വാട്ടർഫോർഡ്: ഗൃഹാതുര ഓർമ്മകൾ ഉണർത്തി ബാലിഗണ്ണർ GAA ക്ലബ്ബിൽ വച്ച് വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ (WMA) ഓണാഘോഷം വിപുലമായി ആഘോഷിച്ചു. ഏകദേശം എഴുന്നൂറിൽപരം അംഗങ്ങൾ പങ്കെടുത്ത ഓണാഘോഷം സംഘാടന മികവ് കൊണ്ട് ഏറെ ജനശ്രദ്ധ പിടിച്ചു പറ്റി. സെക്രട്ടറി നെൽവിൻ റാഫേൽ സ്വാഗതമാശംസിച്ച ചടങ്ങിൽ വാട്ടർഫോർഡ് യാക്കോബായ ഇടവക വികാരി ഫാ. ജോബി സ്കറിയ, വാട്ടർഫോർഡ് സീറോ മലബാർ ഇടവക വികാരി ഫാ.ജോമോൻ കാക്കനാട്ടും ഓണ സന്ദേശം നൽകി.
പ്രസിഡന്റ് അനൂപ് ജോൺ ആശംസകൾ അറിയിച്ചു. അത്തപ്പൂക്കളം, മാവേലി എഴുന്നള്ളത്ത്, ചെണ്ടമേളം, ഓണപ്പാട്ടുകൾ, തിരുവാതിര, വടം വലി, ഫാഷൻഷോ, കുട്ടികളുടേയും മുതിർന്നവരുടേയും വിവിധയിനം മത്സരങ്ങൾ തുടങ്ങി ഗൃഹാതുരത്വം ഉണർത്തിയ അനവധി മുഹൂർത്തങ്ങളിലൂടെയാണ് ഓണാഘോഷം കടന്നു പോയത്. നാവിൽ കൊതിയൂറും ഓണസദ്യ ഒരുക്കിയത് ഹോളിഗ്രയിൽ റെസ്റ്റോറൻ്റാണ്. വിവിധയിനം മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
WMA-യുടെ ഓണാഘോഷ പരിപാടികൾ വൻവിജയമാക്കിയ വാട്ടർഫോർഡ് നിവാസികളോട് കമ്മിറ്റി നന്ദി അറിയിച്ചു.