ് കണ്‍ട്രോള്‍ ടീം നല്‍കുന്ന മുന്നറിയിപ്പുകള്‍ അനുസരിച്ച് കോവിഡ്, മറ്റ് വൈറല്‍ രോഗങ്ങള്‍ എന്നിവ പടരാന്‍ സാധ്യതയുള്ള ഇടങ്ങളിലും മാസ്ക് ധരിക്കുന്നത് തുടരണമെന്നും HSPC നിര്‍ദ്ദേശിക്കുന്നു. കോവിഡ് സംബന്ധമായതോ, മറ്റു വൈറല്‍ രോഗലക്ഷണങ്ങളോ ഉള്ളതുമായ രോഗികളുടെ കൂടെ ജനറല്‍ വാര്‍ഡുകളിലും മറ്റുമായി കഴിയുന്ന രോഗികള്‍ക്ക് മാസ്ക് നല്‍കണമെന്ന് HSPC നിര്‍ദ്ദശത്തില്‍ പറയുന്നുണ്ട്.

ആശുപത്രികള്‍, കമ്മ്യൂണിറ്റി ആശുപത്രികള്‍, മാനസികാരോഗ്യ കേന്ദ്രങ്ങള്‍, റീഹാബിലിറ്റേഷന്‍ കേന്ദ്രങ്ങള്‍ എന്നിവയ്ക്കു പുറമേ റെസിഡ‍ന്‍ഷ്യല്‍ കെയര്‍ ഫെസിലിറ്റികളിലും, പാലിയേറ്റിവ് കെയര്‍ സര്‍വ്വീസുകള്‍ക്കും ഈ നിര്‍ദ്ദേശങ്ങള്‍ ബാധകമാണ്.

Share this news

Leave a Reply

%d bloggers like this: