അയർലണ്ടിൽ ടാക്സി ഡ്രൈവർമാർക്കെതിരായ പരാതികൾ കുത്തനെ ഉയർന്നു; അമിത ചാർജ് ഈടാക്കുന്നതായും പരാതി

അയര്‍ലണ്ടില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്കെതിരായ പരാതികളില്‍ വന്‍ വര്‍ദ്ധന. National Transport Authority (NTA) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2020-ല്‍ ആകെ 1,625 പരാതികളാണ് ടാക്‌സി ഡ്രൈവര്‍മാര്‍ക്കെതിരായി ലഭിച്ചത്. 2021-നെ അപേക്ഷിച്ച് മൂന്നിരട്ടി അധികമാണിത്. കോവിഡിന് മുമ്പുള്ള 2019-നെക്കാള്‍ 17% അധികം പരാതികളുയര്‍ന്നതായും NTA വ്യക്തമാക്കി.

അതേസമയം പരാതികളുടെ പെട്ടെന്നുള്ള വര്‍ദ്ധനയ്ക്ക് കാരണം ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍ സ്വീകരിക്കാന്‍ ടാക്‌സിക്കാര്‍ തയ്യാറാകണമെന്ന നിര്‍ദ്ദേശമാണ്. 2022 സെപ്റ്റംബറിലാണ് യാത്രക്കാര്‍ നേരിട്ട് പണം നല്‍കാതെ ഓണ്‍ലൈന്‍ ഇടപാട് നടത്താന്‍ തയ്യാറായാല്‍ അത് സ്വീകരിക്കണമെന്ന് NTA നിര്‍ദ്ദേശമിറക്കിയത്. തുടര്‍ന്ന് അമിതമായി കൂലി ഈടാക്കുന്നുവെന്നും മറ്റുമുള്ള പരാതികള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. 2022-ല്‍ ആകെ ലഭിച്ച പരാതികളില്‍ പകുതിയോളം (793) ടാക്‌സി കൂലിയുമായി ബന്ധപ്പെട്ടുള്ളവയാണ്.

ഡ്രൈവര്‍മാരുടെ മോശം പെരുമാറ്റം, തിരിച്ചറിയാനുള്ള ബുദ്ധിമുട്ട് എന്നിവയെ കുറിച്ച് 481 പരാതികളും, കാറുകളുടെ കേടുപാടുകള്‍ സംബന്ധിച്ച് 42 പരാതികളും ലഭിച്ചു.

ലഭിച്ച പരാതികളില്‍ 40 ശതമാനത്തിലും ഡ്രൈവര്‍മാര്‍ക്ക് പിഴ ചുമത്തുക, മുന്നറിയിപ്പ് നല്‍കുക, നിര്‍ദ്ദേശം നല്‍കുക, കോടതിയില്‍ ഹാജരാകാന്‍ സമന്‍സ് അയയ്ക്കുക എന്നീ നടപടികളെടുത്തതായി NTA അറിയിച്ചു.

അതേസമയം രാജ്യത്ത് കോവിഡ് ആരംഭിച്ചതിന് ശേഷം ടാക്‌സി ഡ്രൈവര്‍മാരുടെ എണ്ണത്തില്‍ 7% കുറവ് വന്നിട്ടുണ്ട്. ഏകദേശം 25,400 ഡ്രൈവര്‍മാര്‍ മാത്രമാണ് നിലവില്‍ അയര്‍ലണ്ടില്‍ വാഹനമോടിക്കുന്നത്. പോയ വര്‍ഷം 25 പേര്‍ ലൈസന്‍സ് തിരികെ നല്‍കിയപ്പോള്‍, 1,400 പേരാണ് ലൈസന്‍സ് പുതുക്കാതെ അസാധുവാക്കിയത്.

നിലവിലെ ഡ്രൈവര്‍മാരില്‍ ഭൂരിഭാഗം പേരും 50-ന് മേല്‍ പ്രായമുള്ളവരാണെന്നും വ്യക്തമായിട്ടുണ്ട്. വെറും 2.6% പേര്‍ മാത്രമാണ് 32 വയസിന് താഴെയുള്ളവര്‍.

Share this news

Leave a Reply

%d bloggers like this: