അയർലണ്ടിൽ ഒരു വർഷത്തിനിടെ വീടുകൾക്ക് വില വർദ്ധിച്ചത് 3.6%; നിലവിലെ ദേശീയ ശരാശരി 313,000 യൂറോ

അയര്‍ലണ്ടിലെ വീടുകളുടെ വിലയില്‍ ഒരു വര്‍ഷത്തിനിടെ നേരിയ കുറവ്. ഏപ്രില്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ വില 3.6% മാത്രമാണ് വര്‍ദ്ധിച്ചതെന്നാണ് Central Statistics Office (CSO)-യുടെ ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.

2022 മാര്‍ച്ച് മുതല്‍ 2023 മാര്‍ച്ച് വരെയുള്ള കാലയളവില്‍ 4% ആയിരുന്നു രാജ്യത്തെ വീടുകളുടെ വിലവര്‍ദ്ധന. ഇതാണ് ഏപ്രിലിലേയ്ക്ക് എത്തുമ്പോള്‍ 3.6% ആയി കുറഞ്ഞത്.

ഡബ്ലിനില്‍ ഒരു വര്‍ഷത്തിനിടെ വീടുകള്‍ക്ക് 1% വില വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. ഡബ്ലിന് പുറത്ത് 5.6 ശതമാനമാണ് വില വര്‍ദ്ധിച്ചത്.

2023 ഏപ്രില്‍ മാസത്തില്‍ 3,262 വീടുകളുടെ വില്‍പ്പനയാണ് വിപണി വിലയില്‍ റവന്യൂ കമ്മീഷണേഴ്‌സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2022 ഏപ്രിലില്‍ ഇത് 3,466 ആയിരുന്നു. അതായത് വില്‍പ്പന 5.3% കുറഞ്ഞു.

ഏപ്രില്‍ വരെയുള്ള 12 മാസത്തിനിടെയുള്ള കണക്കനുസരിച്ച് രാജ്യത്ത് ഒരു വീടിന്റെ ശരാശരി വില 313,000 യൂറോ ആണ്. ഏറ്റവും കുറഞ്ഞ ശരാശരി വില 160,000 യൂറോയും (Longford), ഏറ്റവും ഉയര്‍ന്ന ശരാശരി വില 634,998 യൂറോയും (Dún Laoghaire-Rathdown) ആണ്.

Share this news

Leave a Reply

%d bloggers like this: