ഗാർഡ കമ്മീഷണർക്കെതിരെ അവിശ്വാസ വോട്ടെടുപ്പ് പാസായി; ഹാരിസ് രാജി വയ്ക്കുമോ?

അയര്‍ലണ്ടിലെ ഗാര്‍ഡ കമ്മിഷണറായ Drew Harris-നെതിരെ അവിശ്വാസ വോട്ടെടുപ്പ് പാസാക്കി Garda Representative Association (GRA). അസോസിയേഷനിലെ സാധാരണക്കാരായ ഗാര്‍ഡ ഉദ്യോഗസ്ഥരാണ് 98.7% ഭൂരിപക്ഷത്തോടെ ഹാരിസിനെതിരെ വോട്ടെടുപ്പ് പാസാക്കിയത്.

ആകെ 10,803 ബാലറ്റുകള്‍ നല്‍കിയതില്‍ 9,129 ബാലറ്റുകളിലാണ് ശരിയായി വോട്ട് രേഖപ്പെടുത്തിയത്. ഇതില്‍ 9,013 പേരും കമ്മിഷണര്‍ക്ക് എതിരായി വോട്ട് രേഖപ്പെടുത്തിയപ്പോള്‍, 116 പേര്‍ മാത്രമാണ് അനുകൂലവോട്ട് രേഖപ്പെടുത്തിയത്.

രാജ്യത്തെ പൊലീസിങ് മുന്നോട്ട് പോകുന്നതില്‍ തങ്ങള്‍ക്ക് വിശ്വാസമില്ലെന്നതിന് വ്യക്തമായ തെളിവാണ് ഇതിലൂടെ ലഭിക്കുന്നതെന്ന് GRA ജനറല്‍ സെക്രട്ടറിയായ Ronan Slevin പറഞ്ഞു. അതിനാല്‍ ഇനി നടപടിയെടുക്കേണ്ടത് സര്‍ക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

14,000 പേര്‍ അംഗമായ ഗാര്‍ഡ സേനയിലെ 11,000-ഓളം സാധാരണക്കാരായ ഉദ്യോഗസ്ഥരാണ് GRA-യില്‍ അംഗങ്ങളായിട്ടുള്ളത്.

GRA വോട്ടെടുപ്പിന് നിയമസാധുതയോ, കമ്മിഷണറെ രാജിവെപ്പിക്കാനുള്ള അധികാരമോ ഇല്ലെങ്കിലും, സേനയ്ക്ക് തങ്ങളുടെ മേധാവിയില്‍ വിശ്വാസമില്ലാതായി എന്നത് ആഭ്യന്തരകലഹത്തിന് വഴിവച്ചേക്കുമെന്ന് സര്‍ക്കാരും, ഗാര്‍ഡ ഹെഡ്ക്വാര്‍ട്ടേഴ്‌സും ഭയപ്പെടുന്നുണ്ട്. വിവിധതരത്തിലുള്ള സമരമുറകളിലേയ്ക്ക് ഗാര്‍ഡ അംഗങ്ങള്‍ കടക്കാനും സാധ്യതയുണ്ട്.

നിലവിലെ ജോലിസമയം മാറ്റാനുള്ള ഗാര്‍ഡ മാനേജ്‌മെന്റിന്റെ തീരുമാനത്തിന് പിന്നാലെയാണ് അവിശ്വാസവോട്ടെടുപ്പ് നടന്നത്. കോവിഡ് നിയന്ത്രണമായി കൊണ്ടുവന്ന നാല് ദിവസം തുടര്‍ച്ചയായി 12 മണിക്കൂര്‍ ഡ്യൂട്ടിയോ, അവധിയോ നല്‍കുന്ന നിലവിലെ രീതി തുടരണമെന്നാണ് GRA പറയുന്നത്. അതേസമയം ഇത് മാറ്റി കോവിഡിന് മുമ്പുള്ള ഡ്യൂട്ടി സമയക്രമത്തിലേയ്ക്ക് നവംബര്‍ 6 മുതല്‍ തിരികെ പോകുമെന്ന് കമ്മിഷണര്‍ ഹാരിസ് പ്രഖ്യാപിച്ചിരുന്നു.

അതേസമയം അവിശ്വാസവോട്ടെടുപ്പിനെ വിമര്‍ശിച്ച പ്രധാനമന്ത്രി ലിയോ വരദ്കര്‍, ഹാരിസിന് മേല്‍ സര്‍ക്കാരിന് പൂര്‍ണ്ണവിശ്വാസമുണ്ടെന്ന് വ്യക്തമാക്കി. ഗാര്‍ഡയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം നടത്തുമെന്ന് പറഞ്ഞ വരദ്കര്‍, സമയക്രമത്തിന്റെ പ്രശ്‌നത്തില്‍ ഗാര്‍ഡ അംഗങ്ങള്‍ Workplace Relations Commission-മായാണ് ചര്‍ച്ച നടത്തേണ്ടതെന്നും പറഞ്ഞു.

പഴയ സമയക്രമം കുടുംബവുമായി കൂടുതല്‍ സമയംചെലവഴിക്കാന്‍ ഉതകുന്നതാണെന്നും വരദ്കര്‍ അഭിപ്രായപ്പെട്ടു. ഗാര്‍ഡ അംഗങ്ങളെ ആവശ്യമായ സമയത്ത് ലഭിക്കുന്ന തരത്തിലാണ് പഴയ സമയക്രമമെന്നും, അതാണ് പൊതുജനങ്ങള്‍ക്കും വേണ്ടതെന്നും അദ്ദേഹം പറഞ്ഞ വരദ്കര്‍, ഇക്കാര്യത്തില്‍ ഒത്തുതീര്‍പ്പിന് ഇടമുണ്ടെന്നും, പക്ഷേ അവിശ്വാസവോട്ടെടുപ്പല്ല ഒത്തുതീര്‍പ്പെന്നും വിമര്‍ശനവുമുയര്‍ത്തി.

Share this news

Leave a Reply

%d bloggers like this: