അപകടങ്ങൾ തുടർക്കഥയാകുന്നു; അയർലണ്ടിലെ മോട്ടോർവേകളിൽ കാർ നിർത്തിയാൽ എന്ത് ചെയ്യണം?

അയര്‍ലണ്ടിലെ മോട്ടോര്‍വേകളില്‍ എന്തെങ്കിലും ആവശ്യത്തിന് കാര്‍ നിര്‍ത്തുമ്പോള്‍ മറ്റ് വാഹനം വന്നിടിച്ചുള്ള അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. Co Galway-യിലെ Atherny-ല്‍ ഇന്ന് രാവിലെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. Ballygarraun West-ലെ M6 മോട്ടോര്‍വേയിലാണ് അപകടമുണ്ടായത്.

തന്റെ കാര്‍ വഴിയരികില്‍ ഇടിച്ചതിനെത്തുടര്‍ന്ന് പുറത്തിറങ്ങി നോക്കിയ മദ്ധ്യവയസ്‌കനെ റോഡിലൂടെ വന്ന ലോറി ഇടിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ ശരീരം Galway University Hospital-ല്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി.

ലോറിയുടെ ഡ്രൈവര്‍ക്ക് പരിക്കൊന്നും പറ്റിയിട്ടില്ലെന്നറിയിച്ച ഗാര്‍ഡ, പ്രദേശത്തേയ്ക്കുള്ള ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.

അയര്‍ലണ്ടിലെ മോട്ടോര്‍വേകളില്‍ ഇത്തരത്തില്‍ വാഹനം നിര്‍ത്തിയിടുമ്പോള്‍ വേറെ വാഹനം വന്നിടിച്ച് അപകടമുണ്ടാകുന്ന സംഭവങ്ങള്‍ പലതവണ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2016 സെപ്റ്റംബറില്‍ സമാനമായ ഒരു അപകടത്തില്‍ 25-കാരിയായ സ്ത്രീ മരിച്ചിരുന്നു. Co Tipperary-യിലെ Thurles സ്വദേശിയായ Nicola Kenny ആണ് നിര്‍ത്തിയിട്ട കാറിന് പിന്നില്‍ ലോറി വന്നിടിച്ചതിനെത്തുടര്‍ന്ന് മരിച്ചത്. റോഡിലെ Hard shoulder എന്നറിയപ്പെടുന്ന മഞ്ഞ വരയ്ക്ക് അപ്പുറത്തായിരുന്നു കാര്‍ നിര്‍ത്തിയതെങ്കിലും കാറില്‍ ലോറി ഇടിക്കുകയായിരുന്നു.

പ്രസവശേഷമുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ഡബ്ലിനിലെ ആശുപത്രിയിലേയ്ക്ക് മാറ്റിയ തന്റെ നവജാത ശിശുവിന്റെ അടുത്തേയ്ക്ക് പോകുമ്പോഴായിരുന്നു അപകടം. കുഞ്ഞിനെ പറ്റിയുള്ള വിവരങ്ങളറിയാന്‍ ആശുപത്രിയില്‍ നിന്നുള്ള ഫോണ്‍ കോള്‍ എടുക്കാനായിരുന്നു Nicola സഞ്ചരിച്ച കാര്‍ റോഡ് സൈഡില്‍ നിര്‍ത്തിയത്. കാറിന്റെ പുറകിലെ സീറ്റിലായിരുന്നു Nicola.

അപകടത്തില്‍ Nicola-യുടെ കൂടെയുണ്ടായിരുന്ന അമ്മ, അമ്മായി എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

മോട്ടോര്‍വേകളില്‍ കാര്‍ നിര്‍ത്തുമ്പോള്‍ എന്ത് ചെയ്യണം?

ഇത്തരം അകടങ്ങള്‍ രാജ്യത്തെ മോട്ടോര്‍വേകളില്‍ തുടര്‍ക്കഥയാകുന്നതിനാല്‍, അതീവജാഗ്രത പാലിക്കാന്‍ യാത്രക്കാര്‍ തയ്യാറാകണം. നാട്ടിലെ റോഡ് സൈഡില്‍ നിര്‍ത്തുന്നത് പോലെ അയര്‍ലണ്ടിലെ മോട്ടോര്‍വേകളില്‍ വാഹനം നിര്‍ത്തുന്നത് അപകടത്തിന് കാരണമായേക്കാം. അതിവേഗത്തിലാണ് ഈ റോഡുകളിലൂടെ വാഹനങ്ങള്‍ പാഞ്ഞുവരികയെന്നതിനാല്‍, സൈഡില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ വന്നിടിക്കാന്‍ സാധ്യതയുണ്ട്.

അതിനാല്‍ വാഹനം ബ്രേക്ക് ഡൗണ്‍ ആയാലോ, അത്യാവശ്യമായി ഫോണ്‍ എടുക്കാനോ തുടങ്ങിയ എന്തെങ്കിലും ആവശ്യത്തിനായി മോട്ടോര്‍വേകളില്‍ വാഹനം നിര്‍ത്തിയാല്‍ Hard shoulder എന്നറിയപ്പെടുന്ന മഞ്ഞ വരയ്ക്ക് അപ്പുറം ഓരം ചേര്‍ന്ന് മാത്രം നിര്‍ത്തുക. ഉടന്‍ തന്നെ വാഹനത്തില്‍ നിന്നിറങ്ങി റോഡിന്റെ സൈഡിലേയ്ക്ക് മാറണം. ഒപ്പം വാഹനത്തില്‍ നിന്നും ഡോര്‍ തുറന്ന് ഇറങ്ങുമ്പോള്‍ റോഡിലൂടെ വരുന്ന മറ്റ് വാഹനങ്ങള്‍ വന്ന് ഇടിക്കാതിരിക്കാനും ശ്രദ്ധിക്കുക.

റോഡ് സൈഡില്‍ ബാരിക്കേഡ് ഉണ്ടെങ്കില്‍ ബാരിക്കേഡിന് അപ്പുറം പോയി നിന്ന് സുരക്ഷിതരാകണം. കഴിവതും ഹൈവേകളില്‍ നിര്‍ത്താതെ അനുവദനീയമായ പാര്‍ക്കിങ് സ്‌പേസില്‍ മാത്രം വാഹനം നിര്‍ത്തുന്നതാവും ഉചിതം.

Share this news

Leave a Reply

%d bloggers like this: