അയർലണ്ടിൽ പണപ്പെരുപ്പം വീണ്ടുമുയർന്നു; മോർട്ട്ഗേജ് തിരിച്ചടവിൽ പകുതിയിലധികം വർദ്ധന

അയര്‍ലണ്ടിലെ പണപ്പെരുപ്പം വീണ്ടും ഉയര്‍ന്നു. Central Statistics Office (CSO)-ന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ഓഗസ്റ്റ് വരെയുള്ള ഒരു വര്‍ഷത്തിനിടെ രാജ്യത്തെ Consumer Price Index (CPI), 6.3% ആണ് ഉയര്‍ന്നത്. ജൂലൈ വരെയുള്ള 12 മാസത്തിനിടെ 5.8% ആയിരുന്നു വര്‍ദ്ധന.

ജൂലൈയില്‍ നിന്നും ഓഗസ്റ്റിലേയ്ക്ക് എത്തുമ്പോള്‍ CPI, 0.7% ആണ് വര്‍ദ്ധിച്ചത്. ഉപഭോക്താക്കള്‍ സാധനങ്ങള്‍ക്കും, സേവനങ്ങള്‍ക്കുമായി ചെലവിടുന്ന ശരാശരി തുകയാണ് Consumer Price Index (CPI) എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇത് കൂടുന്ന പക്ഷം പണപ്പെരുപ്പം വര്‍ദ്ധിക്കുന്നുവെന്ന് മനസിലാക്കാം.

അയര്‍ലണ്ടില്‍ തുടര്‍ച്ചയായി 23-ആമത്തെ മാസമാണ് വാര്‍ഷിക CPI, 5 ശതമാനത്തിന് മുകളില്‍ ഉയരുന്നതെന്ന് CSO വ്യക്തമാക്കി.

2021 ഏപ്രില്‍ മുതല്‍ രാജ്യത്ത് വിലക്കയറ്റം അനുഭവപ്പെടുന്നുണ്ടെന്ന് പറഞ്ഞ CSO, ഒരു വര്‍ഷത്തിനിടെ (2022 ഓഗസ്റ്റ്- 2023 ഓഗസ്റ്റ്) ഏറ്റവുമധികം വില വര്‍ദ്ധിച്ചത് വീടുകള്‍, വെള്ളം, വൈദ്യുതി, ഗ്യാസ്, മറ്റ് ഇന്ധനങ്ങള്‍ എന്നിവയ്ക്കാണെന്നും കൂട്ടിച്ചേര്‍ത്തു. ശരാശരി 17.3% ആണ് ഇവയുടെ വില വര്‍ദ്ധന.

ഇതിന് പുറമെ മോര്‍ട്ട്‌ഗേജ് തിരിച്ചടവുകളുടെ നിരക്ക് 51.3% ഉയര്‍ന്നിട്ടുണ്ട്. അവധിക്കാല പാക്കേജുകള്‍ക്കായി ചെലവിടേണ്ട തുക ഒരു വര്‍ഷത്തിനിടെ 57.9% വര്‍ദ്ധിച്ചു. വളര്‍ത്തുമൃഗങ്ങളുമായി ബന്ധപ്പെട്ട ചെലവുകള്‍ 13 ശതമാനവും കൂടിയിട്ടുണ്ട്.

അതേസമയം ഒരു വര്‍ഷത്തിനിടെ വിദ്യാഭ്യാസച്ചെലവ് 6.3 ശതമാനവും, ഗതാഗതച്ചെലവ് 2 ശതമാനവും കുറഞ്ഞു.

Share this news

Leave a Reply

%d bloggers like this: