അയര്‍ലണ്ടിലെ ഔദ്യോഗിക ചാനലായ RTE-യില്‍ നിന്നും ലഭിച്ച രണ്ട് പേയ്‌മെന്റുകള്‍ തിരികെ നല്‍കാന്‍ തയ്യാറാണെന്ന് പ്രമുഖ അവതാരകന്‍ Ryan Tubridy. മുന്‍ ലേറ്റ് ലേറ്റ് ഷോ അവതാരകനായ Tubridy-ക്ക് RTE അനധികൃതമായി അധികശമ്പളം നല്‍കിയെന്ന വിവാദം കത്തിനില്‍ക്കേയാണ് പണം തിരികെ നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്.
RTE-യുടെ പരസ്യദാതാക്കളായ Renault കമ്പനിക്ക് വേണ്ടി ആറ് തവണ കൂടി പരിപാടിയില്‍ പ്രത്യക്ഷപ്പെടാനിരുന്നതാണെന്നും, എന്നാല്‍ അത് നടക്കാതെ വരികയാണെങ്കില്‍ പണം തിരികെ നല്‍കുമെന്നും Tubridy വ്യക്തമാക്കി.
പരിപാടി അവതരിപ്പിക്കുന്നതില്‍ നിന്നും തന്നെ പുറത്താക്കിയേക്കുമെന്ന് നേരത്തെ പറഞ്ഞ Tubridy, പക്ഷേ RTE Radio-യിലെ തന്റെ സ്ഥിരം പരിപാടിയില്‍ തിരികെയെത്താനുള്ള ആഗ്രഹവും പ്രകടിപ്പിച്ചു. തനിക്ക് അത് മാത്രമാണ് ഇനിയുളളത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അധികശമ്പളവിവാദവുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കാനായി കഴിഞ്ഞ ദിവസം Tubridy-യെയും അദ്ദേഹത്തിന്റെ ഏജന്റ് Noel Kelly-യെയും പാര്‍ലമെന്റ് കമ്മറ്റികള്‍ വിളിപ്പിച്ചിരുന്നു. തനിക്ക് ലഭിച്ച തുക അധികശമ്പള ഇനത്തില്‍ അല്ലായിരുന്നുവെന്നും, RTE പ്രഖ്യാപിച്ചപ്രകാരം തന്നെയായിരുന്നുവെന്നും അദ്ദേഹം കമ്മറ്റികള്‍ക്ക് മുമ്പില്‍ പറഞ്ഞു. ആശയക്കുഴപ്പവും, തെറ്റായ വിവരവുമാണ് ഇപ്പോഴത്തെ വിവാദത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ പേരും, പ്രശസ്തിയും വിവാദം കാരണം മോശമാക്കപ്പെട്ടുവെന്നും Tubridy പറഞ്ഞു.
2017-2022 കാലയളവില്‍ Tubridy-ക്ക് അധികശമ്പളമായി കണക്കില്‍ പെടുത്താതെ 345,000 യൂറോ RTE കൊടുത്തു എന്ന ആരോപണമാണ് വിവാദമായത്. ഇതെത്തുടര്‍ന്ന് ഉത്തരവാദിത്തമേറ്റെടുത്ത RTE ഡയറക്ടര്‍ ജനറല്‍ Dee Forbes രാജിവച്ചിരുന്നു. വര്‍ഷത്തില്‍ മൂന്ന് തവണ കാര്‍ കമ്പനിയായ Renault-യുടെ പരിപാടികളില്‍ സാന്നിദ്ധ്യമാകുന്നതിന് പ്രതിഫലമായി 75,000 യൂറോ വീതം നല്‍കാമെന്നായിരുന്നു RTE, Tubridy, Renault എന്നിവര്‍ തമ്മിലുള്ള ധാരണ. എന്നാല്‍ ആദ്യത്തെ 75,000 യൂറോ നല്‍കിയ ശേഷം Renault കരാറില്‍ നിന്നും പിന്‍വാങ്ങിയതോടെ ബാക്കി തുക നല്‍കാന്‍ RTE ബാധ്യസ്ഥരാകുകയായിരുന്നുവെന്നാണ് RTE അധികൃതരുടെ വിശദീകരണം.
സംഭവം വിവാദമായതോടെ ജൂണ്‍ 22 മുതല്‍ RTE Radio-യിലെ തന്റെ സ്ഥിരം പരിപാടി Tubridy അവതരിപ്പിക്കുന്നില്ല. അതേസമയം Tubridy-ക്ക് പിന്തുണയുമായി സാധാരണജനങ്ങളായ ഏറെപ്പേര്‍ രംഗത്തെത്തിയിട്ടുണ്ട്.