വമ്പൻ മാറ്റം: അയർലണ്ടിൽ 4 നിയോജകമണ്ഡലങ്ങൾ കൂടി രൂപീകരിക്കാനും, 14 TD-മാരെ കൂടി ഉൾപ്പെടുത്താനും നിർദ്ദേശം

അയര്‍ലണ്ടില്‍ പുതുതായി നാല് നിയോജമണ്ഡലങ്ങള്‍ രൂപീകരിക്കാനും, 14 അധിക TD സീറ്റുകള്‍ കൂടി ഉള്‍പ്പെടുത്താനും നിര്‍ദ്ദേശം മുന്നോട്ട് വച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍. ഇത് നടപ്പിലായാല്‍ അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ (Dáil Election) രാജ്യത്തെ 39 നിയോജനമണ്ഡലങ്ങള്‍ എന്നത് 43 ആകുകയും (Dáil constituencies), TD-മാരുടെ എണ്ണം 160-ല്‍ നിന്നും 174 ആയി ഉയരുകയും ചെയ്യും. ഒപ്പം ഓരോ TD-മാര്‍ക്കും വോട്ട് രേഖപ്പെടുത്തുന്ന സമ്മതിദായകരുടെ ശരാശരി എണ്ണം നിലവിലെ 32,182-ല്‍ നിന്നും 29,593-ലേയ്ക്ക് താഴുകയും ചെയ്യും.

Dublin Fingal നിയോജകമണ്ഡലം വിഭജിച്ച് Dublin Fingal East, Dublin Fingal West എന്നിങ്ങനെ രണ്ടാക്കി മൂന്ന് TD സീറ്റുകള്‍ കൂട്ടിച്ചേര്‍ക്കാനാണ് നിര്‍ദ്ദേശം. നിലവില്‍ ഇവിടെ ഒരു സീറ്റാണുള്ളത്.

Dublin Mid West-ല്‍ ഒരു സീറ്റ് കൂടി നിലവില്‍ വരുന്നതോടെ ആകെ സീറ്റുകളുടെ എണ്ണം അഞ്ചാകും. Dublin West-ലെയും സീറ്റുകള്‍ അഞ്ചാക്കി ഉയര്‍ത്തുകയും, Dublin Rathdown-ല്‍ നാലാക്കി ഉയര്‍ത്തുകയും ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്.

Wexford, Wicklow എന്നിവിടങ്ങള്‍ നാല് സീറ്റുകളുള്ള നിയോജനമണ്ഡലങ്ങളായി തുടരുമെങ്കിലും, പുതുതായി Wexford-Wicklow നിയോജകമണ്ഡലം രൂപീകരിച്ച് ഇവിടെ മൂന്ന് TD സീറ്റുകള്‍ നല്‍കും. ഇരു കൗണ്ടികളിലെയും തെക്ക്-വടക്ക് പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ നിയോജമണ്ഡലം രൂപീകരിക്കുക. Arklow, Gorey ടൗണുകള്‍ പുതിയ മണ്ഡലത്തിന്റെ ഭാഗമാകും.

Roscommon-Galway-ല്‍ നിന്നുമെടുക്കുന്ന ഒരു TD സീറ്റ് Galway East-ന് അധികമായി നല്‍കുകയും, Mayo-യ്ക്ക് ഒരു സീറ്റ് കൂടി നല്‍കുകയും ചെയ്യും. അതേസമയം Galway West അഞ്ച് TD സീറ്റുകളുള്ള മണ്ഡലമായി തുടരും.

Cork North Central, Cork South Central എന്നിവയിലെ TD സീറ്റുകള്‍ അഞ്ചായി വര്‍ദ്ധിപ്പിക്കുമ്പോള്‍, Laois-Offaly രണ്ട് മണ്ഡലങ്ങളായി വിഭജിച്ച് മൂന്ന് വീതം സീറ്റുകള്‍ നല്‍കും.

Tipperary-യും North, South എന്നിങ്ങനെ രണ്ടായി വിഭജിച്ച് മൂന്ന് സീറ്റുകള്‍ വീതം നല്‍കും.

രാജ്യത്തെ ജനസംഖ്യവര്‍ദ്ധിച്ചതോടെ നിയോജകമണ്ഡലങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്ന കാര്യം മുന്നില്‍ക്കണ്ടാണ് ഈ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിരിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ചെയര്‍പേഴ്‌സനായ സുപ്രീം കോടതി ജഡ്ജ് ജസ്റ്റിസ് മേരി ബേക്കര്‍ പറഞ്ഞു.

നിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കാനായി രാജ്യത്തെ നൂറുകണക്കിന് ആളുകള്‍, പാര്‍ട്ടികള്‍, സംഘടനകള്‍ എന്നിവര്‍ നല്‍കിയ ആശയങ്ങള്‍ക്കും, സംഭാവനകള്‍ക്കും അവര്‍ നന്ദിയറിയിക്കുകയും ചെയ്തു.

Share this news

Leave a Reply

%d bloggers like this: