മൂന്ന് വർഷത്തിനിടെ ആദ്യമായി അയർലണ്ടിൽ വീടുകൾക്ക് വില കുറഞ്ഞു

അയര്‍ലണ്ടില്‍ മൂന്ന് വര്‍ഷത്തിനിടെ ഇതാദ്യമായി ഭവനവില കുറഞ്ഞു. 2023-ന്റെ രണ്ടാം പാദത്തിലെ ഭവനവില (മാര്‍ച്ച്-ജൂണ്‍), ഒരു വര്‍ഷം മുമ്പുണ്ടായിരുന്നതിനെക്കാള്‍ 0.5% കുറഞ്ഞതായാണ് പ്രോപ്പര്‍ട്ടി വെബ്‌സൈറ്റായ Daft.ie പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. നിലവിലെ ശരാശരി വില 309,648 യൂറോ ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കോര്‍ക്ക് സിറ്റിയിലാണ് വില ഏറ്റവുമധികം കുറഞ്ഞത്. 2022-ന്റെ രണ്ടാം പാദത്തെ അപേക്ഷിച്ച്, 2023-ന്റെ രണ്ടാം പാദത്തിലേയ്ക്ക് എത്തുമ്പോള്‍ ഇവിടെ വീടുകള്‍ക്ക് 3.3% വില കുറഞ്ഞു. കോര്‍ക്ക് നഗരത്തില്‍ നിലവിലെ ശരാശരി ഭവനവില 320,793 യൂറോയാണ്.

2.1% വില കുറഞ്ഞ ഗോള്‍വേയിലെ ശരാശരി വില 345,460 യൂറോ ആയി.

വീടുകള്‍ക്ക് ഡബ്ലിനിലുണ്ടായ കുറവ് 0.6% ആണ്. നിലവിലെ ശരാശരി വിലയാകട്ടെ 424,732 യൂറോയും. വാട്ടര്‍ഫോര്‍ഡ് സിറ്റിയിലെ ശരാശരി വില 0.5% കുറഞ്ഞ് 225,967 യൂറോയിലെത്തിയിട്ടുണ്ട്.

അതേസമയം ലിമറിക്ക് സിറ്റിയില്‍ വീടുകള്‍ക്ക് വില വര്‍ദ്ധിക്കുകയാണ് ചെയ്തത്. ഒരു വര്‍ഷം മുമ്പുണ്ടായിരുന്നതിനെക്കാള്‍ 1.1% വില വര്‍ദ്ധിച്ച് ഇവിടെ നിലവിലെ ശരാശരി ഭവനവില 253,581 യൂറോ ആയി. 2007-ലെ ഏറ്റവുമുയര്‍ന്ന വിലയെക്കാള്‍ 2.4% മാത്രം കുറവാണിത്.

ആവശ്യക്കാര്‍ കുറഞ്ഞതോടെയാണ് വീടുകള്‍ക്ക് വിലയും കുറഞ്ഞതെന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയ സാമ്പത്തിക വിദഗദ്ധന്‍ Ronan Lyons പറയുന്നത്. അതേസമയം വീടുകളുടെ ലഭ്യതയിലും കുറവുണ്ടായിട്ടുണ്ട്. ഈ വര്‍ഷം ഭവനവില വര്‍ദ്ധിക്കാന്‍ സാധ്യതയില്ലെന്നും, പക്ഷേ വീടുകളുടെ ദൗര്‍ലഭ്യം തുടരുമെന്നും അദ്ദേഹം പറയുന്നു.

Share this news

Leave a Reply

%d bloggers like this: