Patient Safety Bill-ന് അയർലണ്ടിൽ അംഗീകാരം; ആശുപത്രികൾ ചികിത്സാ വിവരങ്ങൾ പരസ്യമാക്കണമെന്ന് വ്യവസ്ഥ

ചികിത്സാരംഗത്ത് കൂടുതല്‍ സുതാര്യത ഉറപ്പുവരുത്തുന്ന Patient Safety Bill-ന് അര്‍ലണ്ടില്‍ അംഗീകാരം. ഈ ബില്‍ കഴിഞ്ഞ ദിവസം Oireachtas പാസാക്കിയതോടെ വിവിധ സംഘടനകളുടെ കാലങ്ങളായുള്ള ആവശ്യം ഫലം കണ്ടിരിക്കുകയാണ്.

Patient Safety Bill പ്രകാരം ഇനിമുതല്‍ ചികിത്സയ്ക്കിടെ പ്രത്യേക സുരക്ഷാ പ്രശ്‌നങ്ങള്‍, സംഭവങ്ങള്‍ എന്നിവ ഉണ്ടായാല്‍ ആശുപത്രികള്‍ അത് രോഗികളെയും, രോഗികളുടെ ബന്ധുക്കളെയും അറിയിക്കേണ്ടത് നിര്‍ബന്ധമാണ്. ഒപ്പം സ്‌ക്രീനിങ് റിസല്‍ട്ടുകള്‍ പുനഃപരിശോധിക്കാനും അവര്‍ക്ക് അവകാശമുണ്ട്.

ഫെബ്രുവരി മാസത്തില്‍ തന്നെ Dail ബില്‍ പാസാക്കിയിരുന്നു. ഇനി പ്രസിഡന്റ് ഒപ്പ് വയ്ക്കുന്നതോടെ ബില്‍ നിയമമാകും.

രോഗികള്‍ക്ക് അവരുടെ ആരോഗ്യവിവരം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന വിവിധ കാംപെയിനുകളാണ് പ്രസ്തുത ബില്ലിന്റെ രൂപീകരണത്തിലേയ്ക്കും, പ്രധാനപ്പെട്ട ഈ നിയമത്തിന്റെ നിര്‍മ്മാണത്തിലേയ്ക്കും നയിച്ചിരിക്കുന്നത്. CervicalCheck screening വിവാദത്തെ തുടര്‍ന്ന് രൂപീകൃതമായ 221+ ഗ്രൂപ്പ് അടക്കമുള്ളവ ഈ ബില്ലിനായി വാദിച്ചിരുന്നു.

രോഗിയുടെ ചികിത്സയ്ക്കിടെ സംഭവിക്കുന്ന ‘അറിയിക്കേണ്ടതായ സംഭവങ്ങള്‍’ ഉണ്ടായാല്‍ അവ ഇനിമുതല്‍ ആശുപത്രികള്‍ ഏഴ് ദിവസത്തിനുള്ളില്‍ Health Information and Quality Authority, the Chief Inspector of Social Services അല്ലെങ്കില്‍ the Mental Health Commission എന്നിവരെ ആരെയെങ്കിലും അറിയിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. ഇത് പാലിക്കാത്ത പക്ഷം ആശുപത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുകയും, 5,000 യൂറോ വരെ പിഴ ഈടാക്കുകയും ചെയ്യും.

ബില്ലിലെ മറ്റൊരു വ്യവസ്ഥ പ്രകാരം ക്യാന്‍സര്‍ രോഗികള്‍ക്ക് അവരുടെ സ്‌ക്രീനിങ് റിസല്‍ട്ടുകള്‍ പരിശോധിക്കാനുള്ള അവകാശമുണ്ട്. ‘Part 5 review’ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത്തരത്തില്‍ CervicalCheck, BreastCheck, Bowel Screen എന്നീ റിസല്‍ട്ടുകള്‍ എന്നിവ രോഗിക്കോ, ബന്ധുക്കള്‍ക്കോ ആവശ്യപ്രകാരം നല്‍കാന്‍ ചികിത്സ നല്‍കുന്നവര്‍ ബാധ്യസ്ഥരാണ്.

ബില്ലിലെ മറ്റൊരു വ്യവസ്ഥ പ്രകാരം Hiqa-യുടെ അധികാരപരിധിയില്‍ സ്വകാര്യ ആശുപത്രികളെ കൂടി ഉള്‍പ്പെടുത്തും. നഴ്‌സിങ് ഹോമുകളിലുള്ള ഗൗരവകരമായ സുരക്ഷാ പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ ഇനിമുതല്‍ Chief Inspector of Social Services discretionary-ക്ക് അധികാരമുണ്ടായിരിക്കുകയും ചെയ്യും.

ആരോഗ്യരംഗത്തെ കൂടുതല്‍ സുതാര്യമാക്കാന്‍ ബില്‍ സഹായിക്കുമെന്ന് പറഞ്ഞ ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി, രോഗിക്ക് ലഭിക്കുന്ന ചികിത്സയില്‍ എന്തെങ്കിലും പിഴവ് സംഭവിച്ചാല്‍ അത് രോഗിക്കും, ബന്ധുക്കള്‍ക്കും അറിയാന്‍ ഈ ബില്‍ പ്രകാരം സാധിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: