ദ്രോഗഡ: അയർലൻഡ് ദ്രോഗഡ ഇന്ത്യൻ അസോസിയേഷന്റെ (DMA) ‘ഒന്നിച്ചോണം പൊന്നോണം’ വർണ്ണാഭമായി. അയർലൻഡിലെ ഇന്ത്യൻ അംബാസിഡർ അഖിലേഷ് മിശ്ര ഉദ്ഘാടനം ചെയ്ത ഓണാഘോഷത്തിൽ കേരളീയ വേഷം ധരിച്ചാണ് ഐറിഷ് അതിഥികളായ പാർലമെന്റ് അംഗം ജെഡ് നാഷ്, ഔർ ലേഡി ലൂർദ് ഹോസ്പിറ്റൽ ഡയറക്ടർ ഓഫ് നഴ്സ് അഡ്രിയാൻ ക്ലെയറി എന്നിവർ എത്തിയത്. ഇവരെ കൂടാതെ ദ്രോഗഡ മേയർ ഐലീൻ ടുള്ളി ഉൾപ്പെടെയുള്ള പ്രമുഖർ ഓണാഘോഷത്തിൽ പങ്കെടുത്തു.







രാവിലെ 10 മുതൽ രാത്രി 11 വരെനീണ്ടു നിന്ന ഡിഎംഎ ഓണാഘോഷത്തിൽ നൂറു കണക്കിന് മലയാളികൾ കുടുംബസമേതമാണ് പങ്കെടുത്തത്. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള കലാ കായിക മത്സരങ്ങൾ, സ്ത്രീകളും പുരുഷന്മാരും പങ്കെടുത്ത വടം വലി, തിരുവാതിര, സിനിമാറ്റിക് ഡാൻസ്, ലൈവ് ബാൻഡ് എന്നിവ ഓണാഘോഷങ്ങൾക്ക് മിഴിവേകി. അഞ്ഞൂറിൽപ്പരം ആളുകൾക്ക് ഉച്ചയ്ക്ക് വിഭവ സമൃദമായ ഓണസദ്യ നൽകിയതും, വൈകിട്ട് 4.30 മുതൽ 8 വരെ ലൈവ് നാടൻ ചായക്കട ഒരുക്കിയതും ഏറെ ശ്രദ്ധേയമായി.
ഓണാഘോഷങ്ങളോട് അനുബന്ധിച്ച് റാഫിൾ ടിക്കറ്റിന്റെ നറുക്കെടുപ്പും സമ്മാന വിതരണവും നടന്നു. ഓണാഘോഷ പരിപാടികൾക്ക് ഡിഎംഎ ഭാരവാഹികളായ എമി സെബാസ്റ്റ്യന്‍, ബേസില്‍ എബ്രഹാം, അനില്‍ മാത്യു, സില്‍വസ്റ്റര്‍ ജോണ്‍, ഡിനു ജോസ്, ഡോണി തോമസ്, ബിജോ പാമ്പക്കല്‍, വിജേഷ് ആന്റണി, ജുഗല്‍ ജോസ്, യേശുദാസ് ദേവസി, ബിജു വര്‍ഗീസ് എന്നിവർ നേതൃത്വം നൽകി.