ട്വിറ്ററിന്റെ വമ്പിനെ മുട്ടുകുത്തിക്കുമോ ത്രെഡ്സ്? മെറ്റയുടെ പുതിയ ആപ്പിന്റെ പ്രവർത്തനം എങ്ങനെ?

അനവധി വിവാദങ്ങളിലൂടെ കടന്നുപോകുന്നതിനിടെ ട്വിറ്ററിന് മറ്റൊരു തിരിച്ചടിയായി പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ത്രെഡ്‌സ് എത്തി. ഫേസ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റാഗ്രാം ഉടമകളായ മെറ്റാ ആണ് ട്വിറ്ററിനോട് സമാനമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ത്രെഡ്‌സ് (Threads) അവതരിപ്പിച്ചിരിക്കുന്നത്.

എത്തിയയുടന്‍ ഹിറ്റായ ത്രെഡ്‌സിന്റെ ഉപയോക്താക്കളുടെ എണ്ണം വൈകാതെ തന്നെ 100 മില്യണ്‍ കടക്കുമെന്നാണ് കരുതുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ, ആപ്പിള്‍ സ്റ്റോറില്‍ നിന്നോ ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.

മെറ്റയുടെ മറ്റൊരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റാഗ്രാമുമായി ലിങ്ക് ചെയ്താണ് ത്രെഡ്‌സ് ഉപയോഗിക്കുന്നത്. അതിനാല്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഉള്ളവര്‍ക്ക് മാത്രമാണ് ത്രെഡ്‌സ് അക്കൗണ്ട് എടുക്കാന്‍ സാധിക്കുക. അല്ലെങ്കില്‍ ആദ്യം ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് എടുക്കണം.

ഇന്‍സ്റ്റാഗ്രാമില്‍ ഫോട്ടോസും, വീഡിയോസുമാണ് പ്രധാനമെങ്കില്‍ ത്രെഡ്‌സിസില്‍ പ്രാധാന്യം വാക്കുകള്‍ക്കാണ്. ട്വിറ്ററിലെ ട്വീറ്റുകള്‍ക്ക് സമാനമായി ത്രെഡ്‌സിലും നമുക്ക് പറയാനുള്ള കാര്യങ്ങള്‍ എഴുതിയിടാം. പരാമവധി 500 വാക്കുകളാണ് ഒരു പോസ്റ്റില്‍ എഴുതാന്‍ സാധിക്കുക. ട്വിറ്ററില്‍ ഇത് 280 ആണ്.

ത്രെഡ്‌സിലെ പോസ്റ്റുകള്‍ തങ്ങളുടെ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സുമായി പങ്കിടുകയും ചെയ്യാം. ഫോട്ടോകളും, 5 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോസും പോസ്റ്റ് ചെയ്യാവുന്നതാണ്. പക്ഷേ ഡയറക്ട് മെസേജ്, സ്‌റ്റോറി പോസ്റ്റ് ചെയ്യല്‍ എന്നീ ഫീച്ചറുകള്‍ നിലവില്‍ ലഭ്യമല്ല. ഒപ്പം GIF ഇമേജുകളും പോസ്റ്റ് ചെയ്യാന്‍ കഴിയില്ല.

അതേസമയം ലോകത്തെ 100 രാജ്യങ്ങളില്‍ മാത്രമാണ് നിലവില്‍ ത്രെഡ്‌സ് ഉപയോഗിക്കാന്‍ സാധിക്കുക. അയര്‍ലണ്ട് അടക്കമുള്ള യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ത്രെഡ്‌സ് നിലവില്‍ ലഭ്യമല്ല.

ഇതിനിടെ ത്രെഡ്‌സ് ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ശേഖരിക്കുമെന്ന മുന്നറിയിപ്പുമായി ട്വിറ്റര്‍ സ്ഥാപകന്‍ ജാക്ക് ഡോഴ്‌സി രംഗത്തെത്തിയിട്ടുണ്ട്. സാമ്പത്തികവിവരങ്ങള്‍, വ്യക്തിവിവരങ്ങള്‍, ബ്രൗസിങ് ഹിസ്റ്ററി, ലൊക്കേഷന്‍ തുടങ്ങിയവ ശേഖരിക്കുമെന്നാണ് സ്‌ക്രീന്‍ഷോട്ട് അടക്കം പങ്കുവച്ചുകൊണ്ടുള്ള മുന്നറിയിപ്പ്. ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്‌കും ഇത് ശരിവച്ചിട്ടുണ്ട്. പക്ഷേ ഒരു ദിവസം കാണാനാകുന്ന ട്വീറ്റുകളുടെ എണ്ണം കുറച്ചതടക്കമുള്ള നടപടികള്‍ ട്വിറ്ററില്‍ നിന്നും ഉപയോക്താക്കളുടെ കൊഴിഞ്ഞുപോക്കിന് കാരണമായിട്ടുണ്ട്. ഇത് ത്രെഡ്‌സിന് ഗുണം ചെയ്‌തേക്കാം.

Share this news

Leave a Reply

%d bloggers like this: