അയർലണ്ടിൽ പെൻഷൻകാരെ ലക്ഷ്യമിട്ട് നിക്ഷേപ തട്ടിപ്പ്; മുന്നറിയിപ്പുമായി കാംപെയിൻ

അയര്‍ലണ്ടില്‍ പ്രായമുള്ളവരെ ലക്ഷ്യമിട്ടുള്ള നിക്ഷേപതട്ടിപ്പ് വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. 55 വയസിന് മേല്‍ പ്രായമുള്ളവരെ ലക്ഷ്യമിട്ട് 20,000 യൂറോ മുതലുള്ള നിക്ഷേപ തട്ടിപ്പാണ് നടക്കുന്നതെന്ന് Banking and Payments Federation Ireland (BPFI) മുന്നറിയിപ്പ് നല്‍കുന്നു. BPFI-യുടെ തട്ടിപ്പ് ബോധവല്‍ക്കരണ കാംപെയിനായ FraudSMART വഴിയാണ് മുന്നറിയിപ്പ്.

കഴിഞ്ഞ ഏതാനും മാസങ്ങളായി 55 വയസിന് മേല്‍ പ്രായമുള്ള പെന്‍ഷന്‍കാരെയോ, വിരമിക്കാന്‍ പോകുന്നവരെയോ ലക്ഷ്യമിട്ടാണ് തട്ടിപ്പുകാര്‍ രംഗത്തെത്തിയിരിക്കുന്നത്. ചെറുപ്പക്കാരെ അപേക്ഷിച്ച് ഇത്തരക്കാരുടെ കയ്യില്‍ നീക്കിയിരിപ്പ് പണം ഉണ്ടാകുമെന്നത് മുന്‍കൂട്ടിക്കണ്ടാണ് തട്ടിപ്പുകാര്‍ ഇവരെ ലക്ഷ്യമിടുന്നത്. വിരമിച്ച ശേഷം ലഭിക്കുന്ന പണം നിക്ഷേപം നടത്തിയാല്‍ ബാക്കിയുള്ള കാലം അല്ലലില്ലാതെ ജീവിക്കാമെന്ന് കരുതുന്നവര്‍ ഈ തട്ടിപ്പില്‍ കുടുങ്ങുകയും ചെയ്യുന്നു. ഒരു ജീവിതകാലം മുഴുവന്‍ ജോലി ചെയ്ത ശേഷം ലഭിക്കുന്ന ഈ തുക തട്ടിപ്പുകാര്‍ കൊണ്ടുപോകുന്നത് ഹൃദയഭേദകമാണെന്ന് BPFI പറയുന്നു.

അതിനാല്‍ നിക്ഷേപം നടത്തുന്നവര്‍ ആവശ്യമായ ഗൃഹപാഠം ചെയ്യമെന്ന് കാംപെയിനിലൂടെ BPFI ഓര്‍മ്മിപ്പിക്കുന്നു. വലിയ തുക ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് മുമ്പായി ഇതിനെപ്പറ്റി അറിവുള്ളവരുമായി സംസാരിക്കണം. നിക്ഷേപം സംബന്ധിച്ച് ലഭിക്കുന്ന മെസേജുകള്‍, ഇമെയിലുകള്‍ എന്നിവയെ കണ്ണും പൂട്ടി വിശ്വസിക്കരുതെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. ഒപ്പം ഇത്തരം സന്ദേശങ്ങളിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യരുതെന്നും, ബാങ്ക് അധികൃതര്‍ ഇത്തരം സന്ദേശങ്ങള്‍ അയയ്ക്കില്ലെന്നും BPFI വിശദീകരിക്കുന്നു. An Post, eFlow തുടങ്ങിയ സ്ഥാപനങ്ങളുടെ പേരിലും തട്ടിപ്പ് സന്ദേശങ്ങള്‍ പരക്കുന്നുണ്ട്.

അക്കൗണ്ടിലെ പണം നഷ്ടപ്പെടാതിരിക്കാന്‍ ഉടന്‍ ക്ലിക്ക് ചെയ്യുക, ഹാക്ക് ചെയ്യപ്പെടാതിരിക്കാന്‍ ഉടനടി വിവരങ്ങള്‍ നല്‍കുക, പാഴ്‌സല്‍ കൃത്യമായി ലഭിക്കാന്‍ കസ്റ്റംസ് ചാര്‍ജ്ജ് നല്‍കണം തുടങ്ങിയ സന്ദേശങ്ങള്‍ മിക്കവയും തട്ടിപ്പാണെന്നും BPFI ഓര്‍മ്മിപ്പിക്കുന്നു. ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചാല്‍ സാമ്പത്തിക വിവരങ്ങളും മറ്റും ഒരു കാരണവശാലും നല്‍കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

സംശയാസ്പദമായ സന്ദേശങ്ങള്‍ ലഭിച്ചാല്‍ ബാങ്കിനെയോ, ഗാര്‍ഡയെയോ ബന്ധപ്പെട്ട് സത്യാവസ്ഥ ഉറപ്പാക്കാം. അഥവാ പണം ട്രാന്‍ സ്ഫര്‍ ചെയ്തുപോയാല്‍ ഉടനടി ബാങ്കുമായി ബന്ധപ്പെടണം. അത് പണം തിരികെ ലഭിക്കാന്‍ സഹായിച്ചേക്കും.

Share this news

Leave a Reply

%d bloggers like this: