അയർലണ്ടിൽ ഗാർഡയിറങ്ങും, ബോഡി ക്യാമറകളുമായി!

അയര്‍ലണ്ടിലെ ഗാര്‍ഡ ഉദ്യോഗസ്ഥര്‍ ശരീരത്തില്‍ ഘടിപ്പിക്കാവുന്ന ക്യാമറകളുടെ (body cameras) ഉപയോഗം 2025 മുതല്‍ ആരംഭിക്കും. ഇതിന് മുന്നോടിയായി 2024 മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇവ ഉപയോഗിച്ചുതുടങ്ങാനും തീരുമാനമായി.

ഗാര്‍ഡ ഉദ്യോഗസ്ഥരുടെ ശരീരത്തില്‍ ഘടിപ്പിച്ചിട്ടുള്ള ഭാരം കുറഞ്ഞ ഈ ചെറിയ ക്യാമറ പുറമെ നിന്ന് നോക്കുന്നവര്‍ക്കും കാണാവുന്ന തരത്തിലാണ് ഉണ്ടാകുക. ക്യാമറയിലെ തന്നെ ഇന്റേണല്‍ മെമ്മറിയില്‍ ദൃശ്യങ്ങള്‍ സ്‌റ്റോര്‍ ചെയ്യുകയും, ഡ്യൂട്ടി കഴിഞ്ഞ് സ്‌റ്റേഷനിലെത്തുമ്പോള്‍ അവിടുത്തെ സെര്‍വറിലേയ്ക്ക് മാറ്റുകയും ചെയ്യും.

ഈ ദൃശ്യങ്ങള്‍ പിന്നീട് കേസന്വേഷണത്തില്‍ തെളിവുകളായി ഉപയോഗിക്കാവുന്നതാണ്. അതേസമയം തെളിവുകളായി ഉപയോഗിക്കേണ്ടതില്ലാത്ത ദൃശ്യങ്ങള്‍ ഒരു സമയം കഴിഞ്ഞാല്‍ ഡിലീറ്റ് ചെയ്യുകയും ചെയ്യും.

പൊതുഇടത്തില്‍ ഉപയോഗിക്കുന്നതിന് മുമ്പായി ക്യാമറ ഉപയോഗം സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കുമെന്നും, ബന്ധപ്പെട്ട എല്ലാവരുമായും അത് ചര്‍ച്ച ചെയ്യുമെന്നും ഗാര്‍ഡ വ്യക്തമാക്കിയിട്ടുണ്ട്.

ഇത്തരം ക്യാമറകള്‍ വഴി പകര്‍ത്തുന്ന ദൃശ്യങ്ങളില്‍ നിന്നും ആളുകളുടെ മുഖം തിരിച്ചറിയാനുള്ള സാങ്കേതികവിദ്യ (face recognition technology) ഉപയോഗിക്കാന്‍ അയര്‍ലണ്ടില്‍ നിലവിലെ നിയമങ്ങള്‍ അനുവദിക്കുന്നില്ല. എന്നാല്‍ നിയമഭേദഗതി വരുത്തമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

ഇന്നത്തെ കാലത്ത് ഡിജിറ്റല്‍ സംവിധാനങ്ങള്‍ കാര്യക്ഷമമായി ഉപയോഗിക്കുന്നത് ജനങ്ങളുടെ സുരക്ഷയ്ക്ക് സഹായകമാകുമെന്നും, എല്ലാത്തിനും കൃത്യമായി രേഖകളുണ്ടാകുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും Garda Chief Information Officer ആയ Andrew O Sullivan പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: