ഏകദിന ക്രിക്കറ്റിൽ ഏഴാം റാങ്ക് നേട്ടവുമായി ഐറിഷ് ബാറ്റർ ഹാരി ടെക്ടർ; അയർലണ്ടിന് ചരിത്ര നിമിഷം

ഐസിസി ക്രിക്കറ്റ് ഏകദിന റാങ്കിങ്ങില്‍ ഏഴാം സ്ഥാനം നേടി ഐറിഷ് ബാറ്ററായ ഹാരി ടെക്ടര്‍. ഒരു ഐറിഷ് ബാറ്ററിന് ചരിത്രത്തില്‍ ലഭിച്ചിട്ടുള്ള ഏറ്റവും മികച്ച റാങ്കിങ്ങാണ് ടെക്ടറിന്റേത്.

ബംഗ്ലദേശിനെതിരായ മൂന്ന് മത്സര ഏകദിന സീരീസില്‍ 206 റണ്‍സ് നേടിയതാണ് ടെക്ടറിന് ഗുണകരമായത്. മൂന്ന് മത്സരങ്ങളിലായി 21 നോട്ട് ഔട്ട്, 140, 45 എന്നിങ്ങനെയാണ് ടെക്ടര്‍ സ്‌കോര്‍ ചെയ്തത്. അയര്‍ലണ്ട് സീരീസില്‍ 2-0-ന് തോറ്റെങ്കിലും ടെക്ടറിന്റെ പ്രകടനം പ്രതീക്ഷ പകരുന്നതാണ്.

ഈ സീരീസിലെ മികച്ച പ്രകടനത്തിന്റെ കരുത്തില്‍ 72 പോയിന്റുകള്‍ നേടി, റാങ്കിങ് പോയിന്റ് 722 ആയി ഉയര്‍ത്താന്‍ ടെക്ടറിന് സാധിച്ചിട്ടുണ്ട്. ഇത്രയും പോയിന്റ് നേടുന്ന ആദ്യ ഐറിഷ് ബാറ്ററുമാണ് അദ്ദേഹം. 2021-ല്‍ പോള്‍ സ്ട്രിങ് നേടിയ 697 പോയിന്റാണ് നേരത്തെയുള്ള ഐറിഷ് റെക്കോര്‍ഡ്.

വിരാട് കോഹ്ലി, ക്വിന്റണ്‍ ഡി കോക്ക്, രോഹിത് ശര്‍മ്മ എന്നീ പ്രമുഖരെ പിന്തള്ളിയാണ് ടെക്ടര്‍ സ്ഥാനമുയര്‍ത്തിയത് എന്നതും ശ്രദ്ധേയം. ഏറ്റവും പുതിയ പോയിന്റ് പട്ടിക പ്രകാരം കോഹ്ലി എട്ടും, കോക്ക് ഒമ്പതും, രോഹിത് പത്തും സ്ഥാനങ്ങളിലാണ്. 886 പോയിന്റുമായി പാക്കിസ്ഥാന്‍ ബാറ്ററായ ബാബര്‍ അസം ആണ് ഒന്നാം സ്ഥാനത്ത്.

13 ഏകദിന മത്സരങ്ങളില്‍ നിന്നായി നാല് സെഞ്ചുറികളും, നാല് അര്‍ദ്ധ സെഞ്ചുറികളുമായി 769 റണ്‍സാണ് ടെക്ടര്‍ ഇതുവരെ നേടിയിട്ടുള്ളത്. 76.90 ആവറേജ്, 90.89 സ്‌ട്രൈക്ക് റേറ്റ് എന്നീ കൊതിപ്പിക്കുന്ന കണക്കുകളും ടെക്ടറിന് സ്വന്തം.

ജൂണില്‍ സിംബാബ്വേയില്‍ നടക്കുന്ന ഏകദിനലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായാല്‍ ഇനിയും മികച്ച സ്ഥാനത്തേയ്ക്ക് ടെക്ടര്‍ എത്തിപ്പെടാനുള്ള സാധ്യതയുമുണ്ട്.

ഐറിഷ് ബോളറായ മാര്‍ക്ക് അഡയര്‍, 30 സ്ഥാനങ്ങള്‍ കയറി നിലവില്‍ 31-ആം റാങ്കിലെത്തിയതും ബംഗ്ലദേശിനെതിരായ സീരീസിന് ശേഷം അയര്‍ലണ്ടിനുണ്ടായ നേട്ടമാണ്. ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ 33-ആം റാങ്കിലേയ്ക്കും അഡയര്‍ എത്തിയിട്ടുണ്ട്. ബംഗ്ലദേശിനെതിരെ ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയ അദ്ദേഹം, രണ്ട് ഇന്നിങ്‌സുകളില്‍ നിന്നായി 40 റണ്‍സുമെടുത്തു.

Share this news

Leave a Reply

%d bloggers like this: