ഉപദേശം കൊണ്ടും കാര്യമില്ല; അയർലണ്ടിലെ National Slow Down Day-ൽ പിടിയിലായത് 850 ഡ്രൈവർമാർ

അയര്‍ലണ്ടില്‍ റോഡപകടമരണങ്ങള്‍ വലിയ രീതിയില്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് ഗാര്‍ഡ തിങ്കളാഴ്ച നടത്തിയ 24 മണിക്കൂര്‍ National Slow Down Day-ല്‍ അമിതവേഗതയ്ക്ക് പിടിയിലായത് 865 ഡ്രൈവര്‍മാര്‍. അമിതവേഗമാണ് മിക്ക അപകടങ്ങള്‍ക്കും കാരണമാകുന്നതെന്ന് ബോധവല്‍ക്കരിക്കാനായി നടത്തിയ ദിനാചരണത്തിലാണ് ഇത്രയും ഡ്രൈവര്‍മാര്‍ പിടിയിലാകുന്നത്.

പിടിക്കപ്പെട്ട എല്ലാവരും പിഴയായി 160 യൂറോ വീതം അടയ്ക്കണം. ഒപ്പം ഇവരുടെ ലൈസന്‍സില്‍ മൂന്ന് പെനാല്‍റ്റി പോയിന്റുകള്‍ ചേര്‍ക്കുകയും ചെയ്യും.

ഞായറാഴ്ച വരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് ഈ വര്‍ഷമുണ്ടായ റോഡപകടമരണങ്ങള്‍ 127 ആണ്. ഓഗസ്റ്റ് മാസത്തില്‍ മാത്രം 25 പേര്‍ കൊല്ലപ്പെട്ടു. ആകെ മരിച്ചവരില്‍ മൂന്നില്‍ ഒന്നും 25-ന് വയസിന് താഴെയുള്ളവരും, നാലില്‍ ഒന്ന് കാല്‍നടയാത്രക്കാരുമാണ്.

റോഡിലെ സ്ഥിതി വഷളായതോടെ വേഗത പരിശോധനാ ക്യാമറകളുടെ എണ്ണം 20% വര്‍ദ്ധിപ്പിക്കുമെന്ന് നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനായി 1.2 മില്യണ്‍ യൂറോ അധികമായി വകയിരുത്തും.

ഇതിന് പുറമെ രാജ്യത്തെ വിവിധ റോഡുകളിലായി വാഹനങ്ങളുടെ പരമാവധി അനുവദനീയ വേഗം കുറയ്ക്കുന്നതടക്കമുള്ള നടപടികളിലേയ്ക്ക് സര്‍ക്കാര്‍ കടക്കുന്നതായാണ് വിവരം.

Share this news

Leave a Reply

%d bloggers like this: