ഗാർഡയെന്ന് അവകാശപ്പെട്ട് വീടുകളിൽ നിന്നും പണം തട്ടി; അഞ്ച് പേർ അറസ്റ്റിൽ

ഗാര്‍ഡയെന്ന് തെറ്റിദ്ധരിപ്പിച്ച് വീടുകളില്‍ നിന്നും പണം തട്ടിയെടുക്കാന്‍ ശ്രമിച്ച അഞ്ച് പേര്‍ അറസ്റ്റില്‍. നാല് പുരുഷന്മാരെയും ഒരു സ്ത്രീയെയുമാണ് അറസ്റ്റ് ചെയ്തത്. ഇവരെ നിലവില്‍ വിവിധ സ്റ്റേഷനുകളിലായി ചോദ്യം ചെയ്തുവരികയാണ്.

റൂറല്‍ ഏരിയകളിലുള്ള വീടുകള്‍ ലക്ഷ്യമിട്ടാണ് സംഘം തട്ടിപ്പുകള്‍ നടത്തിയിരുന്നത്. വീടുകളിലേയ്ക്ക് വിളിച്ച ശേഷം പ്രദേശത്തെ മോഷണസംഭവങ്ങള്‍ അന്വേഷിക്കുന്ന ഗാര്‍ഡ ഉദ്യോഗസ്ഥരാണ് തങ്ങളെന്നും, പണം നഷ്ടമായ ഉടമകളെ കണ്ടെത്താന്‍ തങ്ങള്‍ ശ്രമിക്കുകയാണ് എന്നുമായിരുന്നു ഇവര്‍ അവകാശപ്പെട്ടിരുന്നത്.

തങ്ങളുടെ കൈയിലുള്ള പണവും, വീട്ടുടമയുടെ കൈയിലുള്ള പണവും ഒത്തുനോക്കുകയും, പിന്നീട് വീട്ടുടമയുടെ കൈയിലുള്ള പണം കൈക്കലാക്കി മടങ്ങുകയുമാണ് ഇവര്‍ ചെയ്തിരുന്നത്.

15 കൗണ്ടികളിലായി ഇവര്‍ ഇത്തരത്തില്‍ തട്ടിപ്പുകള്‍ നടത്തിയതായാണ് സംശയം. മൂന്ന് കൗണ്ടികളില്‍ തിരച്ചില്‍ നടക്കുകയാണ്. കഴിഞ്ഞ 10 മാസത്തിനിടെ കിഴക്കന്‍, മധ്യ കൗണ്ടികളിലാണ് പ്രധാനമായും തട്ടിപ്പുകള്‍ നടന്നത്.

അതേസമയം തങ്ങള്‍ ഇത്തരത്തില്‍ വീടുകളില്‍ വിളിച്ച് പണം നഷ്ടമായോ എന്നും മറ്റും ചോദിക്കില്ലെന്ന് ഗാര്‍ഡ വ്യക്തമാക്കി. വീട്ടിലെത്തുന്ന ആളുകള്‍ ഗാര്‍ഡ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞാല്‍ പോലും അവരെ പൂര്‍ണ്ണമായും വിശ്വസിക്കരുതെന്നും ഗാര്‍ഡ വ്യക്തമാക്കി.

ഗാര്‍ഡ എന്ന പേരില്‍ ആരെങ്കിലും വീട്ടിലെത്തിയാല്‍ അവര്‍ ഔദ്യോഗികരേഖകള്‍ കാണിക്കുകയും, ലോക്കല്‍ ഗാര്‍ഡ സ്‌റ്റേഷനില്‍ വിളിച്ച് നിങ്ങള്‍ അന്വേഷിക്കുന്നത് വരെ കാത്ത് നില്‍ക്കുകയും ചെയ്യും.

Share this news

Leave a Reply

%d bloggers like this: