അയർലണ്ടിൽ ഒരു വർഷത്തിനിടെ വീട്ടുവാടക വർദ്ധിച്ചത് 11.7%; ശരാശരി മാസവാടക 1,750 യൂറോ

അയര്‍ലണ്ടിലെ വീടുകളുടെ വാടകനിരക്ക് ഒരു വര്‍ഷത്തിനിടെ 11.7% ഉയര്‍ന്നതായി റിപ്പോര്‍ട്ട്. 2022 മാര്‍ച്ച് മുതലുള്ള 12 മാസത്തിനിടെയാണ് ഇത്രയും വര്‍ദ്ധന ഉണ്ടായിരിക്കുന്നതെന്ന് പ്രോപ്പര്‍ട്ടി വെബ്‌സൈറ്റായ Daft.ie പറയുന്നു.

അതേസമയം 2023-ന്റെ ആദ്യ പാദത്തില്‍ (ജനുവരി മുതല്‍ മാര്‍ച്ച് വരെ) ഉള്ള വര്‍ദ്ധന 1% മാത്രമാണ്. 2020-ന് ശേഷം ഒരു പാദത്തില്‍ (മൂന്ന് മാസത്തിനിടെ) ഉണ്ടായിട്ടുള്ള ഏറ്റവും ചെറിയ വര്‍ദ്ധനയാണിത്.

ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് നിലവിലെ ശരാശരി വീട്ടുവാടക മാസം 1,750 യൂറോ ആണ്. 2020-ന്റെ ആദ്യ പാദത്തില്‍ ഇത് 1,387 യൂറോ ആയിരുന്നു. 2011-ന്റെ അവസാനത്തില്‍ രാജ്യത്തെ ശരാശരി മാസവാടക വെറും 765 യൂറോയും ആയിരുന്നു.

വാടകയ്ക്ക് വീടുകള്‍ ലഭിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതാണ് നിലവില്‍ നിരക്ക് ഉയരാന്‍ കാരണമായിരിക്കുന്നത്. മെയ് 1-ലെ കണക്കനുസരിച്ച് അയര്‍ലണ്ടില്‍ വെറും 959 വീടുകള്‍ മാത്രമേ വാടകയ്ക്ക് ലഭ്യമായിട്ടുള്ളൂ. അതേസമയം 2022-ന്റെ ആദ്യ പാദത്തെ അപേക്ഷിച്ച് 13% അധികമാണിത്.

ഡബ്ലിനിലും, Leinster പ്രദേശത്തും മൂന്ന് മാസത്തിനിടെ വാടക വര്‍ദ്ധിച്ചത് 0.5% ആണ്. അതേസമയം പത്ത് വര്‍ഷത്തിനിടെ ആദ്യമായി കോര്‍ക്ക് സിറ്റിയില്‍ വാടക ഉയര്‍ന്നില്ല. Munster, Connacht, Ulster പ്രദേശങ്ങളില്‍ നഗരങ്ങള്‍ക്ക് പുറത്ത് വാടക വര്‍ദ്ധിക്കുന്നത് തുടരുകയാണ്. 2023-ന്റെ ആദ്യ മൂന്ന് മാസങ്ങളില്‍ ഇവിടങ്ങളില്‍ വാടകനിരക്ക് 3.8% വര്‍ദ്ധിച്ചിട്ടുണ്ട്.

രാജ്യത്തെ വിവിധ നഗരങ്ങളിലെ ശരാശരി വാടകനിരക്ക് ഇപ്രകാരം:
ഡബ്ലിന്‍- 2,337 യൂറോ
കോര്‍ക്ക്- 1,731 യൂറോ
ഗോള്‍വേ- 1,772 യൂറോ
ലിമറിക്ക്- 1,645 യൂറോ
വാട്ടര്‍ഫോര്‍ഡ്- 1,399 യൂറോ
മറ്റ് പ്രദേശങ്ങള്‍- 1,373 യൂറോ

Share this news

Leave a Reply

%d bloggers like this: