ഐഫോൺ 12 കൂടുതൽ റേഡിയേഷൻ പുറത്തുവിടുന്നു; വിൽപ്പന നിർത്തിച്ച് ഫ്രാൻസ്

ഐഫോണ്‍ 12 പുറത്തുവിടുന്ന റേഡിയേഷന്‍ പരിധിയിലധികമാണെന്നും, രാജ്യത്ത് ഈ മോഡലിന്റെ വില്‍പ്പന കമ്പനി നിര്‍ത്തണമെന്നും ഫ്രാന്‍സ്. ഫ്രഞ്ച് സര്‍ക്കാരിന് കീഴിലുള്ള ദി നാഷണല്‍ ഫ്രീക്വന്‍സി ഏജന്‍സിയാണ് (ANFR) ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഒപ്പം ഈ തകരാര്‍ പരിഹരിക്കാനുള്ള നടപടികള്‍ എത്രയും പെട്ടെന്ന് കൈക്കൊള്ളണമെന്നും രാജ്യത്തെ റേഡിയേഷന്‍ നിരീക്ഷണ ഏജന്‍സിയായ ANFR ആപ്പിളിനോട് ആവശ്യപ്പെട്ടു.

ഐഫോണ്‍ 12-ല്‍ നടത്തിയ അപ്‌ഡേഷന്‍ പരിശോധിക്കുമെന്ന് പറഞ്ഞ ഏജന്‍സി, റേഡിയേഷന്‍ പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ഫ്രാന്‍സില്‍ വിറ്റ ഫോണുകള്‍ തിരിച്ചെടുക്കേണ്ടിവരുമെന്ന് കമ്പനിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ രാജ്യത്ത് ഈ മോഡല്‍ വില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കാനായി ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.

ഫോണിന്റെ സ്‌പെസിഫിക് അബ്‌സോര്‍ബ്ഷന്‍ റേറ്റ് (SAR Value) എത്രയെന്ന് പരിശോധിച്ചാണ് അപകടരമായ രീതിയില്‍ റേഡിയേഷന്‍ പുറത്തുവിടുന്നുണ്ടോ എന്ന് കണ്ടെത്തുന്നത്. കയ്യിലോ പോക്കറ്റിലോ വയ്ക്കുന്ന ഫോണില്‍ നിന്നുള്ള വൈദ്യുതകാന്തിക തരംഗങ്ങള്‍ മനുഷ്യശരീരം എത്രത്തോളം ആഗിരണം ചെയ്യുന്നു എന്നതിന്റെ തോതുവച്ചാണ് റേഡിയേഷന്‍ നിലവാരം തീരുമാനിക്കുന്നത്.

പോക്കറ്റിലോ, കൈയിലെ സൂക്ഷിക്കുന്ന ഐഫോണ്‍ 12-ന്റെ SAR വാല്യൂ 5.74 ആണെന്ന് ഏജന്‍സി കണ്ടെത്തി. എന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ നിഷ്‌കര്‍ഷിക്കുന്ന പരമാവധി അളവ് 4.0 ആണ്.

അതേസമയം ഐഫോണ്‍ 12 സൂക്ഷിക്കുന്നത് ജാക്കറ്റിലോ, ബാഗിലോ ആണെങ്കില്‍ ഇത്രയധികം റേഡിയേഷനുണ്ടാകില്ലെന്നും, ഇയു അനുവദിച്ചിരിക്കുന്ന പരിധിക്ക് ഉള്ളിലാണെന്നും ഏജന്‍സി വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: