അയർലണ്ടിൽ കത്തോലിക്കാ വിശ്വാസികളുടെ എണ്ണം കുറഞ്ഞു; ഹിന്ദുമത വിശ്വാസികൾ ഇരട്ടിയായി

അയര്‍ലണ്ടിലെ കത്തോലിക്കാ വിശ്വാസികളുടെ എണ്ണത്തില്‍ കുറവ്. Central Statistics Office (CSO)-ന്റെ കണക്ക് പ്രകാരം 2022-ല്‍ രാജ്യത്ത് കത്തോലിക്കാ വിശ്വാസികളുടെ എണ്ണം 79-ല്‍ നിന്നും 10% കുറഞ്ഞ് 69 ശതമാനം ആയി. നിലവില്‍ 3,515,861 പേരാണ് രാജ്യത്ത് കത്തോലിക്കാ വിശ്വാസികളായി ഉള്ളത്. മുന്‍ സെന്‍സസില്‍ നിന്നും 180,783 പേരുടെ കുറവാണിത്.

അതേസമയം 2016-ലെ സെന്‍സസില്‍ ‘നിങ്ങളുടെ മതം ഏതാണ്’ എന്നായിരുന്നു ചോദിച്ചിരുന്നതെങ്കില്‍, 2022-ല്‍ ‘നിങ്ങള്‍ ഏതെങ്കിലും മതത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ അത് ഏതാണ്’ എന്ന് ചോദ്യം പരിഷ്‌കരിച്ചിരുന്നു.

മതവിശ്വാസമില്ല എന്ന് പ്രതികരിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. 736,210 പേരാണ് ഒരു മതത്തിലും വിശ്വാസമില്ലാത്തവരായി അയര്‍ലണ്ടിലുള്ളത്. മുമ്പത്തെക്കാള്‍ 284,269 പേര്‍ അധികമാണിത്.

ചര്‍ച്ച് ഓഫ് അയര്‍ലണ്ടില്‍ വിശ്വസിക്കുന്നവരുടെ എണ്ണം 124,749 ആണ്. ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ 100,165-ഉം, ഇസ്ലാം മത വിശ്വാസികള്‍ 81,930-ഉം ആണ്.

അതേസമയം രാജ്യത്തെ ഹിന്ദുമതവിശ്വാസികളുടെ എണ്ണം മുന്‍ സര്‍വേയില്‍ ഉള്ളതിനെക്കാളും ഇരട്ടിയായി. നേരത്തെ 13,729 ഹിന്ദുമതവിശ്വാസികളുണ്ടായിരുന്നത് ഇപ്പോള്‍ 33,043 പേരായി ഉയര്‍ന്നു.

അയര്‍ലണ്ടിലെ ജനസംഖ്യ 171 വര്‍ഷത്തിനിടെ ആദ്യമായി 50 ലക്ഷം കടന്നു. 2022 ഏപ്രില്‍ 3-ലെ കണക്കനുസരിച്ച് രാജ്യത്ത് 5,149,139 പേരാണ് ഉള്ളത്. 2016 ഏപ്രിലില്‍ നിന്നും 8% ജനസംഖ്യ വര്‍ദ്ധിച്ചു.

രാജ്യത്തെ ജനങ്ങളുടെ ശരാശരി പ്രായം മുന്‍ സര്‍വേയില്‍ 37.4 ആയിരുന്നെങ്കില്‍, 2022-ല്‍ ഇത് 38.8 ആയി ഉയര്‍ന്നിട്ടുണ്ട്.

അയര്‍ലണ്ടില്‍ ഇരട്ടപൗരത്വമുള്ളവരുടെ എണ്ണത്തിലും വര്‍ദ്ധനയുണ്ടായിട്ടുണ്ട്. 2016-നെക്കാള്‍ 63% ഉയര്‍ന്ന് നിലവില്‍ 170,597 പേരാണ് രാജ്യത്ത് ഇരട്ടപൗരത്വ അവകാശങ്ങളുള്ളവരായി ഉള്ളത്.

ജനങ്ങളില്‍ 87% പേരും തങ്ങളുടെ ആരോഗ്യം, നല്ലത് അല്ലെങ്കില്‍ മികച്ചത് എന്നാണ് 2016-ല്‍ പ്രതികരിച്ചതെങ്കില്‍, 2022-ല്‍ അത് 83% ആയി.

2016-നെ അപേക്ഷിച്ച് രാജ്യത്തെ വീടുകളിലെ ബ്രോഡ്ബാന്‍ഡ് കണക്ഷനുകളില്‍ 9% വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. 2016-ല്‍ 71% വീടുകളിലായിരുന്നു കണക്ഷനുകള്‍ ഉണ്ടായിരുന്നതെങ്കില്‍, 2022-ല്‍ അത് 80% ആയി ഉയര്‍ന്നു.

രാജ്യത്ത് ഏറ്റവും കൂടുതലുള്ള ഐറിഷ് ഇതര പൗരന്മാര്‍, പോളണ്ടുകാരും, ഇംഗ്ലണ്ടുകാരുമാണ്. പിന്നാലെ ഇന്ത്യക്കാര്‍, റൊമാനിയക്കാര്‍, ലിത്വാനിയക്കാര്‍ എന്നിവരാണ്. ബ്രസീലുകാര്‍, ഇറ്റലിക്കാര്‍, ലാത്വിയക്കാര്‍, സ്പാനിഷുകാര്‍ എന്നിവരുടെയും വലിയ സാന്നിദ്ധ്യം രാജ്യത്തുണ്ട്.

രാജ്യത്ത് 747,961 പേരാണ് ആഴ്ചയില്‍ ചിലപ്പോഴെങ്കിലും വര്‍ക്ക് ഫ്രം ഹോം ചെയ്തതായി പ്രതികരിച്ചിട്ടുള്ളത്. ആകെ ജോലിക്കാരില്‍ മൂന്നില്‍ ഒന്ന് വരും ഇത്.

Share this news

Leave a Reply

%d bloggers like this: