1.43 ബില്യൺ വാർഷികലാഭം നേടി ഐറിഷ് വിമാനക്കമ്പനി Ryanair

യാത്രക്കാരുടെ എണ്ണവും, ടിക്കറ്റ് നിരക്കും കൂടിയ സാഹചര്യത്തില്‍ 1.43 ബില്യണ്‍ യൂറോയുടെ വാര്‍ഷിക ലാഭം നേടി ഐറിഷ് വിമാനക്കമ്പനി Ryanair.

കോവിഡ് നിയന്ത്രണങ്ങള്‍ കാരണം 2021-2022-ല്‍ 355 മില്യണ്‍ യൂറോയുടെ നഷ്ടം ഡബ്ലിന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനി നേരിട്ടിരുന്നു. എന്നാല്‍ 2022 മാര്‍ച്ച് മുതല്‍ 2023 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ 168.6 മില്യണ്‍ യാത്രക്കാരുടെ വര്‍ദ്ധനയാണ് ഉണ്ടായത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 74% പേരാണ് അധികമായി Ryanair ഉപയോഗിച്ചത്.

യാത്രക്കാരുടെ എണ്ണക്കൂടുതല്‍ മാത്രമല്ല, ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിച്ചത് കൂടിയാണ് കമ്പനിയുടെ ലാഭത്തില്‍ കുതിച്ചുചാട്ടമുണ്ടാക്കിയിരിക്കുന്നത്. Rayanair-ലെ ടിക്കറ്റ് നിരക്കുകള്‍ 50% വര്‍ദ്ധിച്ച് നിലവിലെ ശരാശരി നിരക്ക് 41 യൂറോയാണ്.

അതേസമയം ഇന്ധനവില വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ 1 ബില്യണ്‍ യൂറോയിലധികം ഇത്തവണ ഈ വകയില്‍ അധികമായി ചെലവാക്കേണ്ടിവരുമെന്ന് കണക്കാക്കുന്നതായി Ryanair പറയുന്നു. യാത്രക്കാരുടെ എണ്ണം കൂടുന്നതിനാലും, നിരക്കുകള്‍ വര്‍ദ്ധിച്ചതിനാലും ഈ തുക അത്രകണ്ട് ബാധിക്കില്ലെന്നും കമ്പനി കരുതുന്നു. ജീവനക്കാരുടെ ചെലവിലും 73% വര്‍ദ്ധന പ്രതീക്ഷിക്കുന്നുണ്ട്.

യൂറോപ്പില്‍ തങ്ങളുടെ പ്രവര്‍ത്തനം കാര്യമായി മെച്ചപ്പെട്ടതായും കമ്പനിയുടെ മേധാവിയായ Michael O’Leary പറഞ്ഞു. ഏറ്റവും വലിയ നേട്ടമുണ്ടായത് ഇറ്റലിയിലാണ്. 27 ശതമാനത്തില്‍ നിന്നും 40 ശതമാനത്തിലേയ്ക്കാണ് ഇറ്റലിയിലെ വളര്‍ച്ച. പോളണ്ടില്‍ 26-ല്‍ നിന്നും 36 ശതമാനത്തിലേയ്ക്കും, അയര്‍ലണ്ടില്‍ 49-ല്‍ നിന്നും 58 ശതമാനത്തിലേയ്ക്കും വളര്‍ച്ച നേടാനായി.

ഈ വരുന്ന വേനല്‍ക്കാലത്ത് 3,000 ദിവസ സര്‍വീസുകളോടെ ഏറ്റവും വലിയ ഷെഡ്യൂള്‍ നടത്താന്‍ ഒരുങ്ങുകയാണ് Ryanair.

Share this news

Leave a Reply

%d bloggers like this: