ആരോഗ്യ ഇൻഷുറൻസ് പ്രീമിയം വർദ്ധിപ്പിച്ച് Irish Life; മാസങ്ങൾക്കിടെ 10 ശതമാനത്തോളം വർദ്ധന

രാജ്യത്തെ പ്രമുഖ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ Irish Life, പ്രീമിയം തുകകള്‍ വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നു. പ്രീമിയത്തില്‍ ജൂലൈ 1 മുതല്‍ 5% വര്‍ദ്ധന ഉണ്ടാകുമെന്നാണ് Irish Life അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ വര്‍ദ്ധിച്ചതാണ് പ്രീമിയം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായി കമ്പനി പറയുന്നത്.

സ്വകാര്യ, ഹൈടെക് ആശുപത്രികള്‍ വഴി വരുന്ന ക്ലെയിമുകള്‍ വര്‍ദ്ധിച്ചതാണ് നിലവിലെ പ്രീമിയം വര്‍ദ്ധനയ്ക്ക് മുഖ്യ കാരണമെന്ന് ആരോഗ്യ ഇന്‍ഷുറന്‍സ് രംഗത്തെ വിദഗ്ദ്ധനായ Dermot Goode പറയുന്നു. ഈ വര്‍ദ്ധന, രണ്ട് മുതിര്‍ന്നവരും, രണ്ട് കുട്ടികളുമുള്ള കുടുംബത്തിന് 4D Health 1 പ്ലാനില്‍ 160 യൂറോ അധിക ചെലവ് ഉണ്ടാക്കുമെന്നാണ് അദ്ദേഹം കണക്കാക്കുന്നത്. Benefit പ്ലാന്‍ ആണെങ്കില്‍ 166 യൂറോയും, ഇതിന് മുകളിലുള്ള 4D Health 3 പോലുള്ള പ്ലാനുകളാണെങ്കില്‍ 220 യൂറോയും പ്രീമിയം തുകയില്‍ അധികമായി നല്‍കേണ്ടിവരും.

ജനുവരി മാസത്തില്‍ Irish Life പ്രീമിയം തുക 4.5% വര്‍ദ്ധിപ്പിച്ചിരുന്നു. ഇതോടെ 10 ശതമാനത്തോളം വര്‍ദ്ധനയാണ് മാസങ്ങള്‍ക്കിടെ ഉണ്ടായിരിക്കുന്നത്.

രാജ്യത്തെ മറ്റ് ഇന്‍ഷുറന്‍സ് കമ്പനികളും ഈ വര്‍ഷം പ്രീമിയം വര്‍ദ്ധിപ്പിച്ചിരുന്നു. മാര്‍ച്ച് മാസത്തില്‍ ഇന്‍ഷുറന്‍സ് കമ്പനിയായ VHI 4.8%, ഏപ്രിലില്‍ മറ്റൊരു കമ്പനിയായ Laya 4.4% എന്നിങ്ങനെയാണ് ശരാശരി പ്രീമിയം വര്‍ദ്ധിപ്പിച്ചത്.

Share this news

Leave a Reply

%d bloggers like this: