അയര്‍ലണ്ടില്‍ വൈദ്യുതിക്കും, ഗ്യാസിനും വില കുറയ്ക്കുന്ന അഞ്ചാമത്തെ കമ്പനിയായി PrepayPower. Electric Ireland, Energia, Pinergy, SSE Airtricity എന്നീ കമ്പനികള്‍ ഈയിടെ ഊര്‍ജ്ജവില കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
നവംബര്‍ 1 മുതല്‍ വൈദ്യുതിക്ക് 12.8 ശതമാനവും, ഗ്യാസിന് 13.5 ശതമാനവും വില കുറയ്ക്കുമെന്നാണ് PrepayPower അറിയിച്ചിരിക്കുന്നത്. തങ്ങളുടെ വൈദ്യുതി, ഗ്യാസ് സേവനങ്ങള്‍ രണ്ടും ഉപയോഗിക്കുന്ന വീട്ടുകാര്‍ക്ക് വിലക്കുറവ് സംഭവിക്കുന്നതോടെ വര്‍ഷം 435 യൂറോ ശരാശരി ലാഭമുണ്ടാകുമെന്ന് കമ്പനി പറഞ്ഞു.
ഊര്‍ജ്ജത്തിന്റെ ഉപയോഗത്തിനൊപ്പം പണം നല്‍കാവുന്ന (pay-as-you-go) അയര്‍ലണ്ടിലെ ഏറ്റവും വലിയ കമ്പനിയാണ് PrepayPower. 180,000 ഉപഭോക്താക്കളാണ് കമ്പനിക്കുള്ളത്.
അതേസമയം രാജ്യത്തെ ഊര്‍ജ്ജകമ്പനികള്‍ കൂടുതല്‍ വില കുറയ്ക്കാന്‍ തയ്യാറാകണമെന്ന് പ്രധാനമന്ത്രി ലിയോ വരദ്കര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.