വിവരശേഖരണ നിയമം ലംഘിച്ചു; ഫേസ്ബുക്കിന് 1.2 ബില്യൺ യൂറോ പിഴയിട്ട് അയർലണ്ട്

വിവരശേഖരണവുമായി ബന്ധപ്പെട്ട നിയമം ലംഘിച്ചതിന്റെ പേരില്‍ ഫേസ്ബുക്ക് ഉടമസ്ഥരായ മെറ്റയ്ക്ക് 1.2 ബില്യണ്‍ യൂറോ പിഴയിട്ട് അയര്‍ലണ്ടിലെ Data Protection Commission (DPC). ഒപ്പം യൂറോപ്പിലെ ഉപയോക്താക്കളുടെ വിവരങ്ങള്‍ യുഎസിലെ സര്‍വറുകളിലേയ്ക്ക് മാറ്റുന്നത് നിര്‍ത്തണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മൂന്ന് വര്‍ഷം നീണ്ട അന്വേഷണത്തിന് ശേഷമാണ് DPC റെക്കോര്‍ഡ് തുക പിഴയടയ്ക്കാന്‍ മെറ്റയോട് ഉത്തരവിട്ടത്. അതിര്‍ത്തി കടന്ന് വിവരങ്ങള്‍ കൈമാറ്റം ചെയ്യുക വഴി European GDPR (General Data Protection Regulation) നിയമം കമ്പനി ലംഘിച്ചതായി DPC വ്യക്തമാക്കി.

അടുത്ത അഞ്ച് മാസത്തിനിടെ ഇത്തരത്തില്‍ യൂറോപ്പിലെ ഉപയോക്താക്കളുടെ വിവരങ്ങള്‍ യുഎസ് സര്‍വറിലേയ്ക്ക് മാറ്റുന്നത് തടയാനുള്ള നടപടികള്‍ കൈക്കൊള്ളാനാണ് നിര്‍ദ്ദേശം. ആറ് മാസത്തിനകം ഇയു നിയമങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ മാറ്റങ്ങള്‍ കൊണ്ടുവരികയും വേണം. പിഴ നല്‍കുന്നതിനെക്കാള്‍ ഈ മാറ്റങ്ങള്‍ കൊണ്ടുവരുന്നതാകും മെറ്റയ്ക്ക് തലവേദനയാകുകയെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

അതേസമയം ഈ തീരുമാനം തെറ്റുകളുള്ളതാണെന്നും, അനീതിയാണെന്നും മെറ്റാ പ്രതികരിച്ചു. യൂറോപ്പിലെ ആയിരക്കണക്കിന് കമ്പനികള്‍ ഇതേ രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും, തങ്ങളെ മാറ്റം ലക്ഷ്യമിട്ടതില്‍ നിരാശപ്പെടുന്നതായും കമ്പനി വെബ്‌സൈറ്റില്‍ അറിയിച്ചു.

യൂറോപ്പിലെ റെഗുലേറ്റര്‍ ഒരു കമ്പനിക്ക് മേല്‍ ചുമത്തുന്ന ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണ് DPC മെറ്റയ്ക്ക് മേല്‍ ചുമത്തിയിട്ടുള്ളത്.

Share this news

Leave a Reply

%d bloggers like this: