ലണ്ടനിൽ നിന്നും കൊച്ചിയിലേയ്ക്ക് നേരിട്ട് സർവീസ് നടത്താൻ ബ്രിട്ടിഷ്‌ എയർവേയ്‌സ് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്

ലണ്ടനില്‍ നിന്നും കൊച്ചിയിലേയ്ക്കും, തിരിച്ചും വിമാന സര്‍വീസുകള്‍ നടത്താന്‍ ബ്രിട്ടിഷ് എയര്‍വേയ്‌സ് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ബ്രിട്ടിഷ് എയര്‍വേയ്‌സ് അധികൃതര്‍ കൊച്ചിയിലെത്തി ഇക്കാര്യം ചര്‍ച്ച ചെയ്തതായി ‘മനോരമ’യാണ് വാര്‍ത്ത പുറത്തുവിട്ടത്. യു.കെയിലെ മലയാളികള്‍ക്ക് പുറമെ അയര്‍ലണ്ട് മലയാളികള്‍ക്കും വളരെയേറെ പ്രതീക്ഷ പകരുന്നതാണ് ഇക്കാര്യം.

നിലവില്‍ ലണ്ടന്‍ ഗാറ്റ്‌വിക്കില്‍ നിന്നും കൊച്ചിയിലേയ്ക്കും, തിരിച്ചും നേരിട്ട് സര്‍വീസ് നടത്തുന്ന ഒരേയൊരു കമ്പനി എയര്‍ ഇന്ത്യയാണ്. നേരിട്ടുള്ള ഏക സര്‍വീസായതിനാല്‍ വലിയ തുക ടിക്കറ്റിന് നല്‍കേണ്ടിവരുന്നത് മലയാളികള്‍ക്കാകെ ബുദ്ധിമുട്ടാണ്. ആഴ്ചയില്‍ മൂന്ന് തവണയാണ് ഈ സര്‍വീസ്. നേരത്തെ ഹീത്രൂ എയര്‍പോര്‍ട്ടില്‍ നിന്നും സര്‍വീസ് ഉണ്ടായിരുന്നെങ്കിലും പിന്നീട് നിര്‍ത്തി.

കൊച്ചിയില്‍ നിന്നും സര്‍വീസ് നടത്താന്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ബ്രിട്ടിഷ് എയര്‍വേയ്‌സ് അധികൃതര്‍ക്ക് ബോധ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ബാഗേജ് കൈകാര്യം ചെയ്യല്‍, റാംപ് ഓപ്പറേഷന്‍സ്, പാസഞ്ചര്‍ സര്‍വീസുകള്‍ മുതലായ കാര്യങ്ങളാണ് ബ്രിട്ടിഷ് എയര്‍വേയ്‌സിന്റെ ഉന്നതോദ്യോഗസ്ഥന്‍ നേരിട്ടെത്തി പരിശോധിച്ചത്.

വൈകാതെ തന്നെ പ്രഖ്യാപനമുണ്ടാകുമെന്നും, രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ സര്‍വീസ് ആരംഭിക്കുമെന്നുമാണ് പ്രതീക്ഷ. അങ്ങനെയെങ്കില്‍ അയര്‍ലണ്ട് മലയാളികള്‍ അടക്കമുള്ളവര്‍ക്ക് യാത്രാ സമയം ലാഭിക്കുന്നതിനൊപ്പം, നിലവിലെ ടിക്കറ്റ് നിരക്ക് കുറയുകയും ചെയ്യുമെന്നതാണ് നേട്ടം.

Share this news

Leave a Reply

%d bloggers like this: