വടക്കൻ അയർലണ്ടിൽ ഗതാഗത നിയമലംഘനത്തിന് പുതിയ ശിക്ഷ; പിഴ അടച്ചില്ലെങ്കിൽ പരിശീലനം തേടാം

അശ്രദ്ധമായി വാഹനമോടിക്കുന്നവര്‍ക്ക് പുതിയ പിഴശിക്ഷയുമായി വടക്കന്‍ അയര്‍ലണ്ട് പോലീസ്. ഇനിമുതല്‍ ഇത്തരം നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 100 പൗണ്ട് (115 യൂറോ) ഫിക്‌സഡ് പെനാല്‍റ്റി നോട്ടീസ് ആയി ഈടാക്കുകയും, മൂന്ന് പെനാല്‍റ്റി പോയിന്റുകള്‍ നല്‍കുകയും ചെയ്യും.

2021-ല്‍ അശ്രദ്ധമായി വാഹനമോടിച്ചത് കാരണമുണ്ടായ അപകടങ്ങളില്‍ 486 പേര്‍ മരിക്കുകയോ, പരിക്കേല്‍ക്കുകയോ ഉണ്ടായിട്ടുണ്ടെന്ന് വടക്കന്‍ അയര്‍ലണ്ടിലെ Department of Infrastructure പറയുന്നു.

പൊതുജനങ്ങളുടെയും മറ്റും അഭിപ്രായം കേട്ട ശേഷമാണ് പുതിയ ശിക്ഷ നടപ്പിലാക്കിയിരിക്കുന്നത്. കോടതിയില്‍ പോകേണ്ടതില്ലാത്ത, ചെറിയ രീതിയിലുള്ള നിയമലംഘനത്തിനാണ് ഈ ശിക്ഷ നല്‍കുകയെന്ന് അധികൃതര്‍ വ്യക്തമാക്കി. പിഴയ്ക്ക് പകരമായി ഡ്രൈവിങ്ങില്‍ പ്രത്യേകപരിശീലനം തേടാനുള്ള അവസരവും പുതിയ നിയമപ്രകാരം ഉണ്ട്. ഇതിന്റെ ചെലവ് ഡ്രൈവര്‍മാര്‍ നല്‍കണം.

അതേസമയം പിഴയൊടുക്കാതെ കോടതിയില്‍ കേസുമായി മുന്നോട്ട് പോകണമെന്ന് ഡ്രൈവര്‍ തീരുമാനിച്ചാല്‍ അതിനും അവസരമുണ്ട്.

ഒരു വാഹനത്തിന് തൊട്ടുപുറകെയായി വാഹനമോടിക്കുക, റോഡിലേയ്ക്ക് കൃത്യമായി നോക്കാതെ വാഹനമോടിക്കുക, സഡന്‍ ബ്രേക്ക് ഇടുക, തെറ്റായ രീതിയില്‍ ഓവര്‍ടേക്ക് ചെയ്യുക, മറ്റൊരു വാഹനത്തിന്റെ പാതയിലേയ്ക്ക് സ്വന്തം വാഹനം കയറ്റുക, ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക മുതലായ കുറ്റങ്ങള്‍ക്കാണ് പുതിയ പിഴ ശിക്ഷയായി നല്‍കുക.

അതേസമയം കൂടുതല്‍ ഗുരുതരമായ കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്ക് കോടതിനടപടികള്‍ നേരിടേണ്ടിവരും.

Share this news

Leave a Reply

%d bloggers like this: